|    Jan 25 Wed, 2017 5:09 am
FLASH NEWS

20 ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് നോട്ടീസ്

Published : 2nd October 2016 | Posted By: SMR

കാസര്‍കോട്: പരിസ്ഥിതിക്കും ആരോഗ്യത്തിനും ആഘാതമുണ്ടാവുന്ന പ്രവര്‍ത്തനം തടയാത്ത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ്. സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം  വിജിലന്‍സ് ഡിവൈഎസ്പി ജില്ലയിലെ 20 വില്ലേജ് ഓഫിസര്‍മാര്‍ക്ക് ആദ്യ ഘട്ടമെന്ന രീതിയില്‍ നോട്ടീസ് നല്‍കിയത്. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍, പഞ്ചായത്തുകള്‍, ധാതു ഖനനം, പൊല്യൂഷന്‍, വനം, തീരദേശ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകള്‍ക്കാണ് നോട്ടീസ് നല്‍കി തുടങ്ങിയതെന്ന് വിജിലന്‍സ് ഡിവൈഎസ്പി കെ വി രഘുരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഓരോ വില്ലേജ് ഓഫിസ് പരിധികളില്‍ അനധികൃതമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും വീഴ്ച വരുത്തിയ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചാണ് നോട്ടീസ് നല്‍കിയത്. പാടി, ചെങ്കള, കാസര്‍കോട്, കൊളത്തൂര്‍, ബന്തടുക്ക, മുന്നാട്, ബേള തുടങ്ങി വില്ലേജുകള്‍ക്കാണ് ഇതിനകം നോട്ടീസ് നല്‍കിയത്. മാലിന്യ പ്രശ്‌നത്തിന് നടപടിയെടുക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വായു മലിനീകരണം തടയാത്ത റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകള്‍ക്കും പരിസ്ഥിതി മലിനീകരണം തടയാത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കും. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി.
നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ദേശീയ പാതയും റവന്യുഭൂമിയും സംരക്ഷിക്കണമെന്ന ലക്ഷ്യമിട്ടാണ് നടപടി. വന്യജീവി സംരക്ഷണ നിയമവും കീടനാശിനി നിരോധന നിയമവും കര്‍ശനമായി പാലിക്കാന്‍ അതതു വകുപ്പുകളോട് ആവശ്യപ്പെടും. ആദ്യഘട്ടത്തില്‍ നോട്ടീസാണ് നല്‍കുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
എംജി റോഡ് റീടാറിങ് അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
കാസര്‍കോട്: എംജി റോഡിലെ റീടാറിങില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തതായി വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തത്. കാഞ്ഞങ്ങാട്, മടിക്കൈ, ബല്ലാ റോഡുകളില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചെര്‍ക്കള ടൗണ്‍ വികസനത്തിന് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തിയില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടന്നു വരുന്നതായും ഡിവൈഎസ്പി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക