2014ല്‍ ബലാല്‍സംഗത്തിനിരയായത് 13,833 കുട്ടികള്‍

ന്യൂഡല്‍ഹി: 2014ല്‍ രാജ്യത്ത് ബലാല്‍സംഗത്തിനിരയായത് 13,833 കുട്ടികള്‍. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ബലാല്‍സംഗത്തിനിരയായത് മധ്യപ്രദേശിലാണ് 2352 കുട്ടികള്‍. മഹാരാഷ്ട്രയില്‍ 1714ഉം ഉത്തര്‍പ്രദേശില്‍ 1538ഉം ഡല്‍ഹിയില്‍ 1004 കുട്ടികളും കഴിഞ്ഞവര്‍ഷം ബലാല്‍സംഗത്തിന് ഇരയായി.
ദക്ഷിണേന്ത്യയില്‍ പൊതുവെ ഇതിന്റെ തോതു കുറവാണ്. 2014ല്‍ കര്‍ണാടകയില്‍ 699 കുട്ടികളും കേരളത്തില്‍ 763ഉം തെലങ്കാനയില്‍ 594ഉം ആന്ധ്രയില്‍ 479 കുട്ടികളും ബലാല്‍സംഗത്തിനിരയായി. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ ഒരു കേസുപോലും ഉണ്ടായിട്ടില്ലെന്നാണ് എന്‍സിആര്‍ബിയുടെ കണക്കുകളില്‍നിന്നുള്ള സൂചന.
ബലാല്‍സംഗത്തിരയാവുന്ന കുട്ടികളുടെ എണ്ണം 2010ല്‍ 5484 ആയിരുന്നെങ്കില്‍ 2012ല്‍ 8541ല്‍ എത്തി. 2014ല്‍ ഇത്തരം കേസുകളുടെ എണ്ണത്തില്‍ 150 ശതമാനത്തിലധികമാണു വര്‍ധനയുണ്ടായിട്ടുള്ളത്. ബലാല്‍സംഗ സംഭവങ്ങളില്‍ ഗ്രാമീണമേഖലയില്‍ പോലിസ് എഫ്ഐആര്‍ രേഖപ്പെടുത്താന്‍ പോലും വൈമുഖ്യം കാട്ടുന്നതായി ആക്ഷേപമുണ്ട്. കൂട്ടബലാല്‍സംഗം പോലുള്ള സംഭവങ്ങള്‍ മാത്രമാണ് പലപ്പോഴും ഗൗരവമായി കണ്ട് കേസെടുക്കാറുള്ളതെന്നും റിപോര്‍ട്ട് പറയുന്നു. പലപ്പോഴും കുട്ടികളുമായി അടുത്തു പരിചയമുള്ളവരാണ് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരില്‍ ഏറെയുമെന്നും എന്‍സിആര്‍ബി വിശദീകരിക്കുന്നു.
2014ല്‍ നടന്ന ബലാല്‍സംഗക്കേസുകളില്‍ 86 ശതമാനവും കുട്ടികളുമായി അടുത്തു പരിചയമുള്ളവര്‍ നടത്തിയതാണ്. 11നും 18നും ഇടയില്‍ പ്രായമുള്ളവരാണ് ലൈംഗികപീഡനത്തിനിരയായവരില്‍ 50 ശതമാനം പേര്‍. ഇതില്‍ 91 ശതമാനംപേരെയും പരിചിതരാണ് പീഡനത്തിനിരയാക്കിയത്. കുടുംബത്തിനുള്ളില്‍ ബന്ധുക്കള്‍ കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന സംഭവങ്ങളും വിരളമല്ലെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it