2006ല്‍ റഷ്യന്‍ ചാരന്റെ വധം: പുടിന്റെ അനുമതിയോടെയാവാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്

ലണ്ടന്‍: റഷ്യന്‍ ചാരനായിരുന്ന അലക്‌സാണ്ടര്‍ ലിത്‌വിനെന്‍കോയെ 2006ല്‍ ബ്രിട്ടനില്‍വച്ച് കൊലപ്പെടുത്തിയത് പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അനുമതിയോടെയാവാന്‍ സാധ്യതയുള്ളതായി അന്വേഷണ റിപോര്‍ട്ട്. പൊളോണിയം 210 കൊണ്ടുള്ള വിഷബാധയെത്തുടര്‍ന്നാണ് ലിത്‌വിനെന്‍കോ കൊല്ലപ്പെട്ടത്. ലിത്‌വിനെന്‍കോയുമായുള്ള വ്യക്തി വൈരാഗ്യം കാരണം ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നതിനായി വിഷം നല്‍കുന്നതിന് പുടിന്‍ അനുമതി നല്‍കിയതായി അന്വേഷണ റിപോര്‍ട്ട് പറയുന്നു.
റിപോര്‍ട്ടിനെ ലിത്‌വിനെന്‍കോയുടെ വിധവ മരീന സ്വാഗതം ചെയ്തു. പുടിന് യാത്രാവിലക്കേര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതെസമയം അന്വേഷണ റിപോര്‍ട്ട് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. തികച്ചും ക്രിമിനല്‍കേസായ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അന്വേഷണം സുതാര്യമായിരുന്നില്ല. അന്വേഷണ നടപടികള്‍ നിഷ്പക്ഷമായിരുന്നെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
2006ല്‍ ലണ്ടനില്‍ വച്ചായിരുന്നു ലിത്‌വിനെന്‍കോ കൊല്ലപ്പെട്ടത്. മുന്‍ റഷ്യന്‍ ചാരനായിരുന്ന ഇദ്ദേഹം ബ്രിട്ടനിലേക്ക് പോവുകയും റഷ്യന്‍ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനാവുകയുമായിരുന്നു.
അന്വേഷണറിപോര്‍ട്ടിന്റെ സംഗ്രഹം കഴിഞ്ഞദിവസം ലണ്ടന്‍ ഹൈക്കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ വച്ച് പുടിനാണ് മരണത്തിന് ഉത്തരവാദിയെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞതായും അതിപ്പോള്‍ കോടതി അംഗീകരിച്ചതായും ലിത്‌വിനെന്‍കോയുടെ വിധവ മരീന മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ രഹസ്യാന്വേഷകരെ രാജ്യത്ത് നിന്നു പുറത്താക്കണമെന്നും റഷ്യക്കെതിരേ സാമ്പത്തിക ഉപരോധം നടപ്പാക്കണമെന്നും അവര്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it