20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ബഹിരാകാശ ഗവേഷണരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ഇന്നലെ രാവിലെ 9.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിക്ഷേപണവാഹനമായ പിഎസ്എല്‍വി സി-34 കുതിച്ചുയര്‍ന്നത്.
ഭൗമനിരീക്ഷണത്തിനു സഹായിക്കുന്ന കാര്‍ട്ടോസാറ്റ് 2 ആണ് ഉപഗ്രഹശ്രേണിയില്‍ പ്രധാനം. ഗൂഗ്ള്‍ കമ്പനിയായ ടെറ ബെല്ലയുടെ സ്‌കൈസാറ്റ് ജെന്‍ 21 എന്നിവയടക്കം അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും ജര്‍മനിയുടെ രണ്ടും കാനഡ, ഇന്ത്യോനീസ്യ എന്നിവരുടെ ഓരോ ഉപഗ്രഹങ്ങളും ബഹിരാകാശത്തെത്തി. കൂടാതെ, ചെന്നൈ സത്യഭാമ സര്‍വകലാശാലയുടെ സത്യഭാമ സാറ്റ്, പൂനെ എന്‍ജിനീയറിങ് കോളജിന്റെ സ്വയം എന്നിവയും ഇതിനൊപ്പമുണ്ട്. 20 ഉപഗ്രഹങ്ങള്‍ക്കുകൂടി 1288 കിലോയാണ് ഭാരം.
ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡോവ് ഉപഗ്രഹങ്ങളാണ് അമേരിക്കയുടേത്. മൂന്ന് യൂനിറ്റ് ക്യൂബ് സാറ്റുകള്‍ അടങ്ങുന്ന 12 ഉപഗ്രഹങ്ങളാണിവ. കനേഡിയന്‍ നിര്‍മിത ജിഎച്ച്ജിസാറ്റ്, എം 3 എം സാറ്റ്, ജര്‍മനിയുടെ ബിറോസ്, ഇന്തോനീസ്യയുടെ ലാംപാന്‍ എ 3 എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍.
പിഎസ്എല്‍വി സി-34യുടെ 35ാമത്തെ ദൗത്യമാണിത്. ഇതാദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങള്‍ ഇന്ത്യ ഒറ്റത്തവണ ബഹിരാകാശത്ത് എത്തിക്കുന്നത്. 2008ല്‍ 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതാണ് ഇതിനുമുമ്പുള്ള വലിയ നേട്ടം. 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച റഷ്യയുടെ പേരിലാണ് ഒറ്റത്തവണ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ റെക്കോഡ്.
Next Story

RELATED STORIES

Share it