1977- 82: നാല് മന്ത്രിസഭകള്‍ കണ്ട അഞ്ചാം നിയമസഭ

നാലാം നിയമസഭയുടെ കാലത്തെ ഭരണസ്ഥിരത, അഞ്ചാം നിയമസഭയ്ക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. നാല് മന്ത്രിസഭകള്‍, നാല് മുഖ്യമന്ത്രിമാര്‍, മുന്നണി ബന്ധങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങി സംഭവബഹുലമായിരുന്നു ഈ കാലഘട്ടം. 1977 മാര്‍ച്ച് 22ന് 140 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് സഖ്യമായ ഐക്യജനാധിപത്യ മുന്നണി 111 സീറ്റുകളില്‍ വിജയിച്ചു. എന്‍ഡിപിയുടെയും പിഎസ്പിയുടെയും പിന്തുണയും ഈ മുന്നണിക്കു ലഭിച്ചു. കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗവും ലീഗില്‍ നിന്ന് പിളര്‍ന്ന അഖിലേന്ത്യാ മുസ്‌ലിംലീഗും ജനതാപാര്‍ട്ടിയും സിപിഐ (എം) നയിച്ച ഇടതുപക്ഷ മുന്നണിക്ക് ഒപ്പമായിരുന്നു. 1977 മാര്‍ച്ച് 25ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കരുണാകരന്‍ മന്ത്രിസഭയുടെ പതനത്തിനു വഴിയൊരുക്കി. ഏപ്രില്‍ 25ന് കരുണാകരന്‍ രാജിവച്ചു. ഏപ്രില്‍ 27ന് എ കെ ആന്റണി മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ ചുമതലയേറ്റു. കഴക്കൂട്ടം മണ്ഡലത്തില്‍ തലേക്കുന്നില്‍ ബഷീറിനെ രാജിവയ്പ്പിച്ച് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ആന്റണി നിയമസഭാംഗമായി. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നിപ്പ് കേരളത്തിലും പ്രതിഫലിച്ചു. 1978ല്‍ രൂപംകൊണ്ട ഇന്ദിരാ കോണ്‍ഗ്രസ് ഭരണമുന്നണി വിട്ട് പ്രതിപക്ഷത്തേക്കു മാറുകയും കെ കരുണാകരന്‍ പ്രതിപക്ഷനേതാവ് ആവുകയും ചെയ്തു. 1978 ഒക്ടോബര്‍ 27ന് ആന്റണിയുടെ രാജിയിലാണ് ഈ പ്രതിസന്ധി കലാശിച്ചത്. ചിക്മംഗലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ആന്റണിയുടെ രാജി. ഒക്ടോബര്‍ 29ന് സിപിഐയിലെ പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. കേരളാ കോണ്‍ഗ്രസ്സില്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത പൊട്ടിത്തെറി മന്ത്രിസഭയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് ഇടയായി. സിപിഐയുടെ ഭട്ടിന്‍ഡാ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ എടുത്ത തീരുമാനം കേരളത്തില്‍ പുതിയ രാഷ്ട്രീയമാറ്റങ്ങളിലേക്കു നയിച്ചു. സിപിഐയും ആര്‍എസ്പിയും കോണ്‍ഗ്രസ് മുന്നണി വിട്ടു. 1979 ഒക്ടോബര്‍ 7ന് പി കെ വി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഒക്ടോബര്‍ 12ന് സി എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി. ഇതിനിടെ കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസഫ് ഗ്രൂപ്പ് രൂപംകൊണ്ടു. ഇതോടെ മാണിവിഭാഗം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തേക്കു മാറി. ജനതാ പാര്‍ട്ടിയും പിളര്‍ന്നതോടെ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് യു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവച്ചായിരുന്നു ആന്റണിയുടെ നീക്കം. ഭൂരിപക്ഷം നഷ്ടപ്പെടുകയും രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാവുകയും ചെയ്തതോടെ 1979 ഡിസംബര്‍ ഒന്നിന് സി എച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു.അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നേറ്റ പതനത്തിനു ശേഷം ദേശീയരാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധി ശക്തമായ തിരിച്ചുവരവു നടത്തിയ പശ്ചാത്തലത്തിലാണ് 1980 ജനുവരിയില്‍ ആറാം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടന്നത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ് യു, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് മാണി- പിള്ള വിഭാഗങ്ങള്‍, അഖിലേന്ത്യാ മുസ്‌ലിംലീഗ് എന്നിവയടങ്ങുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി 140ല്‍ 93 സീറ്റ് നേടി അധികാരത്തിലെത്തി. ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് ഐ, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് ജെ, ജനതാ പാര്‍ട്ടി, എന്‍ഡിപി, പിഎസ്പി എന്നിവയായിരുന്നു ഐക്യജനാധിപത്യ മുന്നണിയിലെ കക്ഷികള്‍. 1980ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി അധികാരത്തിലേറിയതോടെ സ്ഥിതിഗതികള്‍ വീണ്ടും മാറി. ആന്റണി വിഭാഗത്തിന്റെ കോണ്‍ഗ്രസ് യുവിന് ദേശീയപാര്‍ട്ടി പദവി നഷ്ടമായി. അതോടെ പാര്‍ട്ടി പിളര്‍ന്ന് ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് എസ് ആയി. നായനാര്‍ മന്ത്രിസഭ രണ്ടുവര്‍ഷം പിന്നിട്ടതോടെ സിപിഎമ്മുമായി അകന്ന ആന്റണി വിഭാഗം 1981 ഒക്ടോബര്‍ 16ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തൊട്ടുപിന്നാലെ ഒക്ടോബര്‍ 20ന് കേരളാ കോണ്‍ഗ്രസ് എമ്മും പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ മന്ത്രിസഭ രാജിവച്ചു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിടാതിരുന്നതിനാല്‍ പുതിയ സര്‍ക്കാരിനുള്ള സാധ്യത ശേഷിച്ചു. ഇതിനിടെ കോണ്‍ഗ്രസ് എസ്സില്‍ നിന്നു പിളര്‍ന്ന് ആന്റണി വിഭാഗം കോണ്‍ഗ്രസ്സിലേക്കു മടങ്ങി. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുഡിഎഫിന്റെ ഭാഗമായി. 1981 ഡിസംബര്‍ 28ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായും സി എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായും എട്ടംഗ മന്ത്രിസഭ നിലവില്‍ വന്നു. ഇ കെ നായനാര്‍ പ്രതിപക്ഷനേതാവായി. എ പി കുര്യന്‍ രാജിവച്ച ഒഴിവില്‍ എ സി ജോസ് പുതിയ സ്പീക്കറായി. ജനതാപാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 പേര്‍ വീതമായി. ഇതോടെ ഒരു അവിശ്വാസ പ്രമേയം അടക്കം നിര്‍ണായകഘട്ടങ്ങളിലെല്ലാം സ്പീക്കറുടെ കാസ്റ്റിങ് വോട്ടിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഈ പ്രത്യേക സ്ഥിതിവിശേഷം കരുണാകരന്‍ മന്ത്രിസഭയ്ക്ക് കാസ്റ്റിങ് മന്ത്രിസഭയെന്നും സ്പീക്കര്‍ എ സി ജോസിന് കാസ്റ്റിങ് സ്പീക്കര്‍ എന്നുമുള്ള പരിഹാസം നേരിടുന്നതിന് ഇടയാക്കി. ഒടുവില്‍ ലോനപ്പന്‍ നമ്പാടന്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് എല്‍ഡിഎഫിലേക്കു കൂറുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കരുണാകരന്‍ സര്‍ക്കാര്‍ 1982 മാര്‍ച്ച് 17ന് രാജിവച്ചു. അങ്ങനെ 25 മാസങ്ങള്‍ക്കു ശേഷം കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്കും ഇടക്കാല തിരഞ്ഞെടുപ്പിലേക്കും നീങ്ങി.          (തുടരും.......)
Next Story

RELATED STORIES

Share it