2001-2016: ചേരിപ്പോരുകളില്‍ കുരുങ്ങി ഒന്നര ദശകം

കോണ്‍ഗ്രസ്സില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് ഏറ്റവും രൂക്ഷമായ സാഹചര്യത്തിലായിരുന്നു 11ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നത്. എങ്കിലും 2001 മെയിലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തി. എല്‍ഡിഎഫിന് 40 സീറ്റുകള്‍ മാത്രം ലഭിച്ചു. 2001 മെയ് 16ന് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ്സിലെ ചേരിപ്പോര് രാഷ്ട്രീയ-ഭരണതലങ്ങളില്‍ പ്രതിഫലിച്ചു. 2003ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ വയലാര്‍ രവിക്കും തെന്നല ബാലകൃഷ്ണ പിള്ളയ്ക്കും പുറമേ ഐ ഗ്രൂപ്പില്‍ നിന്ന് കെ കരുണാകരന്റെ നോമിനിയായി കോടോത്ത് ഗോവിന്ദന്‍ നായര്‍ വിമതനായി നിന്ന് പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കെ മുരളീധരനെ വൈദ്യുതിമന്ത്രിയാക്കി.
2004 മെയ് 10ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ പരാജിതനായ മുരളീധരന്‍ മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയായ ശേഷം ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന ആദ്യ മന്ത്രിയെന്ന വിശേഷണത്തിനും കെ മുരളീധരന്‍ അര്‍ഹനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളും എല്‍ഡിഎഫ് നേടി. യുഡിഎഫില്‍ നിന്നു മലപ്പുറത്ത് ഇ അഹമ്മദ് (മുസ്‌ലിംലീഗ്) മാത്രമാണ് വിജയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 2004 ആഗസ്ത് 29ന് എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇടമലയാര്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള മന്ത്രിസ്ഥാനം രാജിവച്ചതും കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ കാര്യങ്ങള്‍ നേടുന്നുവെന്ന, ആന്റണിയുടെ വിവാദ പ്രസ്താവനയും ഈ കാലഘട്ടത്തിലായിരുന്നു. ആന്റണിയുടെ രാജിയെ തുടര്‍ന്ന് കേരളത്തിന്റെ 19ാമത് മുഖ്യമന്ത്രിയായി 2004 ആഗസ്ത് 31ന് ഉമ്മന്‍ചാണ്ടി ചുമതലയേറ്റു. വിവാദമായ ഐസ്‌ക്രീം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നതായിരുന്നു സര്‍ക്കാര്‍ നേരിട്ട ആദ്യ പ്രതിസന്ധി. ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ പി വിശ്വനാഥനും ആരോഗ്യവകുപ്പിലെ അഴിമതി സംബന്ധിച്ച ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കും മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവന്നു. ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയില്‍ മനംനൊന്ത് കെ കരുണാകരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് വിട്ട് 2005 മെയ് ഒന്നിന് നാഷനല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) എന്നാക്കി.
2005ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച ഡിഐസി 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന് 19 സീറ്റില്‍ ജനവിധി തേടി. ഡിഐസിയില്‍ നിന്ന് ഒരുവിഭാഗം പിന്നീട് എന്‍സിപിയിലേക്കു പോയി. ആദ്യം കരുണാകരനും പിന്നീട് മുരളീധരനും അടക്കമുള്ളവര്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങി. ആര്‍എസ്പി ബേബി ജോണ്‍ വിഭാഗത്തില്‍ ബാബൂ ദിവാകരന്റെയും എ വി താമരാക്ഷന്റെയും നേതൃത്വത്തില്‍ വീണ്ടും പിളര്‍പ്പുണ്ടായി. പി ജെ ജോസഫുമായി തെറ്റിയ പി സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിക്കുന്നതും ഈ ഘട്ടത്തിലാണ്.
2006 മെയ് മാസത്തിലാണു 12ാം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പിബി അംഗങ്ങള്‍ മല്‍സരിക്കേണ്ടെന്ന പൊതുമാനദണ്ഡത്തിന്റെ മറവില്‍ സിപിഎം സംസ്ഥാന നേതൃത്വം വിഎസിന് സീറ്റ് നിഷേധിച്ചത് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിലേക്ക് വിഎസ് അനുകൂലികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് വിഎസിന് സീറ്റ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 98 സീറ്റും യുഡിഎഫ് 42 സീറ്റും നേടി. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ ആര്‍ ഗൗരിയമ്മ, എം വി രാഘവന്‍ തുടങ്ങി യുഡിഎഫ് നിരയിലെ പ്രമുഖര്‍ പരാജയം രുചിച്ചു. 2006 മെയ് 18ന് വിഎസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. വിഎസ്-പിണറായി വിഭാഗങ്ങള്‍ തമ്മിലെ കടുത്ത വിഭാഗീയത സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചു. വിഎസിന്റെ എതിര്‍പ്പിനെ മറികടന്ന് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി. പലവിഷയങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു തട്ടിലായതോടെ വിവാദങ്ങള്‍ മന്ത്രിസഭയെ വിടാതെ പിന്തുടര്‍ന്നു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ വിഎസ് തുടങ്ങിയ മൂന്നാര്‍ ഓപറേഷന് തുടക്കത്തിലെ ആവേശം തുടരാനായില്ല. മൂന്നാറിലെ സിപിഐ ഓഫിസില്‍ കൈവച്ചതോടെ ദൗത്യം അകാലചരമം പൂകി.
