200 ജഡ്ജിമാര്‍ കൂട്ട അവധിയില്‍; ഇന്ന് ഹൈക്കോടതി ബന്ദ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കുമിടയില്‍ ജഡ്ജിമാരുടെ താല്‍ക്കാലിക നിയമനത്തിനെതിരേ തെലങ്കാന ജഡ്ജിമാര്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി. കീഴ്‌ക്കോടതിയിലെ ഒമ്പത് ജഡ്ജിമാരെക്കൂടി ഇന്നലെ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച രണ്ടു ജഡ്ജിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്കലംഘനം നടത്തിയതിനായിരുന്നു ഇവര്‍ക്കെതിരേ നടപടിയെടുത്തത്.
കീഴ്‌ക്കോടതി ജഡ്ജിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 200 ജഡ്ജിമാര്‍ 15 ദിവസത്തേക്ക് കൂട്ടഅവധിയെടുത്തു. തെലങ്കാന ജഡ്ജസ് അസോസിയേഷന്‍ ഇന്ന് ഹൈക്കോടതി ബന്ദിന് ആഹ്വാനം ചെയ്തു. കടുത്ത നടപടികളുടെ ഭാഗമായാണ് ഹൈക്കോടതി ഒമ്പത് ജഡ്ജിമാരെക്കൂടി സസ്‌പെന്റ് ചെയ്തത്. ഇതോടെ 11 ജഡ്ജിമാരാണ് സസ്‌പെന്‍ഷനിലായത്. കഴിഞ്ഞ ഞായറാഴ്ച നൂറിലധികം ജഡ്ജിമാര്‍ ഗണ്‍പാര്‍ക്ക് മുതല്‍ രാജ്ഭവന്‍ വരെ മാര്‍ച്ച് നടത്തുകയും ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം ആന്ധ്രപ്രദേശില്‍ നിന്നുള്ള ജഡ്ജിമാരെ തെലങ്കാന കോടതികളില്‍ നിയമിച്ചതിനെതിരേയാണ് തെലങ്കാന ജഡ്ജിമാരുടെ പ്രതിഷേധം. തെലങ്കാന ജഡ്ജസ് അസോസിയേഷന്റെ ഇരുനൂറോളം ജഡ്ജിമാര്‍ പങ്കെടുത്ത യോഗത്തിലാണ് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. ജഡ്ജിമാരുടെ സസ്‌പെന്‍ഷനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജഡ്ജിമാരും അഭിഭാഷകരും പ്രതിഷേധ പ്രകടനം നടത്തി. നിരവധി അഭിഭാഷകരെ പോലിസ് കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെലങ്കാന ജഡ്ജസ് അസോസിയേഷന്‍ ഇന്ന് ഛലോ ഹൈക്കോടതി പരിപാടിക്കും ആഹ്വാനം ചെയ്തു.
അതിനിടെ തെലങ്കാനയില്‍ പുതിയ ഹൈക്കോടതി സ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കും വഹിക്കാനില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് അതില്‍ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി വിഭജിക്കുന്നതില്‍ അമാന്തം കാണിക്കുകയാണെന്നാണ് തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് കുറ്റപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it