Flash News

2019 അണ്ടര്‍ 20 ലോകകപ്പ് ഇന്ത്യയില്‍?



കൊല്‍ക്കത്ത: ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഗംഭീരമാക്കിയ ഇന്ത്യയില്‍ 2019ലെ അണ്ടര്‍ 20 ലോകകപ്പ് സംഘടിപ്പിച്ചേക്കുമെന്ന് സൂചന. ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടായേക്കുമെന്ന് അധികൃതരെ ഉദ്ദരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ കാണികള്‍ മല്‍സരം വീക്ഷിക്കാനെത്തിയത് ഇന്ത്യയിലാണ്. അതിനാല്‍ 2019ലെ ലോകകപ്പ് ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ ഫിഫയ്ക്ക് എതിര്‍പ്പുണ്ടാവാനിടയില്ല. അതേസമയം, ഒരു രാജ്യത്ത് തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ ഫിഫ സംഘടിപ്പിക്കാറില്ലെങ്കിലും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും പ്രാദേശിക സംഘാടക സമിതി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിനിടെ, ഇന്ത്യയിലെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെ പ്രകീര്‍ത്തിച്ചു. ഇന്ത്യ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ രാഷ്ട്രമായെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പ് വന്‍വിജയമാക്കിയ ഇന്ത്യക്കാരോട് നന്ദി പറയുന്നു. ഇവിടെയെത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷം- ലോകകപ്പ് ഫൈനലിനും ഫിഫ കൗണ്‍സില്‍ യോഗത്തിനും പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ ഇന്‍ഫാന്റിനോ പറഞ്ഞു. നാളെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും എത്തും. ജിയോനി ഇന്‍ഫാന്റിനോയ്‌ക്കൊപ്പം ഇവരെക്കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫൈനല്‍ മല്‍സരത്തില്‍ സന്നിഹിതയാവും.
Next Story

RELATED STORIES

Share it