|    Oct 23 Sun, 2016 11:27 pm
FLASH NEWS

1965-75 നിര്‍ണായക വഴിത്തിരിവിന്റെ കാലം

Published : 30th March 2016 | Posted By: RKN

സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവുകള്‍ക്കാണ് പിന്നീടുള്ള കാലം സാക്ഷ്യം വഹിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐ എമ്മും സിപിഐയുമായി മാറി. കോണ്‍ഗ്രസ്സിലെ വിമതവിഭാഗം കെ എം ജോര്‍ജ് ചെയര്‍മാനും ആര്‍ ബാലകൃഷ്ണപിള്ള ജനറല്‍ സെക്രട്ടറിയുമായി കേരള കോണ്‍ഗ്രസ്സിന് രൂപം നല്‍കി. ചൈനയോടും റഷ്യയോടുമുള്ള സമീപനത്തെ ചൊല്ലി ഉടലെടുത്ത ആശയപരമായ ചേരിതിരിവാണ് കമ്മ്യൂണിസ്റ്റ്് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും എ കെ ഗോപാലന്റെ നേതൃത്വത്തില്‍ ചൈനീസ് അനുകൂലികളായ 32 പേര്‍ ഇറങ്ങിപ്പോയി. സിപിഐ (എം) എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. കേരളത്തില്‍ സിപിഎമ്മിന് ഇഎംഎസും സിപിഐ—ക്ക് എം എന്‍ ഗോവിന്ദന്‍നായരും നേതൃത്വം നല്‍കി. രാഷ്ട്രീയ ചേരികള്‍ മാറിമറിഞ്ഞ ഈ സാഹചര്യത്തിലാണ് 1965 മാര്‍ച്ച് 4ന് മൂന്നാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പിളര്‍പ്പിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടി സിപിഎം ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 24 സീറ്റുകള്‍ നേടി കേരള കോണ്‍ഗ്രസ്സും കരുത്തുകാട്ടി. കോണ്‍ഗ്രസ്സിന് 36 സീറ്റ് ലഭിച്ചപ്പോള്‍ സിപിഐക്ക് 3 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുസ്‌ലിംലീഗിന് 6ഉം എസ്എസ്പിക്ക് 13ഉം സ്വതന്ത്രര്‍ക്ക് ഒരു സീറ്റും ലഭിച്ചു. കടുത്ത രാഷ്ട്രീയ വൈരം നിറഞ്ഞുനിന്ന സാഹചര്യത്തില്‍ കക്ഷികള്‍ പരസ്പരം യോജിക്കാന്‍ തയ്യാറാവാതെ വന്നതോടെ മന്ത്രിസഭാ രൂപീകരണം അസാധ്യമായി. ഒടുവില്‍ നിയമസഭ പുനസ്സംഘടിപ്പിക്കാതെ മാര്‍ച്ച് 24ന് തിരഞ്ഞെടുപ്പ് റദ്ദാക്കുന്ന അപൂര്‍വ സ്ഥിതിവിശേഷത്തിന് കളമൊരുക്കി കേരള രാഷ്ട്രീയം ചരിത്രത്തില്‍ ഇടംനേടി. ശങ്കര്‍ മന്ത്രിസഭയുടെ പതനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതിഭരണം വീണ്ടും തുടര്‍ന്നു. 1967 മാര്‍ച്ചിലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൊട്ടുമുമ്പത്തെ സ്ഥിതിവിശേഷം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സിനെതിരേ സപ്ത—കക്ഷി മുന്നണി രൂപീകരിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ, ആര്‍എസ്പി, മുസ്‌ലിംലീഗ്, ഐഎസ്പി, കെഎസ്പി, കെടിപി എന്നിവയായിരുന്നു മുന്നണിയിലെ മറ്റുകക്ഷികള്‍. 