thrissur local

2019 മാര്‍ച്ചോടെ എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്ന് മന്ത്രി

തൃശൂര്‍: 2019 മാര്‍ച്ചോടു കൂടി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്‍പി., യുപി സ്‌കൂളുകള്‍ കൂടി ഈ വര്‍ഷം ഹൈടെക് ആക്കി മാറ്റും. എല്ലാ സ്‌കൂളുകളും ഓഫീസുകളും ഹൈടെക് ആക്കി മാറ്റുന്നതോടെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. സര്‍ക്കാര്‍ സ്‌കൂളുകളേയും എയ്ഡഡ് സ്‌കൂളുകളേയും ഒരുപോലെ കണക്കാക്കി ധനസഹായം നല്‍കും. ജനകീയ വിദ്യാഭ്യാസത്തില്‍ കേരളം ലോകത്തിന് തന്നെ മാതൃകയായി മാറും. അധ്യാപകരെപോലെ അനധ്യാപകര്‍ക്കും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം ഉയര്‍ത്താനായത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതുകൊണ്ടും ഈ രംഗത്ത് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടുമാണെന്നും മന്ത്രി വ്യക്തമാക്കി.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായിരുന്നു. സംഘടനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. മേയര്‍ അജിതാ ജയരാജന്‍, മുരളി പെരുനെല്ലി എംഎല്‍എ, ഡിവിഷന്‍ കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ വി മധു സംസാരിച്ചു.
Next Story

RELATED STORIES

Share it