|    Dec 19 Wed, 2018 5:33 pm
FLASH NEWS
Home   >  Editpage  >  Editorial  >  

2ജി സ്‌പെക്ട്രം പ്രതികള്‍ കുറ്റവിമുക്തരാവുമ്പോള്‍

Published : 25th December 2017 | Posted By: kasim kzm

ഡോ. മന്‍മോഹന്‍ സിങിന്റെ ഒന്നാം യുപിഎ സര്‍ക്കാരിനെ അടിമുടി ഉലച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കി സിബിഐ കോടതി വിധി വന്നു. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള അനുമതിപത്രം നല്‍കുന്നതില്‍ അന്നത്തെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി എ രാജയുടെ നേതൃത്വത്തില്‍ അഴിമതി നടന്നുവെന്നായിരുന്നു കേസ്. രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, ടെലികോം കമ്പനി മേധാവികള്‍ എന്നിവരുള്‍പ്പെടെ 17 പേരായിരുന്നു പ്രതികള്‍. കോണ്‍ഗ്രസ്സിനും ഘടകകക്ഷിയായിരുന്ന ഡിഎംകെയ്ക്കും വിധി താല്‍ക്കാലികാശ്വാസമാണ്.
ലൈസന്‍സ് അനുവദിച്ചതില്‍ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളില്‍ തെളിവില്ലെന്ന് ജഡ്ജി ഒ പി സെയ്‌നിയുടെ വിധി വ്യക്തമാക്കുന്നു. അഴിമതി നടന്നില്ലെന്ന് കോടതി പറഞ്ഞില്ല. തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിധി. നിയമപരമായി പരിഗണിക്കാവുന്ന തെളിവുകള്‍ക്കായി താന്‍ ഏഴു വര്‍ഷം കാത്തിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി.
2ജി സ്‌പെക്ട്രം ക്രമക്കേട് ആദ്യം പുറത്തുവന്നത് പത്രവാര്‍ത്തകളിലാണ്. 2007-08 കാലത്തെ ഈ അഴിമതിയിലൂടെ പൊതുഖജനാവിന് ഒന്നേമുക്കാല്‍ കോടി രൂപ നഷ്ടമുണ്ടായെന്ന് അന്നത്തെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതോടെ വിവാദം ശക്തമായി. സര്‍ക്കാര്‍ അനുവദിച്ച 122 ലൈസന്‍സുകളും സുപ്രിംകോടതി റദ്ദാക്കി. സിബിഐ അന്വേഷണം നടത്തി 30,984 കോടി രൂപയുടെ അഴിമതിക്ക് കേസെടുത്തു. കുറ്റപത്രത്തില്‍ ചുമത്തിയ അഴിമതിക്ക് തെളിവു ഹാജരാക്കാന്‍ കഴിയാതെ പോയതാണ് എല്ലാവര്‍ക്കും രക്ഷയായത്. കുറ്റപത്രത്തില്‍ വ്യക്തമായ തെളിവുകള്‍ പരാമര്‍ശിച്ചിട്ടും അവ കൃത്യമായി കോടതിയില്‍ അവതരിപ്പിക്കപ്പെടാത്തതിനു പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന അരങ്ങേറിയോ? അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍, തന്നെ സ്വാധീനിക്കുന്നതിന് കേന്ദ്രമന്ത്രി നടത്തിയ ശ്രമം തുറന്നടിച്ചിരുന്നു.
2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗപ്പെടുത്തിയ പ്രധാന ആരോപണമായിരുന്നു 2ജി സ്‌പെക്ട്രം അഴിമതിക്കേസ്. അധികാരമേറ്റതിനുശേഷം മോദി സര്‍ക്കാര്‍ കേസില്‍ താല്‍പര്യമെടുത്തില്ല. ഡിഎംകെയുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കാനുള്ള കേന്ദ്ര ഭരണകക്ഷിയുടെ നീക്കങ്ങള്‍ അതിനു കാരണമായിട്ടുണ്ടോ എന്നും സംശയിക്കണം. അഴിമതിക്കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം ന്യായീകരിക്കുന്ന സമീപനമാണ് പിന്നീട് സിഎജി വിനോദ് റായ് സ്വീകരിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസാണിത്. ഇത്ര നിസ്സാരമായി ചീട്ടുകൊട്ടാരം പോലെ അതു കോടതിയില്‍ തകര്‍ന്നടിയുന്നത് സിബിഐ പോലുള്ള കുറ്റാന്വേഷണ ഏജന്‍സികളെയും സര്‍ക്കാരിന്റെ കേസ് നടത്തിപ്പുകളെയും കുറിച്ച് ജനങ്ങളില്‍ ആശങ്കകളും സംശയങ്ങളും സൃഷ്ടിക്കും. വിധിക്കെതിരേ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികരിച്ചിട്ടുണ്ട്. തെളിവുകള്‍ സമര്‍ഥിക്കാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നേടിക്കൊടുക്കാനും നടപടികളുണ്ടാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss