Flash News

2017-18 വാര്‍ഷിക പദ്ധതി പൂര്‍ത്തീകരിക്കാതെ 14 പഞ്ചായത്തുകള്‍



കരിപ്പൂര്‍: 2017-18 വാര്‍ഷിക പദ്ധതി പൂര്‍ത്തീകരണം സമയബന്ധിതമായി തുടങ്ങാത്തത് 14 പഞ്ചായത്തുകള്‍ മാത്രം. പദ്ധതികള്‍ മുഴുവനായി സമര്‍പ്പിച്ച് ഡിപിസി അംഗീകാരത്തിനായി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളും തൃശൂരിലെ ഒരു പഞ്ചായത്തും ഇതുവരെ പദ്ധതി രൂപീകരണം തുടങ്ങിയിട്ടില്ല. മലപ്പുറം ജില്ലയിലെ കുഴിമണ്ണ, അരീക്കോട്, വാഴയൂര്‍, കീഴുപറമ്പ്, കരുവാരക്കുണ്ട്, പാണ്ടിക്കാട്, പൊന്മള, എടപ്പറ്റ, വെട്ടത്തൂര്‍, ഒതുക്കുങ്ങല്‍, വേങ്ങര, കണ്ണമംഗലം, വളവന്നൂര്‍, തൃശൂര്‍ ജില്ലയിലെ വള്ളത്തോ ള്‍ നഗര്‍ ഗ്രാമപ്പഞ്ചായത്തുകളാണ് സമയപരിധിക്കുള്ളില്‍ വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തീകരിക്കാത്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്റ്റാറ്റസ് റിപോര്‍ട്ട് ക്രോഡീകരണം പൂര്‍ത്തീകരിക്കുന്നതിന്റെ തിയ്യതി കഴിഞ്ഞ 12നും ഗ്രാമസഭാ യോഗങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തിയ്യതി 20നും അവസാനിച്ചിരുന്നു. വികസന സെമിനാര്‍ 25നും പദ്ധതികള്‍ ഡിപിസി അംഗീകാരത്തിന് 31 വരെയുമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. വികസനരേഖ തയ്യാറാക്കുന്നതില്‍ ജനപ്രതിനിധികളുടെ അവഗാഹക്കുറവ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവ് തുടങ്ങിയവെയല്ലാം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2017 മുതല്‍ 2022 വരെയുള്ള പഞ്ചവല്‍സര പദ്ധതിയായതിനാല്‍ വികസനരേഖ തയ്യാറാക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് ഒച്ചിന്റെ വേഗമായിരുന്നു. നിതി ആയോഗിന്റെ പേരിലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പഞ്ചവല്‍സര പദ്ധതി എന്ന പേരില്‍ തന്നെയാണ് ഈ വര്‍ഷവും തുടരുന്നത്. ഗ്രാമസഭകളില്‍ നിന്നും വര്‍ക്കിങ് ഗ്രൂപ്പില്‍ നിന്നും ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്നു ലഭിക്കുന്ന പ്രൊജക്ടുകള്‍ക്ക് ഭരണസമിതിയില്‍ നിന്ന് അംഗീകാരം വാങ്ങിയതിനു ശേഷമാണ് ഇവ ഡിപിസി അംഗീകാരത്തിനു നല്‍കുന്നത്. ഡിപിസി അംഗീകാരമില്ലാതെ പ്രൊജക്ടുകള്‍ നടപ്പാക്കാനാവില്ല.
Next Story

RELATED STORIES

Share it