|    Feb 18 Sun, 2018 7:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

2012ലെ റീസര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ തീരുമാനം

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: 2012ല്‍ നിര്‍ത്തിവച്ച റീസര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ സര്‍വേ നടപടികള്‍ ആരംഭിക്കും. ഇതോടൊപ്പം ഭൂസാക്ഷരതാ പ്രചാരണവും റീസര്‍വേയുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികളും പരിഹരിക്കും. റീസര്‍വേ തുടങ്ങുന്ന ജില്ലകളില്‍ ഓരോ വില്ലേജിലേക്കും നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി സമയപരിധിക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി സര്‍വേ അസി. ഡയറക്ടര്‍മാര്‍ മുതലുള്ള ഉദ്യോഗസ്ഥരുമായും സര്‍വേ വകുപ്പിലെ സര്‍വീസ് സംഘടനാ നേതാക്കളുമായും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തി. 2012 ഫെബ്രുവരി 8നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം 30-10-2012ല്‍ പുറപ്പെടുവിച്ച റവന്യൂ ഉത്തരവില്‍ സംസ്ഥാനത്തെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തുകയുണ്ടായി. ഇതില്‍ മാറ്റം വരുത്താനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം. രണ്ടു ജില്ലകള്‍ വീതം ഉള്‍പ്പെടുത്തി ഏഴു ഘട്ടങ്ങളിലായി മൂന്നര വര്‍ഷം കൊണ്ട് റീസര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഏറ്റവും കൂടുതലുണ്ടെന്നു കണ്ടെത്തിയ കാസര്‍കോട് ജില്ലയും പട്ടയപ്രശ്‌നം നിലനില്‍ക്കുന്ന ഇടുക്കി ജില്ലയുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറു മാസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കും. രണ്ടു ജില്ലകളിലും ഫെബ്രുവരി ആദ്യവാരം ഒരേസമയമാവും റീസര്‍വേ നടപടികള്‍ ആരംഭിക്കുക. ആധുനിക സാങ്കേതികവിദ്യയായ ഇലക്ട്രോണിക്‌സ് ടോട്ടല്‍ സ്‌റ്റേഷന്‍ പ്രയോജനപ്പെടുത്തിയാകും റീസര്‍വേ നടത്തുക. തുടര്‍ന്ന് ഭൂമിസംബന്ധമായ രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. കാസര്‍കോട് ജില്ലയില്‍ ഇതുവരെ എട്ടു ശതമാനം മാത്രമാണ് റീസര്‍വേ പൂര്‍ത്തിയായത്. 1969ല്‍ തുടങ്ങിയ റീസര്‍വേ പ്രവര്‍ത്തനം ഇപ്പോഴും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss