World

2020ലെ പ്രചാരണ മുദ്രാവാക്യം പരസ്യപ്പെടുത്തി ട്രംപ്

2020ലെ പ്രചാരണ മുദ്രാവാക്യം പരസ്യപ്പെടുത്തി ട്രംപ്
X
വാഷിങ്ടണ്‍: 2020ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തന്റെ രണ്ടാം അങ്കം സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രചാരണത്തിനുള്ള മുദ്രാവാക്യം പ്രഖ്യാപിച്ചു. അമേരിക്കയെ മഹത്തരമായി നിലനിര്‍ത്തും (കീപ് അമേരിക്ക ഗ്രേറ്റ്) എന്നതാണ് ട്രംപിന്റെ മുദ്രാവാക്യം. പെന്‍സില്‍വാനിയയില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി റിക്ക് സക്കേണിന്റെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയെ വീണ്ടും മഹത്തരമാക്കും എന്ന തന്റെ മുമ്പത്തെ മുദ്രാവാക്യം ഇനി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



അധികാരമേറ്റ് 13 മാസം പൂര്‍ത്തിയാക്കിയ ഉടനാണ് ട്രംപ് തന്റെ രണ്ടാമൂഴത്തിനു പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ബ്രാഡ് പാര്‍സ്‌കേല്‍ ആണ് പ്രചാരണ മേധാവി. ദീര്‍ഘകാലമായി ട്രംപിന്റെ  സ്ഥാപനങ്ങളില്‍  ഉദ്യോഗസ്ഥനായിരുന്ന പാര്‍സ്‌കേല്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്നു. അധികാരത്തിലെത്തി ഒരുമാസം പൂര്‍ത്തിയാക്കിയ ഉടന്‍ താന്‍ രണ്ടാമങ്കത്തിനിറങ്ങുമെന്നു ട്രംപ് സൂചിപ്പിച്ചിരുന്നു. 2020ല്‍ ടെലിവിഷന്‍ താരം ഓപ്ര വിന്‍ഫ്രിയുമായി മല്‍സരിക്കാനാണു താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
പുതിയ നികുതിനയം ന്യായീകരിക്കാനും ട്രംപ് സമയം കണ്ടെത്തി. മയക്കുമരുന്ന് മാഫിയാ നേതാക്കള്‍ക്കു വധശിക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അവര്‍ ആയിരക്കണക്കിനു പേരുടെ മരണത്തിന് ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് നേതാക്കള്‍ക്കെതിരേ ശക്തമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ചു.
Next Story

RELATED STORIES

Share it