2018 ലോകകപ്പ്, 2019 ഏഷ്യാകപ്പ് യോഗ്യതാമല്‍സരം 29ന്

കൊച്ചി: 2018 റഷ്യ ലോകകപ്പിനും 2019ലെ ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുമുള്ള ഇന്ത്യയുടെ അവസാന പ്രിലിമിനറി യോഗ്യതാമല്‍സരം 29ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. തുര്‍ക്ക്‌മെനിസ്താനാണ് എതിരാളി. വൈകീട്ട് ആറിനാണ് കിക്കോഫ്.
24ന് തെഹ്‌റാനില്‍ നടക്കുന്ന ഇറാനെതിരായ മല്‍സരശേഷം ഇന്ത്യന്‍ ടീം നേരിട്ട് കൊച്ചിയിലെത്തും. ദുബയില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ നിന്നായിരിക്കും തുര്‍ക്ക്‌മെനിസ്താന്‍ ടീമെത്തുക. ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട ഇന്ത്യ കഴിഞ്ഞ ആറു മല്‍സരങ്ങളില്‍ അഞ്ചിലും തോറ്റ് മൂന്നു പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്. അഞ്ചു ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് തുര്‍ക്ക്‌മെനിസ്താന്‍. ഒക്‌ടോബറില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ തുര്‍ക്ക്‌മെനിസ്താന്‍ ഇന്ത്യയെ 2-1നു തോല്‍പിച്ചിരുന്നു.
മല്‍സരത്തിനുള്ള ടിക്കറ്റ് വി ല്‍പന നാളെ തുടങ്ങും. ഫിഫ നിര്‍ദേശപ്രകാരം ഗാലറികള്‍ ഒഴിച്ചിട്ട് ചെയര്‍ സീറ്റുകളിലേക്കു മാത്രമായിരിക്കും കാണികള്‍ക്കു പ്രവേശനം. വിഐപി, ഗേറ്റ് എ-500, ഗേറ്റ് ഇ, ഈസ്റ്റ് എന്‍ഡ്-200, നോര്‍ത്ത് ആന്റ് സൗത്ത് എന്‍ഡ്-100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയായിരിക്കും ടിക്കറ്റ് വില്‍പന. ആകെ 22,000 ചെയര്‍ സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഗാലറി സീറ്റുകളില്‍ കൂടി പ്രവേശനം അനുവദിക്കണമെന്ന് എഐഎഫ്എഫിനോട് ആവശ്യപ്പെടുമെന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം ഐഎസ്എ ല്‍ മാതൃകയിലുള്ള കേരള സൂപ്പര്‍ ലീഗ് (കെഎസ്എല്‍) ഫുട്‌ബോളിന്റെ ആദ്യ സീസണ്‍ സപ്തംബര്‍-ഒക്‌ടോബര്‍ മാസത്തില്‍ നടക്കുമെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. സംഘാടകരായ സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ചുമതലയുള്ളതു കൊണ്ടാണ് നേരത്തേ നിശ്ചയിച്ചപ്രകാരം മല്‍സരങ്ങള്‍ നടക്കാത്തത്. മല്‍സരത്തിനുള്ള ഫ്രാഞ്ചൈസികളുടെയും താരങ്ങളുടെ ലേലത്തിന്റെയും പ്രഖ്യാപനം പിന്നീടുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it