134ല്‍ 113 സീറ്റുകള്‍ നേടി ഇഎംഎസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സപ്തകക്ഷി മന്ത്രിസഭ 1967 മാര്‍ച്ച് 6ന് അധികാരത്തിലേറി. കോണ്‍ഗ്രസ് 9ഉം കേരള കോണ്‍ഗ്രസ് 5ഉം സീറ്റുകള്‍ നേടി പ്രതിപക്ഷത്തായി. കെ കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്. കെഎസ്പിയിലെ ഡി ദാമോദരന്‍ പോറ്റി സ്പീക്കറും മുസ്‌ലിംലീഗിലെ എം പി മുഹമ്മദ് ജാഫര്‍ഖാന്‍ ഡെപ്യൂട്ടി സ്പീക്കറുമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു 1967ലേത്. പുതിയ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഇഎംഎസ് പ്രഖ്യാപിച്ചെങ്കിലും വാക്കുപാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിപിഐയും സിപിഎമ്മും തമ്മിലുള്ള ആശയപരമായ ഭിന്നത അധികം താമസിയാതെ വീണ്ടും തലപൊക്കി. ഭരണതലത്തിലെ പല വിഷയങ്ങളും ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തിക്ക് ഇടയാക്കി. ഭക്ഷ്യപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഭരണമുന്നണി കേന്ദ്രത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയതും കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷമായ വിദ്യാര്‍ഥിസമരം ഉയര്‍ന്നുവന്നതും ഈ ഘട്ടത്തിലായിരുന്നു. ഉമ്മന്‍ ചാണ്ടിയായിരുന്നു അന്നത്തെ കെഎസ്‌യു പ്രസിഡന്റ്. മന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രി ഇഎംഎസ് മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടെടുത്തു. സിപിഐയുടെ നേതൃത്വത്തില്‍ കുറുമുന്നണി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഭരണകക്ഷിയില്‍ ഭിന്നത രൂക്ഷമായി. ആരോപണ പ്രത്യാരോപണങ്ങളില്‍ തട്ടി മുന്നണി തകരുമെന്ന് ഉറപ്പായതോടെ 1969 നവംബര്‍ ഒന്നിന് ഇഎംഎസ് മന്ത്രിസഭ രാജിവച്ചു. സിപിഐ, ആര്‍എസ്പി, മുസ്‌ലിംലീഗ് മന്ത്രിമാര്‍ അതിനുമുമ്പ് തന്നെ രാജിവച്ചിരുന്നു. സപ്തകക്ഷി മുന്നണി വിട്ട് പുറത്തുവന്ന സിപിഐ, ആര്‍എസ്പി, മുസ്‌ലിംലീഗ്, ഐഎസ്പി കക്ഷികളോടൊപ്പം കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും സഹകരിച്ച് എട്ടംഗ ബദല്‍ മന്ത്രിസഭ രൂപീകരിച്ചു. സിപിഐയുടെ രാജ്യസഭാംഗമായിരുന്ന സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. ഇ ചന്ദ്രശേഖരന്‍ നായര്‍ രാജിവച്ച ഒഴിവില്‍ നടന്ന കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് അച്യുതമേനോന്‍ നിയമസഭാംഗമായി. 56നെതിരേ 66 വോട്ടുകള്‍ക്ക് അച്യുതമേനോന്‍ മന്ത്രിസഭ വിശ്വാസവോട്ട് നേടി. ഇതിനിടെ കോണ്‍ഗ്രസ്സിലും പിളര്‍പ്പ് വന്നു. കോണ്‍ഗ്രസ് ഇന്ദിരാ വിഭാഗത്തിലെ 5 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സംഘടനാ കോണ്‍ഗ്രസ്സുകാരായ 4 പേര്‍ നിഷ്പക്ഷത പാലിച്ചു. ഇതിനിടെ ഐഎസ്പിയിലുണ്ടായ പടലപ്പിണക്കങ്ങള്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചു. ഇതോടെ നിയമസഭ പിരിച്ചുവിട്ട് പുതിയ ജനവിധി തേടാന്‍ അച്യുതമേനോന്‍ തീരുമാനിച്ചു. 