palakkad local

2018 ബജറ്റ് @ പാലക്കാട്

സ്വന്തം പ്രതിനിധി

പാലക്കാട്: മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പാലക്കാട് ജില്ലയ്ക്ക് വേണ്ടത്ര പരിഗണനയില്ല. രണ്ടാം വിള നെല്ല് സംഭരണം ആരംഭിക്കാനിരിക്കെ ഈ മേഖലയിലും ജലക്ഷാമം പരിഗണിച്ച് കുടിവെള്ള പദ്ധതികള്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മാത്രവുമല്ല. ചെറുകിട വ്യവസായ മേഖലിയിലും പാലക്കാടിനെ വേണ്ടപോലെ ഉള്‍പ്പെടുത്താന്‍ സാമ്പത്തിക പ്രതസന്ധിയ്ക്കിടെ അവതരിപ്പിച്ച ബജറ്റിന് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ മന്ത്രി തോമസ് ഐസക് തന്നെ പ്രഖ്യാപിച്ച നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കാനിവില്ലെന്ന് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ കുറ്റസമ്മതം നടത്തി. നേരത്തെ കേന്ദ്രസര്‍ക്കാര്‍ നെല്‍കൃഷി സബ്‌സിഡിക്കായി നല്‍കിയ സാമ്പത്തി സഹായം നിര്‍ത്തലാക്കിയതു കാരണമാണ് നെല്‍വയലുകള്‍ക്ക് റോയല്‍റ്റിയെന്ന കര്‍ഷകര്‍ക്ക് ആശ്വസകരമാവുമായിരുന്ന പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നെല്‍വയലുകള്‍ തരിശിടുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പറയുന്ന മന്ത്രി പക്ഷേ അവര്‍ക്കായുള്ള മറ്റു സഹായ പദ്ധതികളൊന്നും കാര്യമായി പ്രഖ്യാപിച്ചിട്ടില്ല. തരിശ് ഭൂമി കൃഷിയിറക്കുന്നതിന് പൊതുവായി 12കോടി വകയിരുത്തിയിട്ടുണ്ട്. കൂടാതെ നിള പുനരുജ്ജീവന പദ്ധതിക്ക് അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം-പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും പട്ടാമ്പിയില്‍ ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് നിള പുനരുജ്ജീവന പദ്ധതി. ഇറിഗേഷന്‍ വകുപ്പ് പരിശോധിച്ച ശേഷമായിരിക്കും ഇതിന് അനുമതി നല്‍കുക.തമിഴ്‌നാടുമായി ജലത്തര്‍ക്കം സജീവമാവുന്ന പാലക്കാട്ട്, ഇന്റര്‍‌സ്റ്റേറ്റ് വാട്ടര്‍ ഹബ്ബിന് വേണ്ടി പ്രത്യേക സമുച്ചയം നിര്‍മിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. എന്നാല്‍, ഇതിനായി എത്ര തുക വകമാറ്റിയിട്ടുണ്ടെന്ന് പ്രത്യേകം പറയുന്നില്ല. പാലക്കാട് കുത്തന്നൂര്‍ പഞ്ചായത്തില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും എക്‌സൈസ് വകുപ്പിന് കീഴില്‍ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡി അഡിക്്ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.ബജറ്റില്‍ പൊതുവായി പരാമര്‍ശിച്ച മെഡിക്കല്‍ കോളജുകളില്‍ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങുമെന്ന പ്രഖ്യാപനം പാലക്കാട് മെഡിക്കല്‍ കോളജിനും ലഭിക്കുന്നത് ജില്ലയ്ക്ക് ഏറെ ഗുണകരമാവും. അതു പോലെ ജില്ലാ ആശുപത്രികളില്‍ കാത്ത്‌ലാബ്, ഓപറേഷന്‍ സൗകര്യത്തോടെ കാര്‍ഡിയോളജി വിഭാഗവും താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും മുതല്‍കൂട്ടാവും. ജില്ലയിലെ ഒരു പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂളും തുടങ്ങും. പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോഴിവളര്‍ത്തല്‍ യൂനിറ്റ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ഗുണകരമാവും.എങ്കിലും നിര്‍മാണം നടന്നുവരുന്ന പാലക്കാട് മെഡിക്കല്‍ കോളജിന് പ്രത്യേക സാമ്പത്തിക പരിഗണന ലഭിക്കാത്തതും കഞ്ചിക്കോട് വ്യവസായ മേഖലയെ പരിഗണിക്കാത്തതുമടക്കം വിലയിരുത്തുമ്പോള്‍, ബജറ്റ് ജില്ലയ്ക്ക് നിരാശജനകമാണെന്ന് പറയേണ്ടിവരും.
Next Story

RELATED STORIES

Share it