1972 ഫെബ്രുവരി 2: പൂട്ടുന്ന കാളയില്‍ നിന്നു കൈപ്പത്തിയിലേക്ക്

എച്ച് സുധീര്‍

തിരുവനന്തപുരം: 1978 ഫെബ്രുവരി 2. ഈദിനം കോണ്‍ഗ്രസ്സിന് മറക്കാനാവില്ല. പാര്‍ട്ടി ചിഹ്നമായി ഇന്ദിര ഗാന്ധി കൈപ്പത്തി തീരുമാനിച്ച ദിനം. 1951ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ഫോര്‍വേഡ് ബ്ലോക്ക്(റൂയിക്കര്‍) വിഭാഗത്തിനായിരുന്നു കൈ ചിഹ്നമായി ഉണ്ടായിരുന്നത്.
കാലക്രമേണ കൈ കോണ്‍ഗ്രസ്സിന്റെ കൈയിലെത്തി. പൂട്ടുന്ന കാള ചിഹ്നത്തിലാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആദ്യകാലത്ത് മല്‍സരിച്ചത്. കാര്‍ഷിക പുരോഗതിയുടെ പ്രതീകമായി വിലയിരുത്തപ്പെട്ട ആ ചിഹ്നം കോണ്‍ഗ്രസ്സിനെ തുടര്‍ച്ചയായി വിജയരഥത്തിലേറ്റി.
എന്നാല്‍, 1969ല്‍ കോണ്‍ഗ്രസ് രണ്ടായി. ഇതോടെ പൂട്ടുന്ന കാള ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. തുടര്‍ന്ന് ഇന്ദിര ഗാന്ധിയെ പിന്തുണച്ച വിഭാഗത്തിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പേരും പശുവും കിടാവും എന്ന ചിഹ്നവും ലഭിച്ചു. ചര്‍ക്ക തിരിക്കുന്ന സ്ത്രീ മറുപക്ഷത്തിന് കിട്ടി. അടിയന്തരാവസ്ഥക്കാലത്ത് എതിര്‍പക്ഷം ജനസംഘത്തിനും സോഷ്യലിസ്റ്റുകള്‍ക്കും ഭാരതീയ ലോക്ദളിനുമൊപ്പം ചേര്‍ന്ന് ജനതാ പാര്‍ട്ടിയുണ്ടാക്കി. അതോടെ ചര്‍ക്ക തിരിക്കുന്ന സ്ത്രീ അവര്‍ക്കു നഷ്ടമായി. 1977ല്‍ പശുവും കിടാവും ചിഹ്നത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് ദയനീയമായി തോറ്റതോടെ വീണ്ടും ഭിന്നതയായി. ഇരുവിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി അവകാശമുന്നയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതും മരവിപ്പിച്ചു.
ഇന്ദിരയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പേരും കൈപ്പത്തി ചിഹ്നവും ലഭിച്ചു. എതിര്‍പക്ഷമായ ദേവരാജ് അരസിന്റെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്-യുവിന് ചര്‍ക്ക ചിഹ്നവും കിട്ടി. അന്നു കിട്ടിയ കൈ ഇന്നും കോണ്‍ഗ്രസ്സിനൊപ്പമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പല ചരിത്രങ്ങളുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 1978 ഫെബ്രുവരി രണ്ടിന് ഇന്ദിര ഗാന്ധി ആന്ധ്രപ്രദേശിലെത്തിയപ്പോള്‍ ആര്‍ കെ രാജരത്‌നം എന്ന നേതാവിന്റെ വീട്ടിലാണ് രാത്രി തങ്ങിയത്. അന്ന് പാര്‍ട്ടിക്ക് ചിഹ്നം ലഭിച്ചിരുന്നില്ല. രാത്രിയോടെ ചിഹ്നം അറിയിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവായ ഭൂട്ടാസിങ് വിളിച്ചു. പിറ്റേന്ന് രാവിലെ 10ന് മുമ്പ് ചിഹ്നം അറിയിക്കണമെന്നും പറഞ്ഞു. കൈപ്പത്തി ചിഹ്നമായി എടുത്താല്‍ നന്നാവുമെന്നും എളുപ്പം ശ്രദ്ധിക്കപ്പെടുമെന്നും രാജരത്‌നം ഇന്ദിരയെ അറിയിച്ചു. ഒപ്പം വിശ്വാസ്യതയുടെയും പിന്തുണയുടെയും പ്രതീകമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതോടെ ഇന്ദിര കൈപ്പത്തി തിരഞ്ഞെടുത്തുവെന്നാണ് ചരിത്രം.
എന്നാല്‍, മറ്റൊരു കഥയും കൈപ്പത്തിക്ക് പിന്നിലുണ്ട്. കോണ്‍ഗ്രസ് പിളര്‍ന്നതോടെ പുതിയ ചിഹ്നം ആവശ്യമായി വന്നപ്പോള്‍ ലീഡര്‍ കെ കരുണാകരനാണ് കൈപ്പത്തി ചൂണ്ടിക്കാണിച്ചതെന്നും പറയപ്പെടുന്നു. അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രത്തില്‍ ദേവിയുടേതെന്ന് വിശ്വസിക്കുന്ന രണ്ടു കൈകള്‍ ആരാധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനു തൊട്ടുപിന്നാലെ ഇന്ദിര ഗാന്ധി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് കോണ്‍ഗ്രസ് (ഐ)യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തതെന്നും കഥയുണ്ട്.
1951ലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ ഇന്നുവരെ ചിഹ്നം മാറാത്ത രണ്ടുപാര്‍ട്ടികളാണ് രാജ്യത്തുള്ളത്. സിപിഐയും ഫോര്‍വേഡ് ബ്ലോക്കും. സിപിഐയുടെ ചിഹ്നമായ അരിവാള്‍ നെല്‍ക്കതിരും ഫോര്‍വേഡ് ബ്ലോക്കി(എം)ന്റെ ചിഹ്നമായ നില്‍ക്കുന്ന സിംഹത്തിനും 65 വര്‍ഷത്തിന്റെ പഴക്കമുണ്ട്. ദേശീയപുഷ്പമായ താമര പാര്‍ട്ടി ചിഹ്നമായി തിരഞ്ഞെടുത്ത ബിജെപിക്ക് ഏറെ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് താമര സ്വന്തമായത്.
Next Story

RELATED STORIES

Share it