|    Oct 22 Mon, 2018 5:06 am
FLASH NEWS

2,000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ളവയ്ക്ക്  25 ശതമാനം നികുതി വര്‍ധന

Published : 22nd December 2015 | Posted By: SMR

കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വീടുകള്‍ക്കുള്ള നികുതി വര്‍ധിപ്പിച്ചു ഭേതഗതി വരുത്തി. പഴയ വീട് പുതുക്കിപ്പണിതാലും വിസ്തീര്‍ണം കൂട്ടിയാലും ഇനിമുതല്‍ അവയ്ക്കു നികുതിയടക്കണമെന്നും, നികുതിയില്‍ നിന്ന് ഒഴിവാക്കിയ ചെറിയ വീട് ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് എന്നുമാക്കി പരിമിതപ്പെടുത്തിയുമാണു കെട്ടിട നിര്‍മാണത്തിലെ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേതഗതി വരുത്തിയത്. 2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുളള വീടുകള്‍ക്ക് 25 ശതമാനം തുക വര്‍ധിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നികുതിയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നത്. ഇതുമൂലം പഞ്ചായത്തുകളില്‍ വരുമാനം കുറയുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധന. 2000 സ്‌ക്വയര്‍ ഫീറ്റ് വരെ തറ വിസ്തീര്‍ണമുള്ളതും ഏറ്റവും ഒടുവില്‍ നികുതി പുനര്‍ നിര്‍ണയിച്ചതുമായ വീട് മേല്‍ക്കൂര മാറ്റല്‍ പോലുള്ള ഘടനാപരമായ മാറ്റങ്ങളൊന്നും വരുത്താത്തതാണെങ്കില്‍ 2013ന് മുമ്പുള്ള വസ്തു നികുതി ഈടാക്കിയാല്‍ മതി.
എന്നാല്‍, ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയ വീടുകളെ പുതിയ കെട്ടിടങ്ങളായി പരിഗണിച്ച് പുതിയ ചട്ടപ്രകാരം നികുതി നല്‍കണം. ഘടനാപരമായ മാറ്റങ്ങളില്ലെങ്കിലും നികുതിക്കുമുമ്പായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയവയാണെങ്കില്‍ കൂട്ടിച്ചേര്‍ത്ത ഭാഗത്തിന്റെ വിസ്തൃതിക്ക് നികുതി നല്‍കണം. ഇത് മുമ്പുള്ള രജിസ്ട്രര്‍ പരിശോധിച്ച് തിട്ടപ്പെടുത്താനായിട്ടില്ലെങ്കില്‍ ഉടമസ്ഥര്‍ സത്യവാങ്ങ്മൂലം എഴുതി നല്‍കിയാല്‍ മതി. 2000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള മാറ്റങ്ങള്‍ വരുത്താത്ത വീടുകള്‍ക്ക് നിലവിലുള്ള നികുതിയും 25ശതമാനം അധിക തുകയും നല്‍കണം. ഇവയിലും കൂട്ടിച്ചേര്‍ക്കലുകളുണ്ടായിട്ടുണ്ടെങ്കില്‍ വര്‍ധിപ്പിച്ച തറ വിസ്തീര്‍ണത്തിന് പുതിയ നികുതി നല്‍കണം.
660 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകളെ നേരത്തെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ആനുകൂല്യം ഒരു കുടുംബത്തിലെ ഒരാളുടെ പേരിലുള്ളതും സ്വന്തമായി വാസഗ്രഹത്തിനായി മാത്രമായും പരിമിതപ്പെടുത്തി. അഞ്ചുവര്‍ഷ കാലയളവില്‍ ഇപ്രകാരം നികുതി നല്‍കുന്നതിന് ഉടമസ്ഥന്റെ സത്യവാങ്മൂലം പഞ്ചായത്ത് സെക്രട്ടറി വാങ്ങേണ്ടതുമാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന പമ്പ് ഹൗസ്, മോട്ടോര്‍ ഷെഡ് എന്നിവയ്ക്ക് നികുതി പ്രത്യേകം ചുമത്തേണ്ടതില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സഞ്ചയ സോഫ്റ്റ്‌വയറിന്റെ ഡാറ്റാബേസിലുള്ള എന്‍ട്രികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഒരാളെ നിയമിക്കാതെ ഒരു എന്‍ട്രിക്ക് രണ്ടുരൂപ നിരക്കില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ഈടാക്കാവുന്നതാണ്.
സഞ്ചയ സോഫ്റ്റ് വയറില്‍ 10 ദിവസത്തിനകം നിര്‍ദേശങ്ങള്‍ ചേര്‍ക്കും. പ്രശ്‌നങ്ങളും പരാതികളുമില്ലാത്ത രീതിയില്‍ നികുതി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും ഓരോ ആഴ്ചയിലേയും പുരോഗതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പെര്‍ഫോമന്‍സ് ആഡിറ്റ് യൂനിറ്റ് മുഖേന റിപ്പോര്‍ട്ട് ജില്ലാതലത്തിലേക്ക് സമര്‍പ്പിക്കണമെന്നും പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss