20 വര്‍ഷത്തിനിടെ 750ഓളം വെടിക്കെട്ടപകടങ്ങള്‍; പൊലിഞ്ഞത് 400ലേറെ ജീവനുകള്‍

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: കേരളത്തി ല്‍ 20 വര്‍ഷത്തിനിടയില്‍ നടന്നത് 750 ഓളം വെടിക്കെട്ടപകടങ്ങള്‍. സംസ്ഥാനത്ത് ഇതുവരെ നടന്ന വെടിക്കെട്ടപകടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 400ലധികം പേര്‍ മരിച്ചു. ഇതില്‍ ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ പരവൂരിലുണ്ടായത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂര്‍ ക്ഷേത്രത്തിലേതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1952 ജനുവരി 14ന് ശബരിമലയിലുണ്ടായ കരിമരുന്ന് സ്‌ഫോടനമാണ് ഇതിനുമുണ്ടായ ഏറ്റവും വലിയ ദുരന്തം. അന്ന് 68 പേരാണ് മരണത്തിന് കീഴടങ്ങിയത്.
പൂരങ്ങളുടെ നാടായ തൃശൂരില്‍ തന്നേയാണ് ഏറ്റവുംകൂടുതല്‍ വെടിക്കട്ടപകടങ്ങളുണ്ടായിട്ടുള്ളത്. ഏഴ് അപകടങ്ങളിലായി 79 പേര്‍ക്കാണ് തൃശൂര്‍ ജില്ലയില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത്. തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിന് രണ്ട് വെടിക്കെട്ടപകടങ്ങളിലായി 32 പേര്‍ മരിച്ചതും സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തമായിരുന്നു. 1984 ലുണ്ടായ ആദ്യ അപകടത്തില്‍ 20 പേരും അഞ്ച് വര്‍ഷത്തിന് ശേഷം 1989 ലുണ്ടായ വെടിക്കെട്ടപകടത്തില്‍ 12 പേരുമാണ് മരിച്ചത്.
വെടിക്കെട്ടപകടങ്ങള്‍ കൂടുതലും സംഭവിച്ചത് മധ്യകേരളത്തിലാണെങ്കിലും കൂടുതല്‍ പേര്‍ മരിച്ചത് തെക്കന്‍ ജില്ലകളിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് ദുരന്തങ്ങള്‍ ഉണ്ടായത്.
ചെറുതും വലുമായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിട്ടും അപകടങ്ങള്‍ തടയാന്‍ അധികൃതര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാറില്ല.
Next Story

RELATED STORIES

Share it