2-1 വിജയം: സാഫ് കപ്പ് ഇന്ത്യ തിരിച്ചുപിടിച്ചു

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: നിലവിലെ ജേതാക്കളായ അഫ്ഗാനെ തുരത്തി ഇന്ത്യ സാഫ് കപ്പ് തിരിച്ചുപിടിച്ചു. ഇന്നലെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 2-1നാണ് അഫ്ഗാനെ ഇന്ത്യ മുട്ടുകുത്തിച്ചത്.
ജെജെ ലാല്‍പെഖ്‌ലുവയും ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയും ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ സുബൈര്‍ അമീറിയുടെ വകയായിരുന്നു അഫ്ഗാന്റെ ആശ്വാസഗോള്‍. ഇത് ഏഴാംതവണയാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കുന്നത്.
2013ലെ സാഫ് കപ്പ് ഫൈനലില്‍ അഫ്ഗാനെതിരേ വഴങ്ങിയ എതിരില്ലാത്ത രണ്ടു ഗോളിന്റെ തോല്‍വിക്കുള്ള മധുരപ്രതികാരംകൂടിയായിരുന്നു ഇന്നലത്തെ ഇന്ത്യയുടെ വിജയം. 2013ല്‍ നീപ്പാളില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അഫ്ഗാന്‍ കിരീടം നേടിയത്.
ടൂര്‍ണമെന്റിന്റെ ആരംഭം മുതല്‍ കരുത്തുറ്റ കളി കാഴ്ചവച്ച ടീമാണ് അഫ്ഗാന്‍. ഇന്ത്യയാവട്ടെ ആദ്യ റൗണ്ട് മുതല്‍ സെമിഫൈനല്‍ വരെ ശരാശരി നിലവാരത്തിലാണു കളിച്ചത്. എന്നാല്‍, കലാശപ്പോരാട്ടത്തില്‍ സ്ഥിതി മാറി. ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ മൂര്‍ച്ചകൂട്ടിയെത്തിയ ഇന്ത്യയുടെ മുന്നില്‍ അഫ്ഗാന്റെ യൂറോപ്യന്‍ കരുത്ത് മുട്ടുമടക്കി.
അഫ്ഗാന്‍ കിരീടം ചൂടുന്നതിനു സാക്ഷിയാവാന്‍ അഫ്ഗാനിസ്താനിലെ മന്ത്രിമാരും എംപിമാരും അടക്കം വലിയൊരുസംഘം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. തോറ്റെങ്കിലും മികച്ച കളി തന്നെയായിരുന്നു അഫ്ഗാന്‍ കാഴ്ചവച്ചത്.
പതിവിനു വിപരീതമായി സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് ഗോള്‍ വീണത്. നിശ്ചിത സമയത്തില്‍ സമനിലയായതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീങ്ങിയ മല്‍സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയുടെ ബൂട്ടില്‍നിന്നാണ് ഇന്ത്യയുടെ വിജയഗോള്‍ പിറന്നത്.
ഫ്രീകിക്കില്‍നിന്നെത്തിയ പന്ത് പിടിക്കാനുള്ള അഫ്ഗാന്‍ പ്രതിരോധതാരങ്ങളുടെ കൂട്ടപ്പൊരിച്ചിലിനിടെ ഛെത്രി ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കിയടിച്ച പന്ത് ഉരുണ്ട് വലയില്‍ പതിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it