|    Nov 20 Tue, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

200 പേര്‍ക്കെതിരേ യുഎപിഎ കേസ് ; യുപിയിലെ ഗ്രാമത്തില്‍ നിന്ന് മുസ്‌ലിംകളുടെ കൂട്ടപ്പലായനം

Published : 3rd November 2018 | Posted By: kasim kzm

ലഖ്‌നോ: നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ ഖൈറില്‍ നിന്ന് പോലിസ് അറസ്റ്റ് ഭയന്ന് ഭൂരിഭാഗം യുവാക്കളും പലായനം ചെയ്തു. ഒക്ടോബര്‍ 20ന് ദുര്‍ഗാവിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 200ഓളം മുസ്‌ലിംകള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ തുടര്‍ന്നാണ് ബഹ്‌റയ്ച്ച് ജില്ലയിലെ ഖൈറില്‍ നിന്ന് ആളുകള്‍ വീട് ഉപേക്ഷിച്ചു പോയത്.
ഗ്രാമത്തിലൂടെ ദുര്‍ഗാവിഗ്രഹ നിമജ്ജനയാത്ര കടന്നുപോകവെയാണ് സംഘര്‍ഷമുണ്ടായത്. പ്രദേശവാസികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന അശീഷ്‌കുമാര്‍ ശുക്ല എന്നയാളുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. എഫ്‌ഐആറില്‍ ഗ്രാമത്തിലെ 80 മുസ്‌ലിംകളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന 100നും 200നും ഇടയില്‍ ആളുകള്‍ക്കെതിരേയും കേസുണ്ട്.
ഖൈറില്‍ നിന്ന് 19 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് 52 പേരെ തിരിച്ചറിഞ്ഞതായും പോലിസ് പറഞ്ഞു. എന്നാല്‍, കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തിയത് തെറ്റായിപ്പോയെന്ന് പോലിസ് തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു. ഈ വകുപ്പ് എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കുമെന്നും പോലിസ് അവകാശപ്പെടുന്നു. അതേസമയം, ദുര്‍ഗാവിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ഉണ്ടായിരുന്ന ചിലര്‍ മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്‌ലിംകളുടെ നേര്‍ക്ക് ഘോഷയാത്രയില്‍ ഉണ്ടായിരുന്നവര്‍ കുങ്കുമപ്പൊടി വാരിയെറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായെങ്കിലും അതു പറഞ്ഞുതീര്‍ത്തു. തുടര്‍ന്ന് സമീപത്തുള്ള മസ്ജിദിനകത്തേക്ക് കുങ്കുമപ്പൊടിയെറിഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിലാണ് സംഘര്‍ഷമുണ്ടായതെങ്കിലും പോലിസ് മുസ്‌ലിംകള്‍ക്കെതിരേ മാത്രമാണ് കേസെടുത്തതെന്ന് ഗ്രാമവാസിയായ 63 വയസ്സുള്ള ജെയ്തൂന പറഞ്ഞു. ഘോഷയാത്രയില്‍ നിന്ന് കല്ലെറിയുകയും തങ്ങളുടെ വീടുകളും കടകളും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരേ ഒരു കേസുമെടുത്തില്ലെന്ന് അവര്‍ ആരോപിച്ചു. പോലിസ് വീടുകളില്‍ റെയ്ഡ് തുടങ്ങിയതിനെ തുടര്‍ന്ന് യുവാക്കളെല്ലാം ഗ്രാമം വിട്ടുപോയി. മുന്‍ ഗ്രാമത്തലവന്‍ മുഹമ്മദ് റഷീദ്, ഖൈര്‍ ബസാര്‍ ജുമാമസ്ജിദിലെ ഇമാം ഹാഫിസ് അബ്ദുല്‍ ബാരി തുടങ്ങിയവരും പലായനം ചെയ്തവരില്‍പ്പെടുന്നു. അതേസമയം, പ്രദേശവാസികള്‍ നല്‍കിയ എട്ട് വീഡിയോകളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലിസ് അവകാശപ്പെട്ടു. ഹിന്ദുക്കള്‍ക്കെതിരേ എന്തുകൊണ്ട് കേസെടുത്തില്ലെന്ന ചോദ്യത്തിന് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ അക്രമം നടത്തിയതായി വീഡിയോയില്‍ കാണുന്നില്ലെന്നാണ് പോലിസിന്റെ മറുപടി. അതേസമയം, യുഎ പിഎ തെറ്റായ രീതിയില്‍ പ്ര യോഗിക്കപ്പെട്ടിട്ടുണ്ടെന്ന് എഎ സ്പി രവീന്ദ്രകുമാര്‍ പറഞ്ഞു. ഇത് എങ്ങനെ സംഭവിച്ചെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ക്രിമിനല്‍ക്കുറ്റം ചുമത്താനാണു തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമാണു നടന്നതെന്ന് ഡിഐജി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss