20 വര്‍ഷം യുപി സര്‍വീസ് ഉള്ളവര്‍ക്കും കെ ടെറ്റ് വേണം

കാളികാവ്: വര്‍ഷങ്ങളായി യുപി സ്‌കൂളില്‍ ജോലിചെയ്യുന്നവക്ക് ഹൈസ്‌കൂളിലേക്കു പ്രമോഷന്‍ ലഭിച്ചതിന്റെ പേരില്‍ കെ ടെറ്റ് വിജയിക്കണമെന്ന നിര്‍ദേശം നൂറുകണക്കിന് അധ്യാപകര്‍ക്കു തിരിച്ചടിയാവുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുപ്രകാരമാണ് 31, 1, 2011 നു ശേഷം സര്‍വീസില്‍ കയറുന്ന എല്ലാ അധ്യാപകര്‍ക്കും കെ ടെറ്റ് നിര്‍ബന്ധമാണ്. കേരള വിദ്യാഭ്യാസ ചട്ടം ചാപ്റ്റര്‍ 14 അ ചട്ടപ്രകാരം ക്ലെയിം ഉള്ളവരെ കെ ടെറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം, വര്‍ഷങ്ങളായി യുപി സ്‌കൂളുകളില്‍ ജോലിചെയ്യുകയും ഹൈസ്‌കൂളുകളിലേക്കു സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത അധ്യാപകര്‍ കെ ടെറ്റ് ജയിക്കണമെന്നു പ്രത്യേകം പറയുന്നില്ലെങ്കിലും വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്നു ലഭിച്ച ഉത്തരവില്‍ അഞ്ചുവര്‍ഷത്തിനകം കെ ടെറ്റ്
വിജയിക്കണമെന്ന് അധ്യാപകരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടിരിക്കുകയാണ്. കേരള വിദ്യാഭ്യാസ ചട്ടം 14അ ചട്ടപ്രകാരം 51(ബി), 51(എ) വിഭാഗങ്ങളില്‍ പ്രമോഷന്‍ ലഭിച്ച അധ്യാപകര്‍ ഉള്‍പ്പെടുന്നില്ലായെന്നാണു ചില വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം 10 മുതല്‍ 25 വര്‍ഷം വരെ യുപി സ്‌കൂളില്‍ സര്‍വീസ് ഉള്ളവരെ ഹൈസ്‌കൂളുകളിലേക്കു സ്ഥാനം ലഭിച്ചുവെന്ന കാരണത്താല്‍ കെ ടെറ്റ് വിജയിക്കണമെന്നത് നിലനില്‍ക്കുന്നതല്ലായെന്നാണ് വാദം. ഹൈസ്‌കൂളില്‍ പത്തു വര്‍ഷം അധ്യാപന പരിചയമുള്ള അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപനത്തിന് സെറ്റ് യോഗ്യത വേണ്ടെന്നിരിക്കെ നിരവധി വര്‍ഷം യുപി അധ്യാപന പരിചയമുള്ളവരെ അതേ സ്‌കൂളിലെ ഹൈസ്‌കൂളുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ കെ ടെറ്റ് നിര്‍ബന്ധിക്കുന്ന നടപടി ശരിയല്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. 31, 03, 2012 മുമ്പ് യുപിയില്‍ ജോലിചെയ്ത അധ്യാപകര്‍ കെ ടെറ്റ് വിജയിക്കണമെന്ന നിര്‍ദേശത്തിനെതിരേ അധികൃതര്‍ക്കു നിവേദനം നല്‍കാനും കോടതിയെ സമീപിക്കാനുമിരിക്കുകയാണ് അധ്യാപകര്‍.
Next Story

RELATED STORIES

Share it