Flash News

20 വര്‍ഷം പൂര്‍ത്തിയാക്കിയ ഇപിഎഫ് പെന്‍ഷന്‍കാര്‍ക്കെല്ലാം അധിക വെയിറ്റേജ് ; അപാകത നീക്കി പുതിയ ഉത്തരവ്‌



കൊല്ലം: 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഇപിഎഫ് പെന്‍ഷന്‍കാര്‍ക്കെല്ലാം പ്രായപരിധിയില്ലാതെ രണ്ടു വര്‍ഷത്തെ അധിക വെയിറ്റേജ് അനുവദിച്ച് ഉത്തരവായതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. രണ്ടു വര്‍ഷത്തെ വെയിറ്റേജ് അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവില്‍ 58 വയസ്സ് പൂര്‍ത്തിയാക്കിയതും 20 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്കും മാത്രമായി ആനുകൂല്യം നിജപ്പെടുത്തിയിരുന്നു. 20 വര്‍ഷം സര്‍വീസുണ്ടെങ്കിലും 58 വയസ്സ് പൂര്‍ത്തിയാവുന്നതിനു മുമ്പ് സര്‍വീസില്‍ നിന്നു പെന്‍ഷന്‍ പറ്റിയാല്‍ നിലവിലെ ഉത്തരവുപ്രകാരം രണ്ടു വര്‍ഷത്തെ വെയിറ്റേജ് ലഭിക്കുമായിരുന്നില്ല. ഉത്തരവിലെ അപാകത പരിഹരിക്കണമെന്നും 20 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും രണ്ടു വര്‍ഷത്തെ വെയിറ്റേജ് അനുവദിക്കണമെന്നും എംപി പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യമുന്നയിച്ചിരുന്നു. ഉത്തരവിലെ അപാകത ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിഷയം പുനപ്പരിശോധിക്കുകയും പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് 58 വയസ്സ് പൂര്‍ത്തിയാക്കാതെ സര്‍വീസില്‍ നിന്നു പെന്‍ഷനായവരില്‍ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും രണ്ടു വര്‍ഷത്തെ വെയിറ്റേജ് ലഭിക്കും. 2009ലെ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പുനസ്ഥാപിച്ചാണ് 20 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും രണ്ടു വര്‍ഷത്തെ വെയിറ്റേജ് അനുവദിച്ച് ഉത്തരവായത്. പുതിയ ഉത്തരവനുസരിച്ച് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം വെയിറ്റേജ് ഉള്‍പ്പെടെയുള്ള പുതുക്കിയ പെന്‍ഷന്‍ നല്‍കാന്‍ ആവശ്യമായ നിര്‍ദേശം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ബന്ധപ്പെട്ട താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it