|    Jan 18 Wed, 2017 7:12 am
FLASH NEWS

2016 ജൂലൈ 15, 16

Published : 17th July 2016 | Posted By: SMR

15-07-2016 വെള്ളി തുര്‍ക്കി പ്രാദേശികസമയം രാത്രി 10.30 (ജിഎംടി രാത്രി 7.30, ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ഒരുമണി): ഇസ്താംബൂള്‍ നഗരത്തിലെ ബോസ്‌ഫെറസിലെ രണ്ടു പാലങ്ങള്‍ തടസ്സപ്പെടുത്തിയെന്ന റിപോര്‍ട്ട്. തുടര്‍ന്നുണ്ടായ ഗതാഗതസ്തംഭനം. നഗരത്തിലൂടെ സൈനിക സംഘങ്ങള്‍ കടന്നുപോയി. ബോസ്‌ഫെറസ്, ഫാതിഹ് സുല്‍ത്താന്‍ മെഹ്മൂദ് പാലങ്ങളില്‍ സൈനിക സംഘങ്ങളെ വിന്യസിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
10.50: തലസ്ഥാനമായ അങ്കറയില്‍ സൈനിക ഹെലികോപ്റ്ററുകളും ജെറ്റ് വിമാനങ്ങളുമെത്തി. ഇസ്താംബൂളിലും സൈനിക കോപ്റ്ററുകളുടെ സാന്നിധ്യം. അങ്കറയില്‍ വെടിവയ്പു നടന്നതായി റിപോര്‍ട്ടുകള്‍.
11.00: സര്‍ക്കാര്‍ അനുമതിയില്ലാത്ത സൈനിക നടപടികള്‍ നടക്കുന്നതായി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പ്രഖ്യാപിച്ചു. ക്രമസമാധാനനില പുനസ്ഥാപിക്കാന്‍ സൈന്യത്തിനു സര്‍ക്കാര്‍ നിര്‍ദേശം.
ശനി 12.00 എഎം: അട്ടിമറിശ്രമം നടത്തിയവര്‍ സൈനിക മേധാവിയടക്കമുള്ളവരെ തടങ്കലില്‍ വച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
12.15: രാജ്യത്തിന്റെ ഭരണം സൈന്യം പൂര്‍ണമായി ഏറ്റെടുത്തതായുള്ള പ്രസ്താവന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ ടിആര്‍ടി സംപ്രേഷണം ചെയ്തു. രാജ്യത്ത് പുതിയ ഭരണഘടന കൊണ്ടുവരുമെന്നും സൈനികനിയമം നടപ്പാക്കുമെന്നും രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു. ടിആര്‍ടിയിലെ വാര്‍ത്താവായനക്കാരിയായിരുന്നു പ്രസ്താവന വായിച്ചത്. തന്നെക്കൊണ്ട് പ്രസ്താവന നിര്‍ബന്ധിച്ചു വായിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ പിന്നീട് അറിയിച്ചു.
12.30: അട്ടിമറിയെ അപലപിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങി അട്ടിമറിശ്രമത്തെ പ്രതിരോധിക്കണമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വീഡിയോ കോളിങ് ആപ്ലിക്കേഷന്‍ വഴി നടത്തിയ സിഎന്‍എന്‍ ചാനലിലൂടെ പുറത്തുവന്ന പ്രതികരണത്തില്‍ ആവശ്യപ്പെട്ടു.
1.00: അങ്കറയില്‍ സൈനിക ഹെലികോപ്റ്ററില്‍ നിന്നുള്ള വെടിവയ്പു തുടരുന്നതായും പാര്‍ലമെന്റിനു മുന്നില്‍ ടാങ്കുകള്‍ വിന്യസിച്ചതായും ദൃക്‌സാക്ഷികള്‍ അറിയിച്ചു. സ്‌ഫോടനങ്ങള്‍ നടന്നതായി റിപോര്‍ട്ട്. യുഎസില്‍ നിന്നുള്ള പണ്ഡിതന്‍ ഫതഹുല്ലാ ഗുലനാണ് അട്ടിമറിക്കു പിറകിലെന്ന് തുര്‍ക്കി നിയമമന്ത്രി.
2.00: അട്ടിമറിശ്രമം നടത്തിയവര്‍ അങ്കറയില്‍ തുര്‍ക്കിയുടെ സൈനികവിമാനം വെടിവച്ചിട്ടു.
2.50: ഇസ്താംബൂളില്‍ സ്‌ഫോടനങ്ങള്‍. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് പ്രധാനമന്ത്രി. ഫതഹുല്ലാ ഗുലന്റെ അനുയായികള്‍ക്കെതിരേ പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. ഗുലനുമായി ബന്ധപ്പെട്ട യുഎസ് ആസ്ഥാനമായ സംഘടന അട്ടിമറിയിലെ പങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചു.
3.20: ഉര്‍ദുഗാന്‍ ഇസ്താംബൂളിലെ അത്താതുര്‍ക് വിമാനത്താവളത്തിലെത്തി.
3.30: അങ്കറയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപോര്‍ട്ട്. അട്ടിമറിശ്രമം നടത്തിയ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സ്‌ഫോടനങ്ങള്‍. അട്ടിമറിശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി ഉഫ്കാന്‍ അല.
3.35: അട്ടിമറിശ്രമത്തില്‍ പങ്കാളികളായ സൈനികരില്‍ ഒരു വിഭാഗം ഇസ്താംബൂളിലെ തക്‌സിം ചത്വരത്തിലെത്തി പോലിസിനു മുന്നില്‍ കീഴടങ്ങി.
5.00: അട്ടിമറിശ്രമത്തിനിടെ 60ലധികം പേര്‍ കൊല്ലപ്പെട്ടതായും അട്ടിമറിനീക്കം നടത്തിയ 130 സൈനികരെ അറസ്റ്റ് ചെയ്തതായും പ്രസിഡന്റിന്റെ ഓഫിസ്.
6.30: ആയുധങ്ങള്‍ വച്ച് കീഴടങ്ങിയ അട്ടിമറിക്കാരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. 700ലധികം സൈനികര്‍ കീഴടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക