|    Oct 18 Thu, 2018 1:54 am
FLASH NEWS
Home   >  Editpage  >  Article  >  

2017: ‘ലൗജിഹാദി’ന്റെ വര്‍ഷം

Published : 11th January 2018 | Posted By: kasim kzm

രാഹുല്‍  ഭാട്ടിയ

2011ല്‍ 18 വയസ്സുള്ളപ്പോഴാണ് അഖില അശോകന്‍ ആയിരുന്ന ഹാദിയ, വൈക്കം ടിവി പുരത്തെ തന്റെ ഗ്രാമത്തില്‍ നിന്ന് ഏഴു മണിക്കൂര്‍ അകലെയുള്ള സേലത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി പോയത്. അവളുടെ പിതാവ് കെ എം അശോകന്‍ ഒരു വിമുക്ത ഭടനായിരുന്നു; പൊന്നമ്മ എന്നു പേരുള്ള അവളുടെ അമ്മ തികഞ്ഞ ഹിന്ദുമതവിശ്വാസിയും.
സേലത്ത് ഹോമിയോ മെഡിക്കല്‍ ബിരുദത്തിനു ചേര്‍ന്ന അഖില രണ്ടു മുസ്‌ലിം സഹോദരിമാര്‍ ഉള്‍പ്പെടെ അഞ്ചു സ്ത്രീകളോടൊപ്പമാണ് താമസിച്ചത്. ഒരുമിച്ചു കഴിയവെ ഹാദിയ ഈ മുസ്‌ലിം സഹോദരിമാരുടെ പ്രാര്‍ഥനാ രീതികള്‍ കാണുകയും അതില്‍ ആകൃഷ്ടയാവുകയും ചെയ്തു. തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാനുതകുന്ന പുസ്തകങ്ങള്‍ വായിക്കാനും വീഡിയോ കാണാനും അവള്‍ ആരംഭിച്ചു. പുതിയ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ പ്രാര്‍ഥനാ രീതികള്‍ ആരംഭിച്ച അവള്‍, 2015ഓടുകൂടി സ്വയം ആസിയ എന്ന പേരു സ്വീകരിച്ചു.
2015ല്‍ ഒരു ബന്ധുവിന്റെ മരണാനന്തരം നാട്ടിലെത്തിയ ഹാദിയയില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. തികച്ചും നിശ്ശബ്ദയും അന്തര്‍മുഖയുമായി കാണപ്പെട്ട ആസിയ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മടി കാണിച്ചു. തിരിച്ചുപോവും മുമ്പ് തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പ്രഖ്യാപിക്കാന്‍ തീരുമാനിച്ച അവള്‍ ഇസ്‌ലാം മതവിശ്വാസപ്രകാരം ഹിജാബ് ധരിച്ചാണ് കോളജിലേക്കു മടങ്ങിയത്. ഇതറിഞ്ഞ ആസിയയുടെ അമ്മ അവളെ തിരിച്ചു വീട്ടിലെത്തിക്കാനായി, അച്ഛന്റെ കാലൊടിഞ്ഞിരിക്കുകയാണെന്നും ഉടനെ നാട്ടിലെത്തണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, തനിക്കു മാതാപിതാക്കളുടെ കടുത്ത വൈകാരിക സമ്മര്‍ദം അതിജീവിക്കാനാവില്ലെന്നു വ്യക്തമായി ബോധ്യമുള്ള ആസിയ അതിനു വിസമ്മതിച്ചു. തുടര്‍ന്ന് അവള്‍ പുതുതായി മതപരിവര്‍ത്തനം ചെയ്തവര്‍ക്കു മതപഠനം ലഭ്യമാക്കുന്ന കേരളത്തിലെ ‘സത്യസരണി’ എന്ന സ്ഥാപനത്തില്‍ ചേരുകയും ഔദ്യോഗികമായി ഹാദിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
അതോടൊപ്പം ഹാദിയ, വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്തു. അതില്‍ നിന്നാണ് ഹാദിയ ഷഫിന്‍ ജഹാനെ കണ്ടെത്തുന്നത്. മസ്‌കത്തില്‍ ഒരു ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന താടിയുള്ള, മെലിഞ്ഞ യുവാവ്. കേരള ഫുട്‌ബോള്‍ ടീം എഫ്‌സി കേരളയുടെ ഗോള്‍കീപ്പറുമായിരുന്നു ഷഫിന്‍. ഷഫിന്‍ ജഹാന്റെ പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ട ഹാദിയ, ആദ്യം ഷഫിനെയും തുടര്‍ന്ന് അവന്റെ കുടുംബത്തെയും നേരില്‍ കണ്ടു.
