kozhikode local

2014 ലെ ആദിവാസി ക്ഷേമപദ്ധതി; കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് പരാതി

കോഴിക്കോട്: പട്ടിക വര്‍ഗ വികസന വകുപ്പിലെ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. എട്ട് ആദിവാസികളുള്‍പ്പെടെ സോഷ്യല്‍ വര്‍ക്കര്‍മാരായി ജോലിചെയ്യുന്ന 26പേരാണ് അഞ്ചര മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
2014 ല്‍ തുടങ്ങിയ ആദിവാസിക്ഷേമപദ്ധതി പ്രകാരമാണ് ഇവര്‍ക്ക് നിയമനം ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ എന്ന പേരിലാണ് നിയമനം ലഭിച്ചതെങ്കിലും മിഷന്‍ പ്ലസ് വണ്‍, സീറോ ഡ്രോപ്പൗട്ട്, ജ്യോതിര്‍ഗമയ, വഴികാട്ടി എന്നിങ്ങനെ നിരവധി പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരായി ഇവര്‍ മാറി. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കര്‍മ പദ്ധതികളും ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതില്‍ ഇവര്‍ മുന്നില്‍ നിന്നു. ആദിവാസികള്‍ക്കിടയില്‍ മദ്യോപയോഗത്തില്‍ കുറവ് വരുത്താനും കുട്ടികളെ സ്‌കൂളുകളിലെത്തിക്കാനും ഇവര്‍ക്ക് സാധിച്ചു.
എന്നാല്‍, ആദിവാസി ക്ഷേമത്തിനായി അമിത ജോലി ചെയ്യേണ്ടിവന്നിട്ടും ശമ്പളം കിട്ടാത്ത അവസ്ഥയിലാണ് പലരും. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന സോഷ്യല്‍വര്‍ക്കര്‍ക്ക് പിന്നീട് ചെമ്പുകടവ് അംബേദ്കര്‍ ആദിവാസി കോളനിയുടെയും പാത്തിപ്പാറ ആദിവാസി കോളനിയുടെയും ചുമതല നല്‍കിയെങ്കിലും ഇദ്ദേഹത്തിന് താമസസൗകര്യമോ വാഹനസൗകര്യമോ നല്‍കിയില്ല.
മാത്രമല്ല, കാസര്‍കോട് സ്വദേശിയായ ഇദ്ദേഹത്തിന് അഞ്ച് മാസത്തോളമായി ശമ്പളവും മുടങ്ങി. 120 രൂപ ഓട്ടോ ചാര്‍ജ് കൊടുത്താലേ പദ്ധതി പ്രദേശത്ത് എത്തിച്ചേരാനാവു എന്നിരിക്കെ ശമ്പളം പോലും കിട്ടാതിരിക്കുന്നത് ഇവരുടെ ജീവിതത്തെ വലിയ വിഷമത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അവഗണനയ്ക്കിടയിലും കോളനിയില്‍ ട്യൂഷന്‍ സെന്ററും ലൈബ്രറിയും തുടങ്ങാനും ഏങ്കള പിരെ എന്ന പേരില്‍ കോളനിയുടെ ചരിത്ര പുസ്തകം ഇറക്കാനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഇത് ഒറ്റപ്പെട്ട അനുഭവമല്ലെന്നും മറ്റ് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരും ഇതേ ദയനീയ അവസ്ഥ നേരിടുകയാണെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.
Next Story

RELATED STORIES

Share it