2ജി സ്‌പെക്ട്രം: വിധി 21ന്‌

ന്യൂഡല്‍ഹി: മുന്‍ ടെലികോം മന്ത്രി എ രാജ, എഐഡിഎംകെ എം പി കനിമൊഴി എന്നിവര്‍ ഉള്‍പ്പെട്ട 2ജി സ്‌പെക്ട്രം കേസുകളില്‍ ഈ മാസം 21ന് വിധിപറയുന്നതിന് ഡല്‍ഹിയിലെ സിബിെഎ പ്രത്യേക കോടതി തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷ്മപരിശോധന നടത്തിയിട്ടുണ്ടെന്നും ഈ മാസം 21ന് 10.30ന് വിധി പ്രസ്താവിക്കുമെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈനി പറഞ്ഞു.
പ്രതികളുടെയും കേസ് അന്വേഷിച്ച സിബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് ജഡ്ജി ഇക്കാര്യം പ്രഖ്യാപിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും വിധി പ്രസ്താവിക്കുന്ന ദിനം ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍, പ്രോസിക്യൂഷന്‍, മാധ്യമങ്ങള്‍ എന്നിവരെ ആദ്യം വരുന്നവര്‍ ആദ്യം എന്ന തരത്തില്‍ കോടതിമുറിയിലേക്ക് പ്രവേശിക്കാമെന്നും  കോടതി വ്യക്തമാക്കി. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി വിധിപറയുക. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളും  കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2ജി സ്‌പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രണ്ട് കേസുകള്‍ എടുത്തിരുന്നു. ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഫയല്‍ ചെയ്ത ആദ്യ കേസില്‍ എ രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി കെ ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുനീടെക് വയര്‍ലസ് എന്നീ കമ്പനികളും ഇതില്‍ പ്രതികളാണ്.
രണ്ടാമത്തെ സിബിഐ കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐ പി ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്റ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതിസ്ഥാനത്താണ്. കൂടാതെ കള്ളപ്പണം വെളുപ്പിക്കലിന് 2014ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 19 പേര്‍ക്കെതിരേ കുറ്റപത്രം നല്‍കി. ഇതില്‍ രാജ, കനിമൊഴി തുടങ്ങിയവര്‍ പ്രതികളാണ്.
Next Story

RELATED STORIES

Share it