2006ല്‍ തോല്‍പിച്ചത് സിപിഎമ്മിലെ വിഭാഗീയത: എം എം ലോറന്‍സ്

ടോമി മാത്യു

കൊച്ചി: 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തന്നെ തോല്‍പിച്ചത് പാര്‍ട്ടിയിലെ വിഭാഗീയതയായിരുന്നുവെന്നുവെന്ന് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം ലോറന്‍സ്. തേജസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ലോറന്‍സ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രഫ. കെ വി തോമസായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എറണാകുളം മണ്ഡലം എല്‍ഡിഎഫിന് എളുപ്പത്തില്‍ ജയിക്കാന്‍ പറ്റുന്ന മണ്ഡലമല്ല. അന്ന് കാര്യങ്ങള്‍ തനിക്ക് അനൂകൂലമായി വന്നതാണ്. പക്ഷേ പാര്‍ട്ടിയിലെ വിഭാഗീയത ശക്തമായിരുന്ന സമയമായിരുന്നു അത്. വിഭാഗീയത മൂര്‍ച്ഛിച്ച പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ തോല്‍പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ വിഭാഗീയതയുടെ ശക്തി കേന്ദ്രമായിരുന്നു എറണാകുളം.
ജില്ലാ കമ്മിറ്റിയില്‍ അന്നുണ്ടായിരുന്ന ഭൂരിഭാഗം പേരും വിഭാഗീയതയുടെ ആളുകളാണ്. ഇതിനെതിരായിരുന്നു താ ന്‍. അതിനാല്‍, തന്നെ തോല്‍പിക്കാന്‍ അവര്‍ രഹസ്യമായി തീരുമാനിച്ച് പ്രവര്‍ത്തിച്ചു. അതല്ലായിരുന്നുവെങ്കില്‍ അന്ന് വിജയിക്കുമായിരുന്നുവെന്നും എം എം ലോറന്‍സ് പറഞ്ഞു. അന്നത്തെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍, തന്റെ നിര്‍ദേശം കോടിയേരി ബാലകൃഷ്ണന്‍ അംഗീകരിച്ചില്ല. മല്‍സരിക്കാതിരിക്കാന്‍ പാടില്ലെന്നും മല്‍സരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇഷ്ടമുള്ള സീറ്റ് തീരുമാനിക്കാന്‍ പറഞ്ഞു. എറണാകുളം ഒഴികെ മറ്റെല്ലായിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു.
ഗോപി കോട്ടമുറിക്കല്‍ ആയിരുന്നു അന്ന് ജില്ലാ സെക്രട്ടറി അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ വി തോമസിനെ മറ്റൊരു മണ്ഡലത്തിലും പ്രചാരണത്തിന് പോവാന്‍ കഴിയാത്തവിധം എറണാകുളം മണ്ഡലത്തില്‍ തളച്ചിടണമെങ്കില്‍ ലോറന്‍സ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവണമെന്ന്. അങ്ങനെ വന്നാല്‍ അത് മറ്റു മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് താന്‍ സ്ഥാനാര്‍ഥിയായത്.
എറണാകുളം മണ്ഡലത്തി ല്‍ ഒരുപാട് ബന്ധുക്കള്‍ ഉണ്ട്. തന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ ഉണ്ട്. ഇവരെല്ലാവരും ആ തിരഞ്ഞെടുപ്പില്‍ സഹായിക്കാ ന്‍ തയാറായിരുന്നു. അവര്‍ സഹായിക്കുകയും ചെയ്തു. ജയിച്ചാ ല്‍ മന്ത്രിയാവുമെന്ന തരത്തി ല്‍ പ്രചാരണവുമുണ്ടായിരുന്നു. അതിനാല്‍, കോണ്‍ഗ്രസ് കുടുംബങ്ങളില്‍ പെട്ടവര്‍ പോലും തന്നെ സഹായിച്ചു. രാത്രികാലങ്ങളില്‍ കോണ്‍ഗ്രസ് കുടുംബങ്ങളില്‍പെട്ടവര്‍ കോണ്‍ഗ്രസ്സിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുടെ വീടുകളില്‍ കയറി തനിക്കു വേണ്ടി വോട്ടു പിടിച്ചു. പാര്‍ട്ടി നോക്കാതെ വ്യക്തിയെ നോക്കിയായിരിക്കും ഇത്തവണ തങ്ങളുടെ വോട്ടെന്നും ലോറന്‍സിന് വോട്ടു ചെയ്തിരിക്കുമെന്നും മിക്ക കോണ്‍ഗ്രസ് വീടുകളില്‍ നിന്നും ഉറപ്പു ലഭിച്ചിരുന്നു. അവരുടെ വോട്ടുകള്‍ എല്ലാം കിട്ടുകയും ചെയ്തു. പക്ഷേ വിഭാഗീയത നിമിത്തം പാര്‍ട്ടിയിലെ 4000 ത്തോളം വോട്ടുകള്‍ തനിക്ക് വീണില്ലെന്നും എം എം ലോറന്‍സ് പറഞ്ഞു.
Next Story

RELATED STORIES

Share it