1970 ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിട്ടു. ആഗസ്ത് ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു. ആഗസ്ത് നാലു മുതല്‍ കേരളം അഞ്ചാംതവണയും രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി. ഐക്യകേരളം പിറവിയെടുത്ത ശേഷം ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ നിയമസഭ എന്നതായിരുന്നു 1970 ഒക്ടോബര്‍ 4ന് നിലവില്‍വന്ന നാലാം കേരള നിയമസഭയുടെ പ്രത്യേകത. നിയമസഭ അഞ്ചുവര്‍ഷ കാലാവധി പിന്നിട്ട ശേഷവും തുടര്‍ന്നു. 1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മൂന്നു തവണയായി 18 മാസംകൂടി കാലാവധി നീട്ടിനല്‍കി 1977 മാര്‍ച്ച് വരെ സഭ നിലനിന്നു. 1970 സപ്തംബര്‍ 17ന് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളായാണ് പ്രമുഖ കക്ഷികള്‍ ജനവിധി തേടിയത്. കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി, മുസ്‌ലിംലീഗ്, പിഎസ്പി കക്ഷികള്‍ അടങ്ങിയ ഐക്യമുന്നണി ഭൂരിപക്ഷം നേടി. ഇടതുപക്ഷത്തിന് നേതൃത്വം നല്‍കിയ സിപിഎമ്മിന് 28 സീറ്റുകള്‍ ലഭിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന എസ്എസ്പി, ഐഎസ്പി, കെടിപി, കെഎസ്പി കക്ഷികള്‍ക്ക് കാര്യമായ നേട്ടം ഉണ്ടായില്ല. ജനാധിപത്യ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് 14 സീറ്റും സംഘടനാ കോണ്‍ഗ്രസ് നാലു സീറ്റും നേടി. 30 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും കോണ്‍ഗ്രസ് തുടക്കത്തില്‍ മന്ത്രിസഭയില്‍ ചേര്‍ന്നില്ല. ഒക്ടോബര്‍ 4ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. 1971 ജനുവരിയില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. 1975 ഡിസംബര്‍ 26ന് കേരളാ കോണ്‍ഗ്രസ്സും മന്ത്രിസഭയില്‍ പങ്കാളിയായി. ഇതിനിടെ പലതവണ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചു. മുസ്‌ലിംലീഗിലെ കെ മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി സ്പീക്കറും ആര്‍എസ്പിയിലെ ആര്‍ എസ് ഉണ്ണി ഡെപ്യൂട്ടി സ്പീക്കറുമായാണ് നാലാം നിയമസഭ തുടങ്ങിയത്. പിന്നീട് ടി എസ് ജോണ്‍ സ്പീക്കറായി. ഇഎംഎസ് ആയിരുന്നു പ്രതിപക്ഷനേതാവ്. അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശ ധ്വംസനങ്ങള്‍ക്കും പോലിസ് ഭീകരതയ്ക്കും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ എന്ന നിലയിലാണ് അച്യുതമേനോന്‍ മന്ത്രിസഭ ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ളത്. കെ കരുണാകരനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശക്തമായ മിച്ചഭൂമി സമരം ഈ കാലഘട്ടത്തിലായിരുന്നു. എകെജിയുടെ നേതൃത്വത്തില്‍ മുടവന്‍മുഗള്‍ കൊട്ടാര വളപ്പിലേക്ക് മതില്‍ച്ചാടിക്കടന്നതും മറ്റും കേരളം എന്നും ഓര്‍മിക്കുന്ന ചരിത്രം. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സിലെ ആദ്യത്തെ പിളര്‍പ്പിനും ഈ കാലം സാക്ഷിയായി.                                 (തുടരും…)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 2 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day