2.116 കിലോഗ്രാം സ്വര്‍ണം എസ്‌കലേറ്ററിന് അടിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ എസ്‌കലേറ്ററിനടിയില്‍ ഒളിപ്പിച്ചനിലയില്‍ 2.116 കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെ കരിപ്പൂര്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വിലമതിക്കും.
അന്താരാഷ്ട്ര ടെര്‍മിനലിന്റെ ആഗമനഹാളിനു സമീപത്തുണ്ടായിരുന്ന എസ്‌കലേറ്ററിനടുത്ത് രഹസ്യമായി ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം. ഒരു കിലോ വീതമുള്ള രണ്ടു സ്വര്‍ണക്കട്ടികളും 116 ഗ്രാമുള്ള ഒരു ബിസ്‌കറ്റുമാണ് കണ്ടെത്തിയത്. രാവിലെ ഷാര്‍ജ, ദുബയ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരാണ് ഇതുവഴി പുറത്തേക്കു പോയത്. ഇവരാരെങ്കിലും ഉപേക്ഷിച്ചതായിരിക്കാമെന്നാണ് കരുതുന്നത്.വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ചു സ്വര്‍ണം കടത്താനായിരുന്നു ശ്രമമെന്നു കരുതുന്നു. വിമാനത്തില്‍ നിന്ന് റണ്‍വേയില്‍ ഇറങ്ങി ടെര്‍മിനലിനകത്തേക്കു വരുന്ന സമയത്ത് യാത്രക്കാര്‍ നിക്ഷേപിച്ചതാവാനാണു സാധ്യത. ഇതിനു സമീപത്തെ ലിഫ്റ്റില്‍ നിന്നും കോണിക്കിടയില്‍ നിന്നും നേരത്തേ സ്വര്‍ണം കണ്ടെത്തിയിരുന്നതായി കസ്റ്റംസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരും നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it