ഹാദിയയും ഷഫിന്‍ ജഹാനും വിവാഹിതരാവുന്നതിനു മുമ്പുതന്നെ 2016 ഡിസംബറില്‍ അശോകന്‍ തന്റെ മകളുടെ മതംമാറ്റത്തെക്കുറിച്ചുള്ള ആശങ്കകളുമായി കോടതിയെ സമീപിച്ചിരുന്നു. തന്റെ മകളുടെ പരിവര്‍ത്തനത്തിനു പിന്നിലുള്ള ആളുകള്‍ പരിമിതിയില്ലാത്ത മാനവവിഭവശേഷിയും സാമ്പത്തികശേഷിയും ഉള്ളവരും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നവരുമാണെന്നാണ് അശോകന്‍ വാദിച്ചത്. 24കാരിയായിരുന്ന ഹാദിയ തീരുമാനങ്ങളെടുക്കാന്‍ പറ്റാത്തവണ്ണം ദുര്‍ബലാവസ്ഥയിലാണെന്നും അവളെ ആ അവസ്ഥയില്‍ നിന്നു രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും അവളെ പിതാവിനോടൊപ്പംവിടണമെന്നുമാണ് അശോകന്റെ വക്കീല്‍ വാദിച്ചത്. മുസ്‌ലിം സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായുള്ള ഷഫിന്‍ ജഹാന്റെ ബന്ധം മാത്രം മതിയായിരുന്നു അയാള്‍ തീവ്രവാദിയാണെന്ന് ഉറപ്പിക്കാന്‍. അയാള്‍ തന്റെ മകളെ തട്ടിയെടുക്കാന്‍ വന്നതാണെന്ന് അശോകന്‍ വിശ്വസിച്ചു. തനിക്ക് തന്റെ കുടുംബത്തില്‍ ഒരു തീവ്രവാദിയെ കയറ്റാനാവില്ലെന്ന് അയാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയില്‍ കേരള ഹൈക്കോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച വിധി അശോകന് അനുകൂലമായിരുന്നു. 20കളുടെ തുടക്കത്തിലുള്ള പെണ്‍കുട്ടി തന്റെ പഠനം ഉപേക്ഷിച്ച് ഒരു അന്യമതത്തെക്കുറിച്ച് പഠിക്കുന്നതും അതില്‍ വിശ്വസിക്കുന്നതും അസാധാരണമാണെന്നും കോടതി രേഖപ്പെടുത്തി. പരിമിത ബൗദ്ധികശേഷിയും ഓര്‍മശക്തിയുമുള്ള ഹാദിയ ‘എന്തും വിശ്വസിക്കുന്നവളാണെ’ന്നും അവള്‍ ‘ചില അറബിവാക്യങ്ങള്‍ മനഃപാഠമാക്കിയിരിക്കുകയാണെ’ന്നും കോടതി വാദിച്ചു. അവളുടെ അഞ്ചു മാസം നീണ്ടുനിന്ന ഷഫിനുമായുള്ള വിവാഹം റദ്ദു ചെയ്ത് ന്യായാധിപന്‍ അവളെ മാതാപിതാക്കളോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
ടിവിയില്‍ ‘ഒരു കേരളീയ പെണ്‍കുട്ടി നിര്‍ബന്ധിത പരിവര്‍ത്തനം നിഷേധിച്ചു’വെന്ന ഹെഡ്‌ലൈനില്‍ എന്റെ കണ്ണുടക്കിയത് കഴിഞ്ഞ ആഗസ്തിലാണ്. സ്‌ക്രീനില്‍ പോലിസുകാരിക്കു സമീപം ചുവന്ന പൂക്കളുള്ള ശിരോവസ്ത്രം ധരിച്ച ഒരു യുവതി വാതില്‍പ്പടിയില്‍ നിന്ന് മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നു. പെണ്‍കുട്ടി അവളുടെ അമ്മയോട് ആവലാതിപ്പെടുകയാണ്. അമ്മ അസ്വസ്ഥയായിരുന്നു; പെണ്‍കുട്ടിയോ ദുഃഖിതയും. അപ്പോഴേക്കും ഹാദിയ മൂന്നര മാസത്തോളമായി തന്റെ മാതാപിതാക്കളുടെ വീട്ടില്‍ തടവിലായിരുന്നു; അവള്‍ ആഗ്രഹിക്കുന്ന ആരെയും കാണാന്‍ സാധിക്കാതെ.
