|    Apr 22 Sun, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 12  >  

2011ല്‍ മിന്നലാക്രമണം: രേഖകള്‍ പുറത്ത്

Published : 10th October 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: 2011ല്‍ ഇന്ത്യ നിയന്ത്രണരേഖ കടന്നു നടത്തിയ മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഓപറേഷന്‍ ജിഞ്ചര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ ദ ഹിന്ദു ദിനപത്രമാണ് പുറത്തുവിട്ടത്.  സൈനിക നടപടിസംബന്ധിച്ച ദൃശ്യങ്ങളും ഫോട്ടോകളും തങ്ങളുടെ കൈവശമുണ്ടെന്നും പത്രം അവകാശപ്പെട്ടു. ഇതിന്റെ രേഖകള്‍ പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2011 ജൂലൈ 30ന് കശ്മീരിലെ കുപ്‌വാര സൈനിക ക്യാംപിനു നേരെ പാകിസ്താന്‍ അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. 19 രജ്പുത് ബറ്റാലിയനും 20 കുമോണ്‍ ബറ്റാലിയനും പരസ്പര മാറ്റം നടക്കുന്നതിനിടെയായിരുന്നു പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ആക്രമണം നടന്നത്. ഹവില്‍ദാര്‍ ജയ്പാല്‍ സിങ് അധികാരി, ലാന്‍സ് നായിക് ദേവേന്ദര്‍ സിങ് എന്നിവരുടെ തല പാക് സൈന്യം അറുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ആശുപത്രിയില്‍ വച്ചും മരിച്ചു.
ഈ സംഭവത്തിനു തിരിച്ചടിയായിട്ടാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ആഗസ്ത് 30നായിരുന്നു തിരിച്ചടി നല്‍കിയത്. സൈനിക നടപടിയില്‍ 25 പേര്‍ പങ്കെടുത്തു. ആഗസ്ത് 29നു പുലര്‍ച്ചെ മൂന്നുമണിക്ക് നിയന്ത്രണരേഖ കടന്ന ഇന്ത്യന്‍ സൈന്യം ഒരു മണിക്കൂറിനുള്ളില്‍ ചൗക്ലിയിലെ പാക് പോസ്റ്റുകള്‍ക്ക് സമീപമെത്തി. എങ്കിലും അടുത്ത ദിവസമാണ് തിരിച്ചടിച്ചത്. സുബേദാര്‍ പര്‍വേഷ്, ഹവില്‍ദാര്‍ അഫ്താബ്, നായ്ക് ഇമ്രാന്‍ എന്നീ പാക് സൈനികരുടെ തലയറുത്ത് നിയന്ത്രണരേഖയ്ക്കിപ്പുറത്തേക്ക് കൊണ്ടുവരുകയും ആയുധങ്ങളും തിരിച്ചറിയല്‍ രേഖകളും ശേഖരിച്ച് മടങ്ങുകയും ചെയ്തു. 45 മിനിറ്റ് നേരമാണ് സൈനിക നടപടി നീണ്ടുനിന്നത്. എട്ടു പാക് സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങളുടെ ഫോട്ടോയെടുത്ത് ഇന്ത്യന്‍ സൈന്യം സൂക്ഷിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
മേജര്‍ ജനറല്‍ എസ് കെ ചക്രവര്‍ത്തിയായിരുന്നു മിന്നലാക്രമണം ആസൂത്രണം ചെയ്തത്. മിന്നലാക്രമണം അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും വാര്‍ത്തയിലുണ്ട്. മിന്നലാക്രമണം നടത്തുമ്പോള്‍ എ കെ ആന്റണിയായിരുന്നു പ്രതിരോധമന്ത്രി. കഴിഞ്ഞയാഴ്ച പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണം സംബന്ധിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പ്രതിപക്ഷവും വിദേശ മാധ്യമങ്ങളും സംശയം പ്രകടിപ്പിച്ചുവരുന്നതിനിടെയാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന മിന്നലാക്രമണത്തിന്റെ രേഖകള്‍ പത്രം പുറത്തുവിട്ടത്. ആക്രമണത്തിന് വ്യോമസേനയുടെയും സഹായമുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്ക് ഇടപെടേണ്ടിവന്നില്ല. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന്‍ സൈനിക പോസ്റ്റുകളും പോലിസ് ചൗക്കിയും തകര്‍ന്നു. ഏറ്റുമുട്ടല്‍, നിരീക്ഷണം, മിന്നലാക്രമണം, പാക് കേന്ദ്രങ്ങള്‍ തകര്‍ക്കല്‍ എന്നിങ്ങനെ ചുമതല നല്‍കി പ്രത്യേകം സംഘങ്ങളായി തിരിച്ചാണ് ആക്രമണം നടത്തിയത്. പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ തലയറുത്തശേഷം നിയന്ത്രണരേഖ നുഴഞ്ഞുകയറാന്‍ ശ്രമിക്കവെ പിടിക്കപ്പെട്ടവരില്‍നിന്ന് ഇന്ത്യന്‍ സൈനികരുടെ തലയുമായി നില്‍ക്കുന്ന പാക് സൈനികരുടെ വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് തിരിച്ചടി ആസൂത്രണം ചെയ്തത്. ഈദിന്റെ തലേദിവസമാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. പാക് സൈനികര്‍ ഇന്ത്യന്‍ തിരിച്ചടി പ്രതീക്ഷിക്കാതിരിക്കാനാണ് ഇതെന്നും റിപോര്‍ട്ട് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss