20 ശതമാനം പോലിസുകാര്‍ നിയമലംഘകര്‍: ജസ്റ്റിസ് ജെ ബി കോശി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ശതമാനം പോലിസുദ്യോഗസ്ഥര്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലിസിനെതിരേ പരാതി നല്‍കിയാല്‍ കേസില്‍ പ്രതിയാവും. മാസാവസാനവും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാനും ട്രാഫിക് പോലിസ് നടത്തുന്ന പിരിവ് അസഹനീയമാണ്. ഡിജിപിക്ക് പരാതി കൊടുക്കുമെന്ന് പറഞ്ഞ വ്യക്തിയെ തല്ലിയ പോലിസുകാര്‍വരെ ഇവിടെയുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാല്‍ സഹപ്രവര്‍ത്തകരെ വെള്ളപൂശുന്ന അനേ്വഷണ റിപോര്‍ട്ടുകള്‍ നല്‍കും. പരസ്പര സഹായ സഹകരണ സംഘമായാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, ജീവിതം മുഴുവന്‍ ജോലിക്ക് മാറ്റിവച്ച ധാരാളം ഉദേ്യാഗസ്ഥരുണ്ട്. പോലിസുകാരുടെ സംരക്ഷണാര്‍ഥം ഒരു ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം നല്‍കണമെന്നും ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ കോടതിയില്‍ നല്‍കുന്ന മൊഴി രേഖപ്പെടുത്തുന്നത് വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാരായാല്‍ ഇരകള്‍ക്ക് നടന്ന സംഭവം തുറന്നു പറയാനുള്ള ധൈര്യം ലഭിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. കോടതികള്‍ കഴിയുന്നിടത്തോളം ഇതിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ഭയ സംഭവത്തിന് ശേഷം നിയമങ്ങളിലും ചട്ടങ്ങളിലും ധാരാളം മാറ്റങ്ങള്‍ വന്നു. ഇരയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെന്നല്ല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാവുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റംവന്നു. അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ് പൊതുതാല്‍പര്യ ഹരജികളെന്ന് അദ്ദേഹം പറഞ്ഞു.
പോലിസുകാരും മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള എറ്റവും വലിയ പ്രതിസന്ധി ഉദ്യോഗസ്ഥരുടെ ഹിപ്പോക്രസിയാണ്. ഒന്ന് പറയുകയും സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്.
തനിക്ക് ഒരു നിയമവും ബാധകമല്ലെന്നും മറ്റുള്ളവര്‍ അത് അനുസരിക്കണമെന്നു നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതാണ് ഇവരുടെ കാപട്യം. ഈ കാപട്യമാണ് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള എറ്റവും ഭീതിജനകവും ആശങ്കാജനകവുമായ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it