malappuram local

'20 വര്‍ഷം ഞങ്ങള്‍ പൊറുതി മുട്ടി; ഇനി വയ്യ'

മഞ്ചേരി: 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ക്രഷറുകളും ക്വാറികളും കൊണ്ട് ഞങ്ങള്‍ പൊറുതി മുട്ടിയെന്ന് നെല്ലാണി, ബേക്കലക്കണ്ടി നിവാസികള്‍ പറയുന്നു. ഇത്രയും കാലം ഞങ്ങള്‍ പൊടിയും മറ്റും സഹിച്ച് പ്രതികരിക്കാതിരുന്നു. ഇനി വയ്യ, ജീവന്‍ നല്‍കേണ്ടി വന്നാലും ഞങ്ങള്‍ പ്രതികരിക്കുമെന്ന്് ദീര്‍ഘകാലമായി ശ്വാസം മുട്ടലും പകര്‍ച്ച വ്യാധികളും പിടിപെട്ട ഒരു വൃദ്ധന്‍ കണ്ണീരോടെ തേജസിനോട് പറഞ്ഞു. ഇനി ടാര്‍ യൂനിറ്റും കൂടി വരുമ്പോഴുണ്ടാവുന്ന ദുരിതം ഞങ്ങള്‍ക്ക് താങ്ങാനാവില്ല. എന്തു വിലകൊടുത്തും യുനിറ്റ് സ്ഥാപിക്കുന്നത് തടയും. മൂന്നു പേര്‍ ഇവിടെ കാന്‍സര്‍ പിടിപെട്ട് മരണപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ശ്വാസം മുട്ടലും അലര്‍ജ്ജിയും കാരണം നിത്യേന ആശുപത്രികള്‍ കയറിയിറങ്ങുകയാണ്. തൊട്ടടുത്ത് ക്രഷര്‍ പ്രവര്‍ത്തിക്കുന്നുണ്ടൊയെന്നാണ് ചികില്‍സയ്‌ക്കെത്തുന്നവരോട് മിക്ക ഡോക്ടര്‍മാരും ചോദിക്കുന്നത്. ഇതിന് മറുപടി പറഞ്ഞു കുഴയുകയാണ് ഞങ്ങള്‍. നാട്ടുകാര്‍ പറഞ്ഞു. ആറോളം ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും ഈ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അനുമതിയുള്ളതും ഇല്ലാത്തതുമുണ്ട്. കോടികളുടെ സ്വത്തുള്ള വ്യക്തിയാണദ്ദേഹം. നാട്ടുകാരെ നശിപ്പിച്ചിട്ട് ഇനിയും പണം ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ ദൈവം പൊറുക്കില്ല. ഇത്രയും കാലം ഞങ്ങളുടെ ജീവിതം കൊണ്ട് കളിച്ചു. ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. സംസ്ഥാനത്തുള്ള എല്ലാ മതസംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ക്രഷര്‍ ഉടമകള്‍ പണം നല്‍കാറുള്ളതിനാല്‍ നാട്ടുകാര്‍ക്ക് പ്രശ്‌നംവന്നപ്പോള്‍ ഇത്തരക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, പ്രശ്‌നവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ചര്‍ച്ച നടത്താന്‍ വിളിച്ചിട്ടുണ്ടെന്ന സിഐയുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ ചര്‍ച്ചയ്ക്കായി സമര സമിതി നേതാക്കള്‍ പുറപ്പെട്ടതോടെയാണ്  ടാര്‍മിക്‌സിങ് മെഷീനറികള്‍ എത്തിക്കാനൊരുങ്ങുന്നത്. വിവരമറിഞ്ഞതോടെയാണ് സമരക്കാര്‍ തിരിച്ചെത്തുന്നതും സംഘര്‍ഷമുണ്ടാവുന്നതും. സാമഗ്രികള്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് സമരക്കാരോട് നേരത്തെ സിഐ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കെണിയൊരുക്കുന്നതില്‍ സിഐയുടെ കരങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

സിഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല: പെരിന്തല്‍മണ്ണ ഡിവൈഎസ്പി
മഞ്ചേരി: സംഭവവുമായി ബന്ധപ്പെട്ട് വണ്ടുര്‍ സിഐയെ സസ്‌പെന്റ് ചെയ്തിട്ടില്ലെന്നും തിരുവനന്തപുരം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ റിപോര്‍ട്ട് ചെയ്യാന്‍മാത്രമേ നിര്‍ദേശിച്ചിട്ടുള്ളുവെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപ്കുമാര്‍ തേജസിനോട് പറഞ്ഞു. പത്തപ്പിരിയത്ത് മുന്നു ലോറികളിലായി കൊണ്ടുവന്നത് കഞ്ഞിപ്പുര -മൂടാല്‍ ബൈപാസ് നിര്‍മാണത്തിനുള്ള കോണ്‍ക്രീറ്റ് മിക്‌സറാണെന്നാണ് ഡിവൈഎസ്പി പറയുന്നത്. എന്നാല്‍, കോണ്‍ക്രീറ്റ് മിക്‌സിങ്ങിനും ടാര്‍മിക്‌സിങ്ങിനും ഒരേ ഉപകരണമാണോ ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. പോലിസിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നു സംഭവ ദിവസം സ്ഥലം എംഎല്‍എ പറഞ്ഞിരുന്നു.

അയ്യപ്പന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: എല്‍ഡിഎഫ്
മലപ്പുറം: പത്തപ്പിരിയത്ത് ടാര്‍ മിശ്രണ യൂനിറ്റിനെതിരെയുള്ള സമരത്തില്‍  ജീവന്‍ നഷ്ടപ്പെട്ട അയ്യപ്പന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സമര സമിതിയുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ കലക്ടര്‍ നല്‍കി ഉറപ്പുകള്‍ ഒന്നൊന്നായി ലംഘിക്കുകയാണ്. അടിയന്തരമായും പ്രശ്‌നത്തില്‍ ഇടപെട്ട് പരസ്യമായി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും തയ്യാറായില്ലെങ്കില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി വമ്പിച്ച പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലാ പരിസ്ഥിതി സംഘം പ്രധിഷേധിച്ചു

മലപ്പുറം: ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരേ സമരം ചെയ്തവരെ മര്‍ദ്ദിക്കുകയും നിരപരാധിയായ കീര്‍ത്തിയില്‍ അയ്യപ്പന്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ജില്ലാ പരിസ്ഥിതി സംഘം പ്രധിഷേതിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ക്വാറി മാഫിയകള്‍ക്ക് ഒത്താശ നല്‍കുന്ന പഞ്ചായത്ത്, റവന്യു, പോലിസ് അധികരികളുടെ നിലപാടാണ് ഒരു പാവം മനുഷ്യന് ജീവന്‍ നഷ്ടപ്പെട്ടത്. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി എ പൗരന്‍,സി എന്‍ മുസ്തഫ, പി സുന്ദരരാജന്‍, വി പി ഷാഫി പങ്കെടുത്തു.


Next Story

RELATED STORIES

Share it