ഇത്തരത്തില്‍ വിവാദസാധ്യതയുള്ള ഒരു വീഡിയോ ക്ലിപ് പ്രേക്ഷകര്‍ക്കായി ദാഹിക്കുന്ന ചാനലുകളുടെ കൈയില്‍ കിട്ടുമ്പോള്‍ അതിന്റെ പ്രതിധ്വനികള്‍ ഇന്ത്യ മുഴുവനും അലയടിക്കും. കുറഞ്ഞ സമയം കൊണ്ട് ഹാദിയ ഇന്ത്യ മുഴുവന്‍ ചര്‍ച്ചാവിഷയമായി. എല്ലാവര്‍ക്കും ഹാദിയയെ ഇസ്‌ലാമില്‍ നിന്ന് രക്ഷിക്കണമായിരുന്നു. എന്നാല്‍, അവള്‍ക്കു രക്ഷ വേണ്ടിയിരുന്നില്ലതാനും. ആഗസ്തില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവിരുദ്ധ അന്വേഷണസംഘമായ ദേശീയ അന്വേഷണ ഏജന്‍സി ഹാദിയയുടെ മതപരിവര്‍ത്തനത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. 25,000ലധികം ട്വീറ്റുകള്‍ ‘ലൗജിഹാദ്’ എന്ന പേരിലുള്ള തങ്ങളുടെ അന്വേഷണത്തിന്റെ വാര്‍ത്താ ലിങ്ക് പങ്കിട്ടുവെന്നാണ് റിപബ്ലിക് എന്ന ന്യൂസ് ചാനല്‍ റിപോര്‍ട്ട് ചെയ്തത്.
ഒരു നൂറ്റാണ്ടിലേറെ കാലമായി ‘ലൗജിഹാദ്’ സംബന്ധിച്ച പേടി പല രൂപത്തില്‍ ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദുമതസ്ഥരായ സ്ത്രീകളെ മതം മാറ്റാന്‍ പ്രണയം നടിച്ചു കല്യാണം കഴിക്കുന്നുവെന്ന സങ്കല്‍പമാണ് ‘ലൗജിഹാദ്.’ ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും എഴുതുകയും ചെയ്തിട്ടുള്ള ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ചരിത്ര പ്രഫസറായ ചാരു ഗുപ്ത പറയുന്നതനുസരിച്ച്, 19ാം നൂറ്റാണ്ടിലെ ജനപ്രിയ സാഹിത്യരചനകളില്‍ മുസ്‌ലിം ഭരണാധികാരികളെ അധഃപതിച്ചവരും ചതിയന്‍മാരുമായാണ് ചിത്രീകരിച്ചിരുന്നത്.
1920ഓടുകൂടി കുറ്റം ഭരണാധികാരികളില്‍ നിന്നു മാറി സാധാരണക്കാരായ മുസ്‌ലിംകളുടെ തലയിലായി. അവര്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന ആളുകളായി ചിത്രീകരിക്കപ്പെട്ടു. കാമുകീകാമുകന്‍മാരുടെ ഒളിച്ചോട്ടം പോലും തട്ടിക്കൊണ്ടുപോകലായി. ജാതീയത വിഭജിച്ചിരിക്കുന്ന ഒരു രാജ്യത്ത് ഇത്തരം കഥകള്‍ ഒരു പൊതുശത്രുവിനെ ഉണ്ടാക്കുന്നതിനു സഹായകമായി; ഹിന്ദു ഐക്യത്തിനായുള്ള പശയായി അതു മാറി.
