|    Nov 21 Wed, 2018 5:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

1988ലെ കേസ്: കീഴടങ്ങാത്ത മുന്‍ പോലിസുകാര്‍ക്കെതിരേ നടപടി

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: മൂന്നു പതിറ്റാണ്ടു മുമ്പ് ദമ്പതികളെ മര്‍ദിച്ച കേസില്‍ സുപ്രിംകോടതി ശിക്ഷ ശരിവച്ചിട്ടും കീഴടങ്ങാത്ത മൂന്നു മുന്‍ പോലിസുകാരെ രണ്ടാഴ്ചയ്ക്കകം പിടികൂടി ജയിലില്‍ അടയ്ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരെ പിടികൂടി ശിക്ഷാവിധിക്കു വിധേയമാക്കിയതിന്റെ റിപോര്‍ട്ട് ഈ മാസം 20ന് നല്‍കണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട് പോലിസ് സ്‌റ്റേഷനില്‍ 1988ല്‍ സിഐയായിരുന്ന സി എസ് രാമചന്ദ്രന്‍ നായര്‍, എസ്‌ഐയായിരുന്ന സുബൈര്‍ കുഞ്ഞ്, ഹെഡ്‌കോണ്‍സ്റ്റബിളായിരുന്ന അബ്ദുല്‍കലാം എന്നിവരെ പിടികൂടി ജയിലില്‍ അടയ്ക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സി എസ് രാമചന്ദ്രന്‍ നായര്‍ എസ്പിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
വര്‍ക്കല സ്വദേശിയും ഗള്‍ഫില്‍ ബിസിനസുകാരനുമായിരുന്ന ജി ബാലചന്ദ്രനെയും മീനയെയും 1988 സപ്തംബര്‍ 16ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ആക്രമിച്ചെന്ന കേസിലാണ് ഇവരെ ശിക്ഷിച്ചത്. ബാലചന്ദ്രന്റെ കൈവശമുള്ള കശുവണ്ടി ഫാക്ടറി അതിന്റെ നടത്തിപ്പുകാരനായ തമിഴ്‌നാട്ടുകാരനു വില്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഗര്‍ഭിണിയായ മീനയെ ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് ബാലചന്ദ്രന്‍ നെടുമങ്ങാട് കോടതിയില്‍ പരാതി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സെഷന്‍സ് കോടതിയെ സമീപിച്ചു. മൂന്ന് പോലിസുകാരും പ്രതിയാണെന്ന് 1993 ഫെബ്രുവരിയില്‍ ആറ്റിങ്ങല്‍ സെഷന്‍സ് കോടതി വിധിച്ചു. ഒരു വകുപ്പില്‍ ഒരു മാസവും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷവും തടവായിരുന്നു ശിക്ഷ. പക്ഷേ, പ്രതികളുടെ അപ്പീല്‍ പരിഗണിച്ച അഡീഷനല്‍ സെഷന്‍സ് കോടതി 1996ല്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി. തുടര്‍ന്ന് ബാലചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ശിക്ഷ മൂന്നു മാസമായി കുറച്ചു. പ്രതികള്‍ ഇതിന് എതിരേ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss