Flash News

2002ലെ ഗുജറാത്ത് വംശഹത്യ : മോദിക്ക് ക്ലീന്‍ ചിറ്റ് ; സാകിയ ജഫ്‌രിയുടെ ഹരജി തള്ളി



ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നടപടി ചോദ്യം ചെയ്ത സാകിയ ജഫ്‌രി സമര്‍പ്പിച്ച ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടേണ്ടതുണ്ടെന്ന് ജഡ്ജി വിശദീകരിച്ചു. അതിനാല്‍ എസ്‌ഐടി റിപോര്‍ട്ടിനെതിരേ അതേ കോടതി മുമ്പാകെയോ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനെയോ സുപ്രിംകോടതിയെയോ പരാതിക്കാര്‍ക്കു സമീപിക്കാമെന്നും ജസ്റ്റിസ് സോണിയ ഗൊകാനി വ്യക്തമാക്കി. എസ്‌ഐടി റിപോര്‍ട്ട് സ്വീകരിച്ച ശേഷം അതില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്ന വിചാരണക്കോടതിയുടെ നിലപാട് തെറ്റാണ്. കലാപത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നു വിശ്വസിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവയായ സാകിയക്കൊപ്പം പ്രമുഖ സാമൂഹികപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എസ്‌ഐടി റിപോര്‍ട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. കലാപത്തില്‍ മോദിയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാകിയ  സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു മോദിയുള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രിംകോടതി സിബിഐ ഡയറക്ടര്‍ ആയിരുന്ന ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ എസ്‌ഐടിയെ നിയോഗിച്ചത്. എന്നാല്‍ സംഭവം അന്വേഷിപ്പിച്ച എസ്‌ഐടി കീഴ്‌ക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ റിപോര്‍ട്ട് നല്‍കുകയായിരുന്നു. എസ്‌ഐടിയുടെ ഈ നടപടി ചോദ്യംചെയ്താണു സാകിയ ജഫ്‌രി ഹൈക്കോടതിയെ സമീപിച്ചത്.  മോദിക്ക് പങ്കുണ്ടെന്നു വ്യക്തമാക്കുന്ന നേരിട്ടുള്ള തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയ എസ്‌ഐടി, റിപോര്‍ട്ടില്‍  മോദിക്കു ശുദ്ധിപത്രം നല്‍കിയിരുന്നില്ല. അതേസമയം,  സാഹചര്യത്തെളിവുകള്‍ ധാരാളമുണ്ടെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it