|    Jan 21 Sat, 2017 1:46 am
FLASH NEWS

2015ലെ സര്‍ഗാത്മക സൃഷ്ടികള്‍ ഏത്…? എന്ത്…?

Published : 4th January 2016 | Posted By: SMR

slug-vettum-thiruthum2015 അത്യന്തം നിര്‍ദയം തിരശ്ശീല താഴ്ത്തി. വെട്ടേണ്ടതും തിരുത്തേണ്ടതും എന്തൊക്കെ? ചിന്തിച്ചു കുഴയവെ ജിദ്ദയില്‍ നിന്നൊരു നല്ല സന്ദേശം. എയര്‍ ടിക്കറ്റ് അയക്കാം. വിസ സ്റ്റാമ്പിങിന് ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ ബന്ധപ്പെടൂ. ഇഷ്ടസുഹൃത്താണു വിളിച്ചത്. പുണ്യഭൂമി കാണാനും രണ്ട് ഹറമുകളും സ്പര്‍ശിക്കാനും ആരാണ് കൊതിക്കാത്തത്? ഫോണ്‍ കട്ട് ചെയ്യവെ സുഹൃത്തിന്റെ നല്ലൊരു നിര്‍ദേശം, ‘വെട്ടും തിരുത്തും’ വായിക്കാറുണ്ട്. പുതുവര്‍ഷത്തെ ആദ്യത്തെ ‘വെട്ടും തിരുത്തും’ 2015ലെ മികച്ച സാഹിത്യ-സാംസ്‌കാരിക സംഭവമോ സൃഷ്ടിയോ വിശകലനം ചെയ്ത്… ഞാന്‍ കുഴഞ്ഞു!
2015ലെ മികച്ച സാഹിത്യസൃഷ്ടി ഏത്? നല്ല കഥ, നോവല്‍, നാടകം, സിനിമ… അത്യന്തം ദയനീയമാണു സ്ഥിതി എന്നു പറയുമ്പോള്‍ ”ഫീല്‍ഡില്‍ സജീവമായവര്‍” കൊഞ്ഞനംകുത്തും. കാരണം, എഡിറ്റര്‍മാരെ സ്വാധീനിച്ചും നിരൂപകരെ സോപ്പിട്ടും കൊണ്ടാടപ്പെട്ട സര്‍ഗശേഷിപ്പുകള്‍ നൂറ്റുക്കുനൂറും വെറും പതിരുകളെന്നേ വിശേഷിപ്പിക്കാവൂ. വികെഎന്‍, പി കുഞ്ഞിരാമന്‍നായര്‍, ഒ വി വിജയന്‍, പത്മരാജന്‍ നിലവാരത്തിലല്ലെങ്കിലും ഇവര്‍ക്ക് ഇത്തിരി അകലം നില്‍ക്കാനെങ്കിലും കെല്‍പ്പുള്ളൊരു രചന? ഇല്ലേയില്ല. ‘ഒറ്റാല്‍’ എന്ന സിനിമ കാണാന്‍ ശ്രമിച്ചു. ഇനിയും ഒത്തിട്ടില്ല. ‘ഒറ്റാല്‍’ സംവിധായകന്‍ കമേഴ്‌സ്യലിസത്തിന്റെ പിടിയില്‍നിന്നു മോചിതനായോ? ഏതായാലും തിരുവനന്തപുരം ഫെസ്റ്റിവലിലെ വിധിനിര്‍ണയം നൂറ്റുക്കുനൂറും നമ്പാന്‍പറ്റാത്തതാണ്. ‘ഒറ്റാല്‍’ കാണാതെ നിരാശനായി, എന്തിനെയാണ്, ഏതിനെയാണ് 2015ന്റെ നിറമേനിയായി എഴുതേണ്ടത്. സക്കറിയ വല്ലതും എഴുതിയോ? ഇല്ല. കവി വീരാന്‍കുട്ടി വിശേഷവിധിയായി എന്തെങ്കിലും നാലുവരി? ഇല്ലേയില്ല. അതാ, ഓര്‍മകളുടെ ഇളംമഞ്ഞില്‍ തിരശ്ശീല നീക്കി ഒരു സര്‍ഗാത്മകസംഭവം ലജ്ജിച്ചു തലതാഴ്ത്തി മാറിനില്‍ക്കുന്നു, കൊണ്ടാടാന്‍ ഏജന്റുമാരില്ലാതെ. ആദ്യ പ്രദര്‍ശനം മഴമൂലം മുടങ്ങിയെങ്കിലും അടുത്ത ‘കാഴ്ച’യില്‍ ആ സൃഷ്ടി എന്നിലുയര്‍ത്തിയ മഹാവിസ്മയങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ കെഎംകെ എന്നൊരു സാംസ്‌കാരികനിലയമുണ്ട്. ഒ വി വിജയന്റെ ‘ഖസാക്കി’ന് നല്ലൊരു രംഗഭാഷ കെഎംകെ, തൃക്കരിപ്പൂര്‍ ഗ്രാമത്തിലെ വെറും സാധാരണക്കാരെ അണിനിരത്തി അവതരിപ്പിച്ചത്. ഞാനേറെ ഇഷ്ടപ്പെടുന്ന ദീപന്‍ ശിവരാമന്റെ സംവിധായകനെന്ന തൊപ്പിയില്‍ കുറേ വര്‍ണത്തൂവലുകള്‍. ‘ഖസാക്ക്’ ഇന്നോളം കാമറലെന്‍സിനു വഴങ്ങിയിട്ടില്ല. ആരും ശ്രമിക്കാഞ്ഞിട്ടല്ല. വഴങ്ങില്ല. ഒരു കടുക് തുളച്ച് അതില്‍ ഏഴ് ആഴി തിരുകാന്‍ പാകത്തിലൊക്കെ ‘തിരുക്കുറള്‍’ നാട്ടിലുണ്ട്. ‘ഖസാക്ക്’ എന്ന മനോഹരങ്ങളില്‍ ഏറ്റവും മനോഹരം മറ്റൊരു സങ്കേതത്തില്‍ ആര്‍ക്കു വഴങ്ങാന്‍.
കുഞ്ഞാമിന, വസൂരി പൊട്ടിയൊലിച്ച നൂറുവിന്റെ മയ്യിത്ത്, രവിയുടെ കണങ്കാലിലൂടിഴഞ്ഞ ആ മനോഹരസര്‍പ്പം, പള്ളിക്കുളത്തിനരികില്‍ രവിയുടെ പച്ചിലക്കുമ്പിളിലെ വാറ്റുചാരായം, മൈമൂനയുടെ അരയിലെ ചുവന്ന ചരടിട്ട ഏലസ്… എഴുതാനുള്ളതിലേറെ ‘നുകരാനു’ള്ളതാണ്. ഒരു രചനയെപ്പറ്റിയും ഒരിക്കലും ആരോടും ഒന്നും പറയാത്ത സാക്ഷാല്‍ വികെഎന്‍ ”വീണ്ടും വീണ്ടും വായിച്ചു പഹയനെ” എന്നെഴുതുമ്പോള്‍… വിജയന്‍ ‘ഖസാക്ക്’ എഴുതി അടിവരയിട്ടപ്പോള്‍ അല്ലാഹു ചിരിച്ചു എന്നു പറഞ്ഞ കവി പി ടി അബ്ദുറഹ്മാന്‍… ‘ഖസാക്കി’നു മുന്നില്‍ യഥാര്‍ഥ സാഹിത്യം പരതുന്നവര്‍ നിര്‍ന്നിമേഷരായി കൈതൊഴും. ദീപന്‍ ശിവരാമന്‍, ഒ വി വിജയന്‍ ജീവിച്ചിരിക്കെ ഈ മഹാ സാഹസത്തിനു തുനിഞ്ഞിരുന്നെങ്കില്‍… ഖസാക്ക് നാടകത്തിന് അവസാന വെളിച്ചം അണയുമ്പോള്‍ വിജയന്‍ കണ്ണുതുടച്ചേനെ. മനസ്സിനെ വല്ലാതെ എന്തെങ്കിലുമൊന്നു സ്പര്‍ശിച്ചാല്‍ വിജയന്‍ കണ്ണുനിറയ്ക്കും. ഞാനതനുഭവിച്ചിട്ടുണ്ട്. മഹാകവി കുഞ്ഞിരാമന്‍ നായരുടെ ‘കവിയുടെ കാല്‍പാടുകള്‍’ക്ക് നേരിയൊരു മഴവില്‍ നെറ്റിപ്പട്ടം തൂക്കവേ എംടി വിറയാര്‍ന്ന തൂലികയില്‍ കുറിച്ചു: ”മഹാകവിയുടെ ഈ ആത്മകഥയ്ക്ക് ആമുഖമായി എന്തെങ്കിലും കൂടുതല്‍ എഴുതാന്‍ ഞാന്‍ തുനിയുന്നില്ല. കാരണം, എനിക്കതിനര്‍ഹതയില്ല.”
എംടിയുടെ അഹംബോധം ഓര്‍ത്തെടുത്ത് ഞാനും അടിവരയിടട്ടെ. വിജയന്റെ ‘ഖസാക്കി’ന് ദീപനും കെഎംകെ സ്മാരക കലാസമിതിയും രംഗഭാഷ ഒരുക്കുമ്പോള്‍ അതിതള്‍കീറി വിശദീകരിക്കാന്‍ ഞാന്‍ തുനിയില്ല. കാരണം, എനിക്കതിനര്‍ഹതയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക