1989നു ശേഷം തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച; ചരിത്രം തിരുത്തിക്കുറിച്ച് 'അമ്മ'

ചെന്നൈ: തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തി അണ്ണാ ഡിഎംകെ നേടിയത് ചരിത്രവിജയമാണ്. തുടര്‍ച്ചയായി രണ്ടാംതവണ പാര്‍ട്ടി വിജയത്തിലേക്കു നയിക്കാന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു കഴിഞ്ഞു.
1989നു ശേഷം തമിഴ്‌നാട്ടില്‍ ഒരു കക്ഷിയും തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയിട്ടില്ല. ജയലളിതയ്‌ക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം വോട്ടര്‍മാര്‍ തള്ളിയെന്നാണ് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ മിക്കതും അണ്ണാ ഡിഎംകെ തോല്‍ക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍, ഫലം മറിച്ചായി. തമിഴ്മക്കള്‍ അമ്മയെ കൈവിട്ടില്ല.
ജയലളിത ഇത് ആറാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളാണ് ജയലളിതയ്ക്കു തിളങ്ങുന്ന ജയം സമ്മാനിച്ചത്. അമ്മ കാന്റിന്‍, അമ്മ വാട്ടര്‍, അമ്മ ഫാര്‍മസിസ് തുടങ്ങിയവ ജനങ്ങള്‍ ആവേശപൂര്‍വം സ്വീകരിച്ച പദ്ധതികളാണ്. റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 20 കിലൊഗ്രാം അരി, നാലു ഗ്രാമിന്റെ സൗജന്യ മംഗലസൂത്ര തുടങ്ങിയ പദ്ധതികള്‍ വേറെ. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വധുക്കള്‍ക്കു നല്‍കുന്ന മംഗലസൂത്രത്തിന്റെ തൂക്കം എട്ടു ഗ്രാമാക്കുമെന്നും ജയലളിത വാഗ്ദാനം ചെയ്തിരുന്നു.
എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം വോട്ടര്‍മാര്‍ മുഖവിലയ്‌ക്കെടുത്തു. തമിഴ് സിനിമയില്‍ നായികയായി ശോഭിച്ചിരുന്ന ജയലളിതയെ രാഷ്ട്രീയത്തിലേക്കാനയിച്ചത് അണ്ണാ ഡിഎംകെ നേതാവായിരുന്ന എം ജി രാമചന്ദ്രനാണ്. 1982ല്‍ അവര്‍ പാര്‍ട്ടിയിലെത്തി. 1983ല്‍ ജയലളിതയെ പാര്‍ട്ടിയുടെ പ്രചാരണ സെക്രട്ടറിയാക്കി എംജിആര്‍. പാര്‍ട്ടിയില്‍ അവര്‍ക്ക് ശത്രുക്കളുണ്ടായിരുന്നു. എംജിആര്‍ സര്‍ക്കാരിലെ കെ കാളിമുത്തുവിനെ പോലുള്ളവര്‍ പരസ്യമായി തന്നെ ജയലളിതയ്‌ക്കെതിരേ രംഗത്തിറങ്ങി. തമിഴ്‌നാട്ടിലെ ദ്രാവിഡ ഭരണം അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു കാളിമുത്തുവിന്റെ ആരോപണം.
1984ല്‍ അവര്‍ രാജ്യസഭാംഗമായതോടെ പാര്‍ട്ടിയിലെ എതിര്‍പ്പ് കെട്ടടങ്ങി. 1987ല്‍ എംജിആറിന്റെ മരണത്തോടെ പാര്‍ട്ടി പിളര്‍ന്നെങ്കിലും എംജിആറിന്റെ അനന്തരാവകാശിയായി വൈകാതെ മാറി. അന്നു തുടങ്ങിയ രാഷ്ട്രീയ പ്രയാണത്തിനിടെ അഴിമതിക്കേസുകളില്‍ പെട്ട് രണ്ടുതവണ മുഖ്യമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it