palakkad local

20 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് തിരികെ നല്‍കി തൊഴിലാളി മാതൃകയായി

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: തത്തമംഗലം മേട്ടുപാളയം തെലുങ്കു തറ കൃഷ്ണസ്വാമിയുടെ മകന്‍ മണികണ്ഠന്‍ ലക്ഷങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലല്ല കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും പണിക്കിറങ്ങിയത്. എന്നാല്‍, കഴിഞ്ഞ ദിവസം പണി കഴിഞ്ഞ് റോഡരുകില്‍ നില്‍ക്കുമ്പോള്‍ മണികണ്ഠന് ലഭിച്ചതാകട്ടേ 20 പവന്‍ സ്വര്‍ണാഭരണവും 5000 രൂപയുമുളള ബാഗ്. ഇതുവഴി ബൈക്കില്‍ പോയ ദമ്പതികളില്‍ നിന്നും വീണതായിരുന്നു ആ ബാഗ്. ഇതു കണ്ട മണികണ്ഠന്‍ വിളിച്ചെങ്കിലും ബാഗ് റോഡില്‍ വീണതറിയാതെ ദമ്പതികള്‍ ബൈക്ക് ഓടിച്ചു പോയി.
ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങളും പണവും കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള കൊല്ലങ്കോട് പോലിസ് സ്‌റ്റേഷനില്‍ ബാഗ് ഏല്‍പ്പിച്ചു. ഇതേ സമയം ബാഗ് നഷ്‌പ്പെട്ട വിവരമറിഞ്ഞ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന എലവഞ്ചേരി കരിങ്കുളം മോഴപ്പാറ വീട്ടില്‍ പ്രവീണ്‍ പ്രവീണ ദമ്പതികള്‍ പേലിസില്‍ പരാതി നല്‍കിയിരുന്നു.
വടവന്നൂര്‍ കുമ്മാട്ടി ആഘോഷത്തിനായി ഭാര്യ വീടായ വടവന്നൂര്‍ ചിറ്റടില്‍ വന്ന ശേഷം ഇരുവരും ഇന്നലെ കരിങ്കുളത്തുള്ള വീട്ടിലേക്ക് പല്ലശ്ശേന വഴി മടങ്ങുമ്പോഴാണ് സ്വര്‍ണാഭരണം അടങ്ങിയ ബാഗ് പന്തപ്പറമ്പില്‍ നഷ്ടമായത് ട്രിച്ചി ഡിവിഷനിലെ പോണ്ടിച്ചേരിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ് പ്രവീണ്‍.
ബാഗ് തിരികെ കിട്ടിയാടെ പ്രവീണയ്ക്കും ഏറെ സന്തോഷമായി. ബാഗ് തിരികെ ഏല്‍പ്പിച്ച മണികണ്ഠന് ഇരുവരും സന്തോഷത്തോടെ പ്രതിഫലം നീട്ടിയപ്പോള്‍ താന്‍ തൊഴിലാളിയാണെന്നും പണി ചെയ്ത് കൃത്യമായി ലഭിക്കുന്ന കൂലി മാത്രം തനിക്കു മതിയെന്നുമായിരുന്നു മണികണ്ഠന്റെ മറുപടി.
പണവും സ്വര്‍ണവും നഷ്ടമായപ്പോള്‍ നിങ്ങള്‍ക്കുണ്ടായ വേദന എത്രത്തോളം എന്ന് മനസിലായിക്കാണുമെന്നും ഇതു പോലെ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഉടമസ്ഥനെ തിരിച്ചല്‍പ്പിക്കാന്‍ സന്മനസ് കാണിക്കണമെന്നും മണികണ്ഠന്‍ പറഞ്ഞു. എസ്‌ഐ വേണുഗോപാല്‍, അഡീഷണല്‍ എസ്‌ഐ ശ്രീധരന്‍ എന്നിവരുടെ സാനിധ്യത്തില്‍ മണികണ്ഠന്‍, പ്രവീണ്‍- പ്രവീണ ദമ്പതികള്‍ക്ക് ബാഗ് കൈമാറി.
Next Story

RELATED STORIES

Share it