Alappuzha local

2.16 കോടി മുടക്കി പൂര്‍ത്തിയാക്കിയ ഹൗസ് ബോട്ട് ടെര്‍മിനല്‍ തുറക്കാന്‍ നടപടിയില്ല



പൂച്ചാക്കല്‍:അരൂക്കുറ്റിയില്‍ നിര്‍മാണം പൂര്‍ത്തിയായ ഹൗസ് ബോട്ട് ടെര്‍മിനല്‍ തുറക്കാന്‍ നടപടിയില്ല. ഇതിനു സമീപം ചില പദ്ധതികള്‍ കൂടി പൂര്‍ത്തിയായ ശേഷം ഒരുമിച്ചു ഉദ്ഘാടനം നടത്തി തുറന്നുകൊടുക്കാമെന്ന തീരുമാനത്തിലാണ് അധികൃതര്‍. ജില്ലയുടെ മെഗാടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അരൂക്കുറ്റിയുടെ പഴയ ബോട്ട്‌ജെട്ടിയില്‍ ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 2.16 കോടി രൂപയാണ് ചെലവ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് (ഡിടിപിസി) ജോലികള്‍ കരാര്‍ നല്‍കി പൂര്‍ത്തിയാക്കിയത്. ഒരേസമയം മൂന്നു ഹൗസ് ബോട്ടുകള്‍ക്കു നങ്കൂരമിടാനുള്ള സൗകര്യം, വിനോദസഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് കളിസ്ഥലം, വാഹന പാര്‍കിങ് സൗകര്യം, കടകള്‍ നടത്താനുള്ള സൗകര്യം, നിരീഷണ സങ്കേതം, ശുചിമുറികള്‍ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങളും തയാറായി. അരൂക്കുറ്റിയില്‍ നിന്നും കൊച്ചി, ആലപ്പുഴ ജലപാതകളിലൂടെ നിശ്ചിത സമയം, നിശ്ചിത സ്ഥലംവരെ സര്‍വീസുകള്‍ നടത്തി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അതുവഴിയുളള പ്രാദേശിക വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.എന്നാല്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടു മാസങ്ങളായെങ്കിലും തുറന്നു കൊടുക്കാന്‍ നടപടിയായിട്ടില്ല.ഇതിനു സമീപം ആരോഗ്യ എക്‌സൈസ് വകുപ്പുകളുടെ രണ്ടേക്കറോളം സ്ഥലമുണ്ട്. അവകൂടി വിനോദസഞ്ചാര വകുപ്പ് ഏറ്റെടുത്ത് ഹൗസ് ബോട്ട് ടെര്‍മിനലിനോടു ചേര്‍ന്നു കൂടുതല്‍ വിനോദസഞ്ചാര പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതു കൂടി നടപടിയാകാനാണ് അധികൃതര്‍ കാത്തിരിക്കുന്നത്.ഇവിടെ മുന്‍പുണ്ടായിരുന്ന ചൗക്കയുടെയും, കൊട്ടാരത്തിന്റെയും മാതൃകകള്‍ നിര്‍മിച്ചു സ്മരണ നിലനിര്‍ത്തുക, വിനോദസഞ്ചാരികള്‍ക്കു ഉല്ലസിക്കാനായി വിപുലമായ പാര്‍ക്, വാഹന പാര്‍ക്കിങ് ക്രമീകരണം, പഞ്ചകര്‍മ ചികിത്സാലയം തുടങ്ങിയ പദ്ധതികളാണ് എ എം  ആരിഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരവകുപ്പ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഒന്നുമായിട്ടില്ല. ഈ സ്ഥലങ്ങള്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെയും ലഹരി ഉപയോക്താക്കളുടെയും മാലിന്യ നിക്ഷേപകരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പഴയ ക്വാര്‍ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നതും ഇഴജന്തുക്കളുടെ ശല്യവും പ്രദേശവാസികള്‍ക്കു ഭീഷണിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it