|    Dec 3 Sat, 2016 11:13 pm
FLASH NEWS

2011-16 കാലയളവില്‍ കെഎസ്എഫ്ഇയും കെഎഫ്‌സിയും ഫണ്ടുകള്‍ നല്‍കിയത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്

Published : 10th November 2016 | Posted By: SMR

നിഷ ദിലീപ്

കൊച്ചി: 2011-16 കാലയളവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസും (കെഎസ്എഫ്ഇ) കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനും (കെഎഫ്‌സി) സര്‍ക്കാര്‍ സ്ഥാപനങ്ങളെ അവഗണിച്ച് സ്വകാര്യ സ്ഥാപനങ്ങളെ ഫണ്ട് നല്‍കി സഹായിച്ചതായി വിവരാവകാശ രേഖ.
യുഡിഎഫ് ഭരണകാലത്ത് കെഎസ്എഫ്ഇയുടെയും കെഎഫ്‌സിയുടെയും സാമൂഹിക സുരക്ഷാ ഫണ്ടുകളാണ് ഏറെയും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ കൂടാതെ സ്വകാര്യ വ്യക്തികള്‍ക്കും ഇരുസ്ഥാപനങ്ങളും സഹായം നല്‍കിയിട്ടുണ്ട്. 2011 ഏപ്രില്‍ 1 മുതല്‍ 2016 മാര്‍ച്ച് 31 വരെ വളരെ കുറച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. 2011 മുതല്‍ 2014 വരെ കെഎസ്എഫ്ഇ 52 സ്ഥാപനങ്ങള്‍ക്കാണ് സഹായം നല്‍കിയത്. 1,44,60,519 രൂപയാണ് ഇക്കാലയളവില്‍ നല്‍കിയത്.
എന്നാല്‍, 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇതിന്റെ ഇരട്ടിയോളം തുക നല്‍കി. 109 സ്ഥാപനങ്ങള്‍ക്കായി 2,87,72, 245 രൂപയാണ് നല്‍കിയിട്ടുള്ളത്. കെഎഫ്‌സി 2011-12 സാമ്പത്തിക വര്‍ഷം ഒരു സ്ഥാപനത്തിനു മാത്രമാണ് സഹായം നല്‍കിയിരിക്കുന്നത്- 11,860 രൂപ. 2012 -13 കാലയളവിലും 2013-14 കാലയളവിലും സഹായം നല്‍കിയിട്ടില്ല. 2014-15 കാലയളവില്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കുമായി 2,60,000 രൂപ നല്‍കിയെന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
കെഎസ്എഫ്ഇയും കെഎഫ്‌സിയും 2015-16ല്‍ മാത്രം 2,90,32,245 രൂപയാണ് നല്‍കിയത്. ഇതാകട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു പ്രത്യേക വിഭാഗത്തിനു മാത്രം പണം ഒഴുക്കിയതിന്റെ തെളിവാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പേരിനു മാത്രമാണ് ഫണ്ട് നല്‍കിയിരിക്കുന്നത്. കെഎസ്എഫ്ഇ 2015-16ല്‍ സഹായം നല്‍കിയ 109 സ്ഥാപനങ്ങളില്‍ ഇരുപതോളം മാത്രമാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്.
സഹായത്തിനായി ലഭിക്കുന്ന അപേക്ഷകളില്‍ അര്‍ഹമായവ തിരഞ്ഞെടുത്ത് കെഎഫ്‌സി കെയറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സഹായം നിശ്ചയിക്കുന്നതെന്നും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനമാണ് തുക നല്‍കുന്നതിനുള്ള മാനദണ്ഡമെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day