thiruvananthapuram local

20 കോടി നീക്കിവച്ചിട്ടും മാലിന്യ സംസ്‌കരണം ലക്ഷ്യം കണ്ടില്ല

തിരുവനന്തപുരം: മാലിന്യസംസ്‌കരണ പദ്ധതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം എത്തിയതോടെ കോര്‍പറേഷന്‍ ബജറ്റ് ചര്‍ച്ച ചൂടേറി. വികേന്ദ്രീകൃത മാലിന്യസംസ്‌കരണവും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളുടെ ശേഖരണവും ലക്ഷ്യമിട്ട് കോര്‍പറേഷന്‍ വിഭാവനം ചെയ്തിരിക്കുന്ന 'എന്റെ നഗരം സുന്ദര നഗരം' പദ്ധതിക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപിയും യുഡിഎഫും രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയും ഇപ്പോഴത്തെ ഭരണസമിതിയും 20 കോടി വീതമാണ് മാലിന്യ സംസ്‌കരണത്തിന് നീക്കിവച്ചത്. എന്നാല്‍, ഇത് ലക്ഷ്യം കണ്ടില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. കോടികള്‍ ചെലവിട്ടിട്ടും നഗരത്തില്‍ ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ദീര്‍ഘവീക്ഷണമില്ലാതെയാണ് ബജറ്റ് തയ്യാറാക്കിയത്. അതിനാലാണ് പദ്ധതികള്‍ ഫലിക്കാതെ പോകുന്നതെന്നും പ്രതിപക്ഷാംഗങ്ങള്‍ തുറന്നടിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് കോര്‍പറേഷന്‍ നടപ്പാക്കാന്‍ പോകുന്നതെന്നാണ് പറയുന്നത്. എന്നാല്‍, ശാസ്ത്രീയമായ മാലിന്യസംസ്‌കരണമാണ് ഭരണസമിതി ലക്ഷ്യമിടുന്നതെങ്കില്‍ 20 കോടി വളരെ തുച്ഛമായ തുകയാണെന്നും ബിജെപി അംഗം കരമന അജിത് ചൂണ്ടിക്കാട്ടി. ശാശ്വതമായൊരു മാലന്യസംസ്‌കരണമാണ് പുതിയ ഭരണസമിതിക്കു മുന്നിലുള്ള ആദ്യ വെല്ലുവിളിയെന്നു പറഞ്ഞാണ് മേയര്‍ അധികാരമേറ്റത്.
ഏഴു മാസം പിന്നിട്ടിട്ടും ഒരു സംവിധാനം പോലും വന്നില്ല. നഗരം ചീഞ്ഞുനാറുകയാണ്. പൈപ്പ് കംപോസ്റ്റിനായി ചെലവിട്ട കോടികള്‍ പാഴായി. പിന്നീട് ബയോഗ്യാസ് പ്ലാന്റുകള്‍ കൊണ്ടുവന്നതും വിജയം കണ്ടില്ല. ഡോ. തോമസ് ഐസക് തന്റെ സ്വപ്‌നപദ്ധതിയായി കൊണ്ടുനടക്കുന്ന തുമ്പൂര്‍മുഴി പദ്ധതിയും ഫലപ്രദമായില്ല. തുമ്പൂര്‍മുഴിക്കായി കൊണ്ടുവെച്ച പെട്ടികള്‍ പലേടത്തും മാലിന്യം നിറഞ്ഞ് ചീഞ്ഞുനാറുകയാണെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍, തലസ്ഥാന നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അവതരിപ്പിച്ചതെന്നാണ് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. ആര്‍ സതീഷ്‌കുമാര്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്. മാലിന്യം മൂടിക്കിടന്ന ഒരു സാഹചര്യത്തില്‍ നിന്നാണ് ഈ ഭരണസമിതി അധികാരമേറ്റത്.
എന്നാല്‍, വികേന്ദ്രീകൃത സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ ഇന്ന് തലസ്ഥാന നഗരത്തില്‍ എങ്ങുംതന്നെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന സാഹചര്യം കാണാനില്ല. കോര്‍പറേഷന്‍ ഭരണസമിതിയുടെ ഏഴു മാസത്തെ ഭരണനേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വികസനകാഴ്ചപ്പാടോ ജനോപകാരപ്രദമോ അല്ലാത്ത ബജറ്റാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ അവതരിപ്പിച്ചതെന്ന് ബിജെപി കൗണ്‍സിലര്‍ എന്‍ അനില്‍കുമാര്‍ കുറ്റപ്പെടുത്തി. കണക്കുകളില്‍ ഗുരുതര വീഴ്ചയുണ്ട്.
കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച മൊത്തം തുകയില്‍ 60 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളൂവെന്നും പൂര്‍ണമായും ഫണ്ട് വിനിയോഗം നടത്തിയെങ്കില്‍ ഭരണസമിതിയുടെ പ്രഖ്യാപനമായ 'എന്റെ നഗരം സുന്ദര നഗരം' യാഥാര്‍ഥ്യമാക്കാമായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. വിളപ്പില്‍ശാല മാലിന്യസംസ്‌കരണ ഫാക്ടറി പൂട്ടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് യുഡിഎഫും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ ശിവജി ചൂണ്ടിക്കാട്ടി.
എന്നാല്‍, ആ സമരത്തിന് എ സമ്പത്ത് എംപി മുന്‍നിരയില്‍ ഉണ്ടായിരുന്നുവെന്ന് യുഡിഎഫ് കൗണ്‍സിലര്‍ കെ മുരളീധരന്‍ മറുപടിയും നല്‍കി. പ്രധാനമന്ത്രി ആവാസ് യോജനയെ കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയല്ലെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. ഗിരികുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സജി പാപ്പനംകോട്, ജയലക്ഷ്മി, അലത്തറ അനില്‍കുമാര്‍, ഹരിശങ്കര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ ബജറ്റിനെ എതിര്‍ത്തും അനുകൂലിച്ചും സംസാരിച്ചു. തിങ്കളാഴ്ചയും ചര്‍ച്ച തുടരും.
Next Story

RELATED STORIES

Share it