|    May 26 Sat, 2018 7:22 am

2014 മുതലുള്ള കൃഷിനാശം; ജില്ലയില്‍ 18.6 കോടി അനുവദിച്ചു

Published : 21st November 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയില്‍ 2014 മുതല്‍ വരള്‍ച്ചയിലും കാറ്റിലും മഴയിലും സംഭവിച്ച കൃഷിനാശത്തിനു കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായധനത്തില്‍ 18.6 കോടി രൂപ അനുവദിച്ച് കൃഷി ഡയറക്ടറേറ്റ് ഉത്തരവായി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നാളെയും 24നും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെത്തിയതായാണ് വിവരം. 23  കോടി രൂപയാണ് സഹായധനമായി കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്. ഡയറക്ടറേറ്റ് അനുവദിച്ച പണം 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും ബാങ്കുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത സാഹചര്യത്തില്‍ കൃഷിക്കാരുടെ കൈകളിലെത്തുമ്പോഴേക്കും ആഴ്ചകള്‍ കഴിയുമെന്നാണ് സൂചന. കൃഷിനാശത്തിനു പരിഹാരമായി കര്‍ഷകര്‍ക്ക് നല്‍കേണ്ടതില്‍ 2014ല്‍ 3.5ഉം 2015ല്‍ 13.9ഉം 2016ല്‍ 6.2ഉം കോടി രൂപയാണ് കുടിശ്ശിക. 2014ലെ വേല്‍മഴയിലുണ്ടായ കൃഷിനാശത്തിനു സഹായധനമായി 1,702 കര്‍ഷകര്‍ക്ക് 4.9 കോടി രൂപ നല്‍കി. തെക്കുപടിഞ്ഞറന്‍ കാലവര്‍ഷത്തില്‍ കൃഷിനശിച്ച 1,650 കര്‍ഷകര്‍ക്ക് 3.46 കോടി രൂപ കിട്ടാനുണ്ട്. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലുള്ള നാശത്തിനു 19.1 ലക്ഷം രൂപയാണ് വിതരണം ചെയ്യാനുള്ളത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 2015ലെ വേനല്‍മഴയില്‍ 1,386 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. ഇവര്‍ക്ക് 2.25 കോടി രൂപ സഹായധനം കിട്ടണം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷി നശിച്ച 6,079 പേര്‍ക്കുള്ള 11.05 കോടി രൂപയും വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ വിളനാശമുണ്ടായ 54 പേര്‍ക്കുള്ള 1.52 ലക്ഷം രൂപയും പുറമെ. 2016ലെ വരള്‍ച്ചയില്‍ കൃഷിനശിച്ച 5,080 പേര്‍ക്ക് 1.62 കോടി രൂപ നല്‍കാനുണ്ട്. വേനല്‍മഴയില്‍ വിളനാശമുണ്ടായ 1,416 പേര്‍ക്ക് 2.73 കോടി രൂപയും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷിനശിച്ച 542 കര്‍ഷകര്‍ക്ക് 1.85 കോടി രൂപയും കിട്ടാനുണ്ട്. 2014ലെ വേനല്‍ക്കാലം മുതല്‍ 2016ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വരെ ജില്ലയിലുണ്ടായ കൃഷിനാശത്തിനു മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 17,936 കര്‍ഷകര്‍ക്ക് 28 കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. ഇതില്‍ 27.02 കോടി രൂപ സംസ്ഥാന കൃഷിവകുപ്പിന്റെ വിഹിതവും ബാക്കി കേന്ദ്ര വിഹിതവുമാണ്. കൃഷിവകുപ്പ് ഏറ്റവും ഒടുവില്‍ ലഭ്യമാക്കിയ സഹായധനത്തിന്റെ വിതരണോദ്ഘാടനം 21നോ 24നോ മന്ത്രി നടത്തുമെന്നാണ് അറിയുന്നത്. കാര്‍ഷിക ജില്ലയെന്നു ഖ്യാതിയുള്ള വയനാട്ടില്‍ കര്‍ഷകര്‍ പ്രതിസന്ധികള്‍ക്കു നടുവിലാണ്. കാലാവസ്ഥയിലെ താളപ്പിഴയും രോഗങ്ങളും വന്യജീവിശല്യവും മൂലമുള്ള വിളനാശവും വിപണിയില്‍ ഉല്‍പന്നങ്ങള്‍ നേരിടുന്ന വിലത്തകര്‍ച്ചയും കൃഷിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ് കൃഷിയെ മാത്രം ഉപജീവനമാര്‍ഗമാക്കിയവര്‍. ഈ അവസ്ഥയിലും ജില്ലയില്‍ കൃഷിവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന പരിഭവം കൃഷിക്കാര്‍ക്കിടയില്‍ ശക്തമാണ്. ജില്ലയില്‍ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലുമായി 26 കൃഷിഭവനുകളുണ്ട്. ഇതില്‍ എടവക, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും കൃഷി ഓഫിസറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ തസ്തികയില്‍ അഞ്ചുമാസമായി ആളില്ല. ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് പകരം ചുമതല. 10 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫിസിനായി സിവില്‍സ്റ്റേഷന്‍ വളപ്പിലെ ആസൂത്രണഭവനില്‍ അഞ്ചാംനില പണിയാന്‍ അനുമതിയുണ്ടെങ്കിലും ഇതിനായി സമര്‍പ്പിച്ച 2.9 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായില്ല. ജല സംരക്ഷണ-മാനേജ്‌മെന്റ് പരിപാടികള്‍ക്കുള്ള പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജനയില്‍ (പിഎംകെഎസ്‌വൈ) ഉള്‍പ്പെടുത്തുന്നതിനു ജില്ലയില്‍നിന്നു വിവിധ വകുപ്പുകള്‍ സംയുക്തമായി 988 കോടി രൂപയുടെ പ്രൊജക്റ്റ് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും വെറുതെയായി. ഇതര ജില്ലകള്‍ പ്രൊജക്റ്റ് നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര പദ്ധതി ഉപയോഗപ്പെടുത്താനായില്ല. കര്‍ഷക പെന്‍ഷന്‍ പദ്ധതി ജില്ലയില്‍ കുളമായിരിക്കയാണ്. 14,000 കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ജില്ലയില്‍. ഇവര്‍ക്ക് 2016 ജനുവരിയില്‍ 600 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. പെന്‍ഷന്‍ 1,000 രൂപയാക്കി വര്‍ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ജൂണിലേത് നല്‍കി. 600 രൂപ തോതില്‍ ഫെബ്രുവരി മുതല്‍ മെയ് വരെയും 1,000 രൂപ തോതില്‍ ജൂലൈ മുതലും പെന്‍ഷന്‍ കുടിശ്ശികയാണ്. കൃഷി ആവശ്യത്തിനു ജില്ലയിലെ കര്‍ഷകര്‍ വൈദ്യുതി ഉപയോഗിച്ച ഇനത്തില്‍ കൃഷിവകുപ്പ് 2015-16 സാമ്പത്തികവര്‍ഷം രണ്ടര കോടി രൂപ കെഎസ്ഇ ബോര്‍ഡിന് നല്‍കാനുണ്ട്. പുല്‍പ്പള്ളി പാടിച്ചിറ സെക്ഷന്‍ പരിധിയില്‍ മാത്രം ഏകദേശം 40 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. ബില്‍ കുടിശ്ശികയായ കണക്ഷനുകള്‍ വിച്ഛേദിക്കാനുള്ള നീക്കത്തിലാണ് കെഎസ്ഇബി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss