2ജി സ്‌പെക്ട്രം അഴിമതിക്കേസ്; കനിമൊഴിയുടെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജി ഫയലില്‍ സ്വീകരിച്ച് രണ്ടര വര്‍ഷത്തിനു ശേഷമാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.
2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട വിചാരണ പ്രത്യേക സിബിഐ കോടതിയില്‍ അന്തിമഘട്ടത്തിലാണെന്ന് കേസിലെ പ്രത്യേക പബഌക് പ്രോസിക്യൂട്ടറായ ആനന്ദ് ഗ്രോവര്‍ അറിയിച്ചു. ഇതു കണക്കിലെടുത്ത കോടതി വിചാരണ അന്തിമഘട്ടത്തിലിരിക്കുമ്പോള്‍ ഹരജി പരിഗണിക്കാനാവില്ലെന്നു വ്യക്തമാക്കി. മാത്രമല്ല, വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തി ല്‍ കുറ്റംചുമത്തല്‍ റദ്ദാക്കണമെന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഹരജിയില്‍ രണ്ടര വര്‍ഷം തീരുമാനമെടുക്കാതിരുന്നത് തന്റെ കക്ഷിയുടെ കുറ്റമല്ലെന്ന് കനിമൊഴിക്കു വേണ്ടി ഹാജരായ അമരേന്ദ്ര ശരണ്‍ പറഞ്ഞു. കുറ്റം ചുമത്തല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2ജി കേസി ല്‍ ആരോപണവിധേയനായ ഷാഹിദ് ബല്‍വ സമര്‍പ്പിച്ച ഹരജിയും കോടതി തള്ളി.
ഇതിനിടെ, 2ജി കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതി 2011 ലും 2012ലും പുറപ്പെടുവിച്ച ഉത്തരവുകള്‍ ബെഞ്ച് പരിഷ്‌കരിച്ചു. പ്രത്യേക കോടതിയുടെ അന്തിമ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാമെന്നാണ് പുതിയ ഉത്തരവ്.
എന്നാല്‍, അന്തിമ വിധിക്കെതിരേ മാത്രമേ ഹൈക്കോടതിയെ സമീപിക്കാനാവൂ. ഈ സാഹചര്യത്തില്‍ 2ജി കേസില്‍ കനിമൊഴി കുറ്റക്കാരിയാണെന്ന് പ്രത്യേക കോടതി വിധിച്ചാല്‍ അതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it