|    Feb 27 Mon, 2017 2:50 pm
FLASH NEWS

201ാം മുറിയിലെ ‘ദലിത് കുറ്റവാളി’

Published : 4th December 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

അനില്‍കുമാര്‍ പ്രസംഗിക്കുകയല്ല ഗര്‍ജിക്കുകയാണു ചെയ്യുക. ഉച്ചസ്ഥായിയില്‍ തുടങ്ങി ഉച്ചസ്ഥായിയില്‍ തന്നെ അവസാനിക്കുന്ന വിചിത്രമായ പ്രസംഗശൈലി. പ്രസംഗം മാത്രമല്ല, അനിലിന്റെ ചിന്തയും അങ്ങനെത്തന്നെ. അഞ്ചുപത്തു കൊല്ലം മുമ്പ് കൊടുങ്ങല്ലൂരില്‍ താമസമായതിനു ശേഷമാണ് ഓട്ടോഡ്രൈവറായ അനിലിനെ പരിചയപ്പെട്ടത്. അന്ന് അയാള്‍ ദലിത് ജനാധിപത്യമുന്നണിയുടെ നേതാവായിരുന്നു. പറവൂര്‍ അണ്ടിപ്പിള്ളിക്കാവ് ജങ്ഷനില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കരികില്‍ നിന്ന് അയാള്‍ ദലിതനുഭവങ്ങളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും വാചാലനാവും. അപ്പോള്‍ അയാളെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് ചുറ്റിലും സഹപ്രവര്‍ത്തകരുണ്ടാവും.
ജീവിതം പോരാട്ടമാണെന്നു കരുതിയ ഒരു ചെറുപ്പക്കാരനായിരുന്നു അയാള്‍. ആ തീക്ഷ്ണത തന്നെയാവും വര്‍ക്കലയില്‍ ശിവസേനയും പോലിസും ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ തെരുവുനായ്ക്കളെപ്പോലെ ഇരുമ്പുവടികള്‍ക്കിരയാക്കിയപ്പോള്‍ അവിടെ ഓടിയെത്താന്‍ അയാളെ പ്രേരിപ്പിച്ചത്. അവിടെയെത്തിയ ആദ്യ ദലിത് ആക്റ്റിവിസ്റ്റ് അനിലായിരുന്നുവെന്നാണ് ഓര്‍മ.
ഉറക്കെ സംസാരിക്കുകയും ചിരിക്കുകയും ആവേശം കൊള്ളുകയും ചെയ്യുന്ന അനിലിന്റെ ചിത്രം പഴയതാണ്. ഇപ്പോള്‍ അയാള്‍ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ 201ാം നമ്പര്‍ മുറിയില്‍ ചലനമറ്റു കിടക്കുന്നു. കൂട്ടിന് തൊട്ടുമുന്നിലെ മുറിയില്‍ രണ്ടു സിഐഡികളും! കഴിഞ്ഞ ദിവസം നിലമ്പൂര്‍ സിഐ കെ എം ദേവസ്യ മണിക്കൂറുകളോളമാണ് അനിലിനെ ചോദ്യംചെയ്തത്. നിലമ്പൂരില്‍ നവംബര്‍ 24നു മാവോവാദികളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട ദിവസം അനില്‍കുമാറും പരിസരത്തുണ്ടായിരുന്നെന്നും അതിലാണ് പരിക്കേറ്റതെന്നും പോലിസ് ആരോപിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണെന്ന് അനിലും ആരോപിക്കുന്നു. അതിനുള്ള തെളിവുകളും ഹാജരാക്കുന്നുണ്ട്.
ഒക്ടോബറില്‍ ദലിത് സംഘടനാ പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനായി അനില്‍ തിരുവനന്തപുരം കല്ലമ്പലത്ത് ചെന്നിരുന്നു. അവിടെ വച്ച് പൊടുന്നനെ തലചുറ്റി വീണു. വീഴ്ചയ്ക്കിടയില്‍ കൈത്തണ്ടയില്‍ ചെറിയ ചതവുണ്ടായി. കുറച്ചു നാളുകളായി രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാല്‍ തലചുറ്റി വീഴുമായിരുന്നു. കുറച്ചു വിശ്രമിച്ചാല്‍ ക്ഷീണം മാറും. ഇത്തവണയും അത്രയേ കരുതിയുള്ളൂ.