ഹിന്ദുത്വ ദേശീയവാദികള്‍ ഇന്ത്യയില്‍ ഒരു പ്രധാന രാഷ്ട്രീയശക്തിയായി ഉയര്‍ന്ന 2009 മുതല്‍ ഇത്തരം ഭയം സമൂഹത്തില്‍ വര്‍ധിച്ചുവരുകയാണ്. 2014ല്‍ വികസനവും അഴിമതിവിരുദ്ധതയും വാഗ്ദാനം ചെയ്താണ് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തു പല തരം നിരോധനങ്ങള്‍ നടപ്പായി. ഗോമാംസം ഭക്ഷിക്കുന്നവര്‍ ആക്രമിക്കപ്പെട്ടു. പവിത്രമെന്ന് തങ്ങള്‍ കരുതുന്നതിനെ വിമര്‍ശിക്കുന്നുവെന്ന കാരണം പറഞ്ഞ് സിനിമകള്‍ തടസ്സപ്പെടുത്തി.
ഹിന്ദുത്വവാദികള്‍ രാജ്യത്തു നടത്തുന്ന മൃഗീയമായ ആക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി മോദി ലോകത്തെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന ദുരന്തങ്ങളില്‍ ട്വിറ്ററിലൂടെ അതിവേഗം പ്രതികരണം അറിയിക്കുന്നു. അതേസമയം, സ്വന്തം രാജ്യത്തു നടക്കുന്ന മതപരമായ അസ്വാസ്ഥ്യങ്ങളെക്കുറിച്ച് സമര്‍ഥമായി മൗനം നടിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകൂടങ്ങള്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നത് പലപ്പോഴും വാര്‍ത്തകള്‍ പോലുമാവുന്നില്ല.
ഇന്ത്യയിലെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞ വര്‍ഷം തന്നെയാണ് ഹാദിയയുടെ അവസ്ഥ ഒരു ദുരന്തനാടകമെന്നോണം ഇന്ത്യന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. കേരള ഹൈക്കോടതിയുടെ വിചിത്ര വിധിക്കു ശേഷം ‘ഐഎസ് റിക്രൂട്ട്‌മെന്റ്: ഹിന്ദു യുവതിയുടെയും മുസ്‌ലിം യുവാവിന്റെയും വിവാഹം കേരള ഹൈക്കോടതി റദ്ദാക്കി’ എന്നായിരുന്നു ഒരു പത്രത്തിന്റെ തലക്കെട്ട്. മുഖംമൂടിയിട്ട ഒരു ഐഎസ് ഭീകരവാദിയുടെ ചിത്രത്തിനൊപ്പം ‘വരന്റെ ഐഎസ് ബന്ധം: കേരള ഹൈക്കോടതി വിവാഹം റദ്ദാക്കി’ എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്ത. അവര്‍ സംഭവവികാസങ്ങളെ കുറിച്ചുള്ള ഹാദിയയുടെ ഭാഗം വളരെ അപൂര്‍വമായി മാത്രമേ പരാമര്‍ശിച്ചുള്ളൂ. വായനക്കാരന് ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ നിന്ന് മകളെ സംരക്ഷിക്കുന്ന ഒരു പിതാവിന്റെ ചിത്രം മാത്രമാണ് മിക്കവരും  നല്‍കിയത്.
ഞാന്‍ സംസാരിച്ച അഭിഭാഷകര്‍ കേസ് തന്നെ ശുദ്ധ ഭോഷ്‌കാണെന്നാണ് പ്രതികരിച്ചത്. ഇതു കോടതി അന്നുതന്നെ വലിച്ചെറിയേണ്ടതായിരുന്നുവെന്നും അവര്‍ പറയുന്നു.
എല്ലാ പത്രങ്ങളും ഈ കേസ് റിപോര്‍ട്ട് ചെയ്തത് ‘ഹാദിയ ലൗജിഹാദ് കേസ്’ എന്ന പേരിലായിരുന്നു. ഉദ്ധരണികളില്ലാതെയായിരുന്നു ആ പ്രയോഗങ്ങളെല്ലാംതന്നെ. എന്നാല്‍, ഇപ്പോള്‍ സുപ്രിംകോടതി വിധിക്കു ശേഷം ഹാദിയ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കപ്പെടേണ്ടവളായി; പ്രസിദ്ധയായി. അവളുടെ ഒരു ചെറിയ വീഡിയോയെങ്കിലും റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ അവരുടെ വിശപ്പടക്കി. ടെലിവിഷന്‍ ചാനലുകള്‍ അവരുടെ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടുമിട്ട് ആഘോഷിച്ചു.
