|    Dec 3 Sat, 2016 7:53 am
FLASH NEWS

20 മാസം സൗദിയില്‍ തടവില്‍ക്കഴിഞ്ഞ ഹബീബ് റഹ്മാന്‍ നാട്ടിലേക്കു മടങ്ങി

Published : 24th October 2016 | Posted By: SMR

ഒ എസ് നിഷാദ്

ഖമീസ് മുഷൈത്ത്: ജീവിതം കരുപ്പിടിപ്പിക്കാന്‍ കടല്‍കടന്നെത്തിയ കോഴിക്കോട് മൂഴിക്കല്‍, ചെറുവറ്റ അലിക്കുട്ടി-ആമിന ദമ്പതികളുടെ മകനായ ഹബീബ് റഹ്മാനെ (30) കാത്തിരുന്നത് 20 മാസം നീണ്ട ജയില്‍ജീവിതം. മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്നാണ് ഈ യുവാവ് സൗദിയില്‍ ജയിലിലായത്. മരണമടഞ്ഞ ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം മോചനം എന്നായിരുന്നു കോടതി വിധിച്ചത്.
വിസയ്ക്കു നല്‍കാന്‍ കടം വാങ്ങിയ പണം പോലും തിരിച്ചുകൊടുത്തിട്ടില്ലാത്ത ഹബീബിനും കുടുംബത്തിനും താങ്ങാനാവുന്നതായിരുന്നില്ല ഈ തുക. പിഴത്തുക സ്വരൂപിക്കാന്‍ കഴിയില്ലെന്ന നിരാശയും ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളാനാവാതെ തടവറയില്‍ കഴിഞ്ഞ യുവാവിന് തത്‌ലീസിലെ സാമൂഹികപ്രവര്‍ത്തകന്‍ നാസര്‍ മാങ്കാവിന്റെ പരിശ്രമത്താലാണ് മോചനം സാധ്യമായത്. കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാനത്തില്‍ ഹബീബ് റഹ്മാന്‍ നാട്ടിലേക്കു മടങ്ങി.
പരിചയക്കാരന്‍ നല്‍കിയ വിസയില്‍ 2012ലാണ് ഹബീബ് സൗദിയിലെത്തിയത്. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണം ചെയ്യുന്ന ട്രെയ്‌ലറിന്റെ ഡ്രൈവറായാണ് ജോലി ചെയ്തത്. 2014 മെയ് അഞ്ചിന് ഖമീസില്‍ നിന്ന് ബിഷയിലേക്ക് പെട്രോളുമായി പോവുമ്പോള്‍ ഹബീബ് ഓടിച്ച ട്രെയ്‌ലര്‍ എതിരേ വന്ന ഡൈനയിലിടിച്ചാണ് മൂന്നു പാകിസ്താനികള്‍ മരിച്ചത്.
അപകടത്തിന് പൂര്‍ണ ഉത്തരവാദി ഹബീബാണെന്നു കണ്ടെത്തിയ കോടതി മരിച്ച ഒാരോരുത്തരുടെയും കുടുംബത്തിന് മൂന്നുലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.ഹബീബിന്റെ മോചനത്തിനുവേണ്ടി ആദ്യം മുതലേ പ്രയത്‌നിച്ച നാസര്‍ മാങ്കാവ് നിരവധി തവണ കോടതി കയറിയിറങ്ങി. തുടര്‍ന്ന് സ്വന്തം ജാമ്യത്തില്‍ ഹബീബിനെ പുറത്തിറക്കി തത്‌ലീസില്‍ താമസമുള്‍പ്പെടെയുള്ള സൗകര്യം നല്‍കി. നഷ്ടപരിഹാരത്തുക നല്‍കാന്‍ ഹബീബിനും കുടുംബത്തിനും സാമ്പത്തികശേഷിയില്ലെന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയതോടെയാണ് മോചനത്തിനു വഴിതെളിഞ്ഞത്. ഹബീബിന്റെ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ സ്‌പോണ്‍സറുടെ സഹായത്തോടെ എക്‌സിറ്റ് നേടി. തത്‌ലീസ് മലയാളി സമാജമാണ് ഹബീബിന്റെ യാത്രാചെലവ് വഹിച്ചത്. നാസര്‍ മാങ്കാവിനെ കൂടാതെ മലയാളി സമാജം ഭാരവാഹികളായ ജോസ് ചാലക്കുടി, സാബു സൈമണ്‍, രജീഷ് ഇരുമൂഴിക്കല്‍, സലിം മലപ്പുറം എന്നിവര്‍ അബഹ വിമാനത്താവളത്തില്‍ ഹബീബിനെ യാത്രയയക്കാനെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day