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കഴുത്തില്‍ ചെറിയ പിടിത്തംപോലെ. തൈലം പുരട്ടി നോക്കി. കുറവൊന്നുമില്ല. നടക്കാനും പ്രയാസമായി. അനിലിന്റെ ഭാര്യ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ നഴ്‌സാണ്. നവംബര്‍ ഒമ്പതാം തിയ്യതി അവിടത്തെ എല്ലുരോഗവിദഗ്ധനെ കണ്ടു. ന്യൂറോ പ്രശ്‌നമാണെന്നു മനസ്സിലാക്കിയ ഡോക്ടര്‍, അനിലിനെ ഗൗരീശങ്കര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. നവംബര്‍ 10നാണ് അവിടെ ന്യൂറോവിഭാഗത്തിലെ കൃഷ്ണദാസിനെ കാണുന്നത്. ഡോക്ടര്‍ എംആര്‍ഐ സ്‌കാന്‍ നിര്‍ദേശിച്ചു. റിസള്‍ട്ട് പരിശോധിച്ച ഡോ. കൃഷ്ണദാസ് അനിലിന് സര്‍വിക്കല്‍ സ്‌പൈനല്‍ കോഡില്‍ ചതവുണ്ടെന്നും പ്രതിവിധിയായി ഓപറേഷനും നിര്‍ദേശിച്ചു. ചെലവ് ഒരു ലക്ഷം രൂപ.
ഒരു സെക്കന്റ് ഒപ്പീനിയന്‍ കൂടി എടുക്കാന്‍ തീരുമാനിച്ച കുടുംബം നവംബര്‍ 12ന് അനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. ആ പരിസരത്തു തന്നെ അനിലിന്റെ സഹോദരി താമസിച്ചിരുന്നുവെന്നതായിരുന്നു അത്തരമൊരു തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചത്. കിടക്ക ഒഴിവില്ലാത്തതിനാല്‍ തല്‍ക്കാലം അഡ്മിറ്റ് ചെയ്തില്ല. രണ്ടു ദിവസത്തിനു ശേഷം നവംബര്‍ 14ന് ന്യൂറോ സ്‌പെഷ്യലിസ്റ്റായ രാജീവിനെ വീട്ടില്‍ പോയി കണ്ടു. അദ്ദേഹം മരുന്നു കൊടുക്കുകയും ഫിസിയോതെറാപ്പി നിര്‍ദേശിക്കുകയും ചെയ്തു. അവിടെ നിന്ന് നവംബര്‍ 24നാണ് പറവൂരില്‍ എത്തിയത്. നവംബര്‍ 25ന് മെഡികെയറില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇതാണ് അനിലിന്റെ ചികില്‍സയുടെ ചരിത്രം.
നവംബര്‍ 25ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണത്രെ പോലിസിന്റെ സംശയത്തിനു കാരണം. അതു സ്വാഭാവികം. അതുപ്രകാരം നിലമ്പൂര്‍ സിഐ ദേവസ്യ അന്വേഷണവും നടത്തി. ചികില്‍സാരേഖകള്‍ പരിശോധിച്ച സിഐക്ക് അനിലിന്റെ കഥയില്‍ സംശയമില്ലായിരുന്നു. അത് അദ്ദേഹം പത്രക്കാരോടു പറയുകയും ചെയ്തു. പക്ഷേ, ഇപ്പോള്‍ കഥ മാറിയിരിക്കുന്നു. ഇതെഴുതുന്ന ദിവസവും രഹസ്യപോലിസുകാര്‍ അനിലിന്റെ വാര്‍ഡിനു മുന്നിലുണ്ട്. അവര്‍ സന്ദര്‍ശകരെ ഭയപ്പെടുത്തുന്നു. അവരുടെ പേരും വിലാസവും കുറിച്ചെടുക്കുന്നു, ചോദ്യം ചെയ്യുന്നു. അനിലിന്റെ അണ്ടിപ്പിള്ളിക്കാവിലെ വീട്ടുപരിസരത്തും പോലിസ് തമ്പടിച്ചിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് ഓട്ടോ ഓടിക്കാന്‍ മറ്റൊരാളെ നിയോഗിച്ചെങ്കിലും അയാളെയും പോലിസ് ഭീഷണിപ്പെടുത്തി അകറ്റി. ഓട്ടോ ഇപ്പോള്‍ പോലിസിന്റെ കസ്റ്റഡിയിലാണ്. കുറ്റമൊന്നും ചെയ്യാതിരുന്നിട്ടും ആ ചെറുപ്പക്കാരന്‍ നിരന്തര നിരീക്ഷണത്തിലാണെന്ന് ആശുപത്രി സന്ദര്‍ശിച്ച പോരാട്ടം നേതാവ് സി എ അജിതന്‍ പറയുന്നു.
ഇത്തവണ നാട്ടില്‍ പോവുമ്പോള്‍ എനിക്ക് അനിലിനെ കാണണമെന്നുണ്ട്. സംവേദനത്തിന്റെ ഉച്ചസ്വരങ്ങള്‍ പുറപ്പെടുവിച്ചിരുന്ന ആ ചെറുപ്പക്കാരന്റെ കൈപിടിച്ച് അല്‍പ്പനേരം ആ മുറിയില്‍ മൗനമായിരിക്കണമെന്നുമുണ്ട്. പക്ഷേ, 201ാം മുറിയുടെ വാതിലിലേക്കു നോക്കി എല്ലാം നിരീക്ഷിക്കുന്ന ചില കണ്ണുകള്‍ എന്നെ ഭയപ്പെടുത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day