ഹാദിയയെ കേള്‍ക്കുന്ന ദിവസം നിയമ ബ്ലോഗുകളിലൂടെയും ട്വിറ്ററിലൂടെയും ഞാന്‍ സുപ്രിംകോടതി നടപടിക്രമങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നു. ജഡ്ജിമാര്‍ തന്നിലേക്ക് തിരിയും വരെ രണ്ടു മണിക്കൂറിലധികം ഹാദിയ വാദങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ആദ്യമായായിരുന്നു അവള്‍ക്ക് പറയാനുള്ളത് ആരെങ്കിലും കേള്‍ക്കുന്നതുപോലും. എന്നിട്ടും കോടതിയിലെ അവളുടെ സാന്നിധ്യം എന്നെ ഭയപ്പെടുത്തി. കാരണം, ഈ രാജ്യം അവളോട് ആവശ്യപ്പെടുന്നത് അവള്‍ സ്വാതന്ത്ര്യത്തിനു യോഗ്യയാണെന്നു തെളിയിക്കാനാണ്.
പിന്നീട് ഞാന്‍ സംസാരിച്ച എല്ലാവരും അവളുടെ കോടതിയിലെ ശാന്തതയില്‍ സ്തബ്ധരായിരുന്നു. മാസങ്ങളോളം സ്വന്തം ഇഷ്ടത്തിനതീതമായി തടവിലായിരുന്ന അവള്‍ ഒരിക്കല്‍ പോലും അതിന്റെ പേരില്‍ കരയുകയോ അതിവൈകാരികത പ്രകടിപ്പിക്കുകയോ ചെയ്തില്ല. ‘ഞാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ കാണാന്‍ എനിക്ക് സ്വാതന്ത്ര്യം വേണ’മെന്നും ‘ഞാന്‍ ചോദിക്കുന്നത് എന്റെ മൗലികാവകാശങ്ങളാണെ’ന്നും പറഞ്ഞ ഹാദിയ, ഹിന്ദു മതത്തിലേക്ക് തിരികെപ്പോവാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെക്കുറിച്ചു സംസാരിച്ചു. ഹാദിയക്ക് തന്റെ പഠനം തുടരണമായിരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നു മാറി സ്വതന്ത്രയായി നില്‍ക്കാനും അവള്‍ ആഗ്രഹിച്ചു.
ഒടുവില്‍ ഹാദിയ സ്വതന്ത്രയാണെന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാമെന്നും വീണ്ടും സ്വന്തം തീരുമാനങ്ങള്‍ എടുക്കാമെന്നും സുപ്രിംകോടതി വിധിച്ചു. എന്നിരുന്നാലും ഷഫിന്‍ ജഹാന്റെ പോപുലര്‍ ഫ്രണ്ട് ബന്ധവും വിവാഹം റദ്ദാക്കിയ വിധിയും 2018 ജനുവരിയില്‍ കോടതി പരിശോധിക്കുന്നുണ്ട്. വിധിക്കു ശേഷം ഹാദിയയും ഷഫിനും ആറു മാസത്തിനുള്ളില്‍ ആദ്യമായി കണ്ടുമുട്ടി. സിസിടിവി കാമറകളുള്ള മുറിയിലായിരുന്നു അവരുടെ കൂടിക്കാഴ്ച. കോടതി മുന്നോട്ടുനീങ്ങി.
പക്ഷേ, ഹാദിയയുടെ കഥ ഒരു വലിയ വിഭാഗം  പ്രേക്ഷകരില്‍ എത്തിക്കഴിഞ്ഞിരുന്നു. ‘ലൗജിഹാദെ’ന്ന പ്രചാരണം അദൃശ്യമായ മുന്‍ധാരണകള്‍ വച്ചുപുലര്‍ത്തി നിരവധി മാര്‍ഗങ്ങളിലൂടെ സമൂഹത്തില്‍ പടര്‍ന്നുകഴിഞ്ഞു. രാജസ്ഥാനില്‍ സ്‌കൂള്‍ അധ്യാപകര്‍ ‘ലൗജിഹാദി’നെക്കുറിച്ച് പഠിക്കാന്‍ മേളകളില്‍ പങ്കെടുക്കുന്നു. കൊല്‍ക്കത്തയില്‍ മുസ്‌ലിം സ്ത്രീകളെ ഹിന്ദു പുരുഷന്‍മാര്‍ പ്രണയിക്കുന്നത് ഒരു പ്രതികാരമെന്നോണം പ്രോല്‍സാഹിപ്പിക്കപ്പെടുന്നു.