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന വിമാനയാത്രാ വിവാദത്തിന്റെ പേരില്‍ പി ജെ ജോസഫിന് പൊതുമരാമത്ത് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. പകരം മന്ത്രിയായ ടി യു കുരുവിളയ്ക്ക് രാജകുമാരി ഭൂമിതട്ടിപ്പ് കേസ് വിനയായതോടെ മോന്‍സ് ജോസഫ് മന്ത്രിയായി. ചെന്നൈ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് 2009 ആഗസ്തില്‍ പി ജെ ജോസഫ് മന്ത്രിസഭയില്‍ തിരികെ എത്തി. അധികം താമസിയാതെ ജോസഫ് ഗ്രൂപ്പ് മാണി കോണ്‍ഗ്രസ്സില്‍ ലയിക്കുകയും എല്‍ഡിഎഫ് വിടുകയും ചെയ്തു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിനല്‍കുന്നതിനെച്ചൊല്ലി വിഎസും സിപിഎം മന്ത്രിമാരും രണ്ടു ചേരിയായി നിലയുറപ്പിച്ചതും മന്ത്രിസഭയെ വിവാദത്തിലേക്കു നയിച്ചു.
2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിന് കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മാത്യു ടി തോമസ് മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് ജനതാദള്‍ രണ്ടു ചേരിയായി, വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫിലേക്ക് പോയി. എല്‍ഡിഎഫില്‍ തുടര്‍ന്ന ദേവഗൗഡ വിഭാഗത്തിലെ ജോസ് തെറ്റയില്‍ മാത്യു ടി തോമസിന് പകരം മന്ത്രിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 18 സീറ്റിലും എല്‍ഡിഎഫ് പരാജയപ്പെട്ടു. നിയമനം പിഎസ്‌സിക്ക് വിടാനുള്ള ദേവസ്വം ബില്ല് വിവാദമായതോടെ ജി സുധാകരന് ദേവസ്വം വകുപ്പ് ഒഴിയേണ്ടിവരികയും പകരം കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാവുകയും ചെയ്തു. കേരള കോണ്‍ഗ്രസ്സിലെ വി സുരേന്ദ്രന്‍പിള്ളയ്ക്കും അവസാനഘട്ടത്തില്‍ മന്ത്രിസഭയില്‍ അവസരം ലഭിച്ചു. 12ാം നിയമസഭയിലെ സ്പീക്കര്‍ കെ രാധാകൃഷ്ണനും ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയുമായിരുന്നു. 13ാം നിയമസഭയിലേക്ക് 2011 ഏപ്രില്‍ 13ന് നടന്ന തിരഞ്ഞെടുപ്പില്‍ 72 സീറ്റുകള്‍ നേടിയ യുഡിഎഫ് മന്ത്രിസഭ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരമേറ്റു. 68 സീറ്റുകള്‍ എല്‍ഡിഎഫ് നേടി. സിഎംപി, ജെഎസ്എസ് കക്ഷികള്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം നഷ്ടപ്പെട്ടു. മന്ത്രിമാരുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും വിവാദങ്ങളും ഒന്നിനു പിറകേ ഒന്നായി മന്ത്രിസഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു.
പാമൊലിന്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ആദ്യം വിജിലന്‍സ് വകുപ്പും ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തരവകുപ്പും ഒഴിയേണ്ടിവന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് കെ ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പിന്നീട് കേരള കോണ്‍ഗ്രസ് ബി മുന്നണി വിടുകയും ചെയ്തു. ഈ കാലയളവില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിച്ചു. നെയ്യാറ്റിന്‍കര എല്‍ഡിഎഫ് എംഎല്‍എ ശെല്‍വരാജ് യുഡിഎഫിലേക്ക് മാറിയത് വന്‍ വിവാദമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജ് വീണ്ടും വിജയം നേടി. മന്ത്രി ടി എം ജേക്കബിന്റെയും സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും മരണം കാരണം യഥാക്രമം പിറവത്തും അരുവിക്കരയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതു മന്ത്രിസഭയുടെ ഭൂരിപക്ഷം ഉയര്‍ത്തി. ഇതിനിടെ കെ എം മാണിയുമായി ഇടഞ്ഞ പി സി ജോര്‍ജ് ആദ്യം ചീഫ്‌വിപ്പ് സ്ഥാനവും പിന്നീട് എംഎല്‍എ സ്ഥാനവും രാജിവച്ചു. എന്നാല്‍ രാജി സ്വീകരിക്കാതെ സ്പീക്കര്‍ അദ്ദേഹത്തെ അയോഗ്യനാക്കിയ തീരുമാനം പിന്നീട് നിയമക്കുരുക്കിലേക്കു നീങ്ങി.
ബാര്‍കോഴ ആരോപണവിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ നടന്ന പ്രതിപക്ഷസമരം, നിയമസഭയില്‍ അനിഷ്ടസംഭവകള്‍ക്ക് ഇടയാക്കി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരുടെ സസ്‌പെന്‍ഷനും 13ാം നിയമസഭ സാക്ഷ്യംവഹിച്ചു. മദ്യനയത്തെ ചൊല്ലി കെപിസിസി പ്രസിഡന്റും സര്‍ക്കാരും തമ്മിലുടലെടുത്ത ഭിന്നത പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടുന്നതിലേക്ക് എത്തി. ബാര്‍കോഴ ആരോപണം കെ എം മാണിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചതിനൊപ്പം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും അരോപണക്കുരുക്കിലായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് ഭൂമി ഇടപാടുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളും വിവാദത്തിലായി. കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുകയും ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെ ആര്‍ ഗൗരിയമ്മ തിരഞ്ഞെടുപ്പു ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലത്തിലാണ് 14ാം നിയമസഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പിന് അങ്കത്തട്ട് ഒരുങ്ങുന്നത്.

(അവസാനിച്ചു)
Next Story

RELATED STORIES

Share it