ഹാദിയയും ഷഫിനും തമ്മില്‍ കണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ ഓര്‍മയില്‍ നിന്ന് ഹാദിയയെ പൊടുന്നനെ മായ്ച്ചുകളഞ്ഞ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങളെടുത്ത് മനസ്സിനു ശക്തി വരുത്തിയാണ് ഒരു രാത്രി വീടിന്റെ മൂലയിലിരുന്ന് ഞാന്‍ ആ വീഡിയോ കണ്ടത്. അതില്‍ ഒരു മുസ്‌ലിം തൊഴിലാളി- അയാള്‍ ഷൂട്ട് ചെയ്യപ്പെടുന്നത് അയാള്‍ക്ക് അറിയുമെന്നു തോന്നുന്നില്ല- ഒരു മരച്ചുവട്ടില്‍ വച്ച് ആക്രമിക്കപ്പെടുന്നു. പിന്നീട് അയാളുടെ പേര് മുഹമ്മദ് അഫ്രാസുല്‍ എന്നാണെന്ന് എനിക്ക് മനസ്സിലായി. മര്‍ദിച്ച് അവശനാക്കിയ അയാളെ മറ്റൊരാള്‍ കോടാലി കൊണ്ട് പിന്നില്‍ നിന്നു വെട്ടുന്നു. ‘ഞാന്‍ എന്തു ചെയ്തു സര്‍’ എന്ന് അലറിക്കരയുന്ന അഫ്രാസുലിനെ വീണ്ടും തുടരെ ആക്രമിക്കുന്ന അക്രമി പിന്നീട് കാമറ സ്വന്തം മുഖത്തേക്കു തിരിച്ച് ‘ഇന്ത്യയില്‍ ലൗജിഹാദ് നടത്തുന്നവരുടെയെല്ലാം ഗതി ഇതാണെ’ന്നു ഭീഷണി മുഴക്കിക്കൊണ്ട് അഫ്രാസുലിനെ ജീവനോടെ കത്തിക്കുന്നു.
ശംഭുലാല്‍ റെഗര്‍ എന്നയാളാണ് ഈ അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. (കൂടുതല്‍ ഭീകരസ്വഭാവമുള്ള വീഡിയോയുടെ എഡിറ്റ് ചെയ്ത പതിപ്പാണ് ഞാന്‍ കണ്ടതെന്ന് പിന്നീട് എനിക്ക് മനസ്സിലായി). വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം അയാളുടെ ഈ പ്രവൃത്തിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. ”സഹോദരാ, നമ്മള്‍ ഓരോ മുസ്‌ലിമിനെയും  ഇത്തരത്തില്‍ വെട്ടിനുറുക്കണം” എന്നാണ് ഒരു വ്യക്തി വീഡിയോയുടെ താഴെ അഭിപ്രായം എഴുതിയത്.
ഡസന്‍കണക്കിന് ആളുകളാണ് റെഗറിന് ഓണ്‍ലൈന്‍ വഴി പിന്തുണ വാഗ്ദാനം ചെയ്തത്. കുറഞ്ഞ ദിവസത്തിനുള്ളില്‍ അയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മൂന്നു ലക്ഷത്തോളം രൂപ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നുചേര്‍ന്നു. റെഗറിനെ പിന്തുണയ്ക്കുന്ന റാലികള്‍ തടയാന്‍ പോലിസുകാര്‍ ഉദയ്പൂരിലും പരിസരങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു. എന്നിട്ടും ഡിസംബര്‍ 14നു വൈകുന്നേരം ഉദയ്പൂരിലെ പുതുതായി ഉദ്ഘാടനം ചെയ്ത കോടതികെട്ടിടത്തിനു മുകളില്‍ ഒരു മനുഷ്യന്‍ കാവിക്കൊടി ഉയര്‍ത്തി; സവര്‍ണ ഹിന്ദു മേധാവിത്വം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്. ി

മുംബൈയില്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍

(പരിഭാഷ: പി കെ ജാസ്മിന്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss