|    Oct 23 Mon, 2017 12:48 am

Published : 13th November 2015 | Posted By: SMR

സമീര്‍ കല്ലായി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വിജയം നിലനിര്‍ത്താന്‍ ഇടതിന് വിയര്‍ക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ ഇടത് മിന്നുന്ന വിജയം നേടിയെങ്കിലും മൊത്തത്തിലുള്ള വോട്ടിങ് ശതമാനം പരിശോധിച്ചാല്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ്. മണ്ഡലത്തില്‍ നേരിയ ലീഡ് തങ്ങള്‍ക്കുണ്ടെന്നാണ് യുഡിഎഫ് അവകാശവാദം. അതെസമയം മണ്ഡലത്തിലെ രാമനാട്ടുകര, കടലുണ്ടി, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ അധികാരത്തിലെത്താനായതും ഫറോക്കില്‍ ഒപ്പത്തിനൊപ്പമെത്തിയതും ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ഈ വാദത്തെ പ്രതിരോധിക്കുന്നു.
നേരത്തെ ബേപ്പൂര്‍ മണ്ഡലത്തിലെതന്നെ ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്തും ബേപ്പൂരും കോഴിക്കോട് കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇതാണ് കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സഹായകമായതെന്നാണ് യുഡിഎഫ് വാദം. ബേപ്പൂരിലെ ഇടതുശക്തികേന്ദ്രങ്ങളിലെ ബിജെപി കടന്നുകയറ്റവും എല്‍ഡിഎഫിനെ അലോസരപ്പെടുത്തുന്നു.
തീരദേശത്ത് മൂന്നിടത്താണ് ബിജെപി വിജയിച്ചത്. മാറാട് ഇടതിനെ കൈവിട്ട് ബിജെപിയെ പുണര്‍ന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായത് ചൂണ്ടിക്കാണിച്ചാണ് എല്‍ഡിഎഫ് പിടിച്ചു നില്‍ക്കുന്നത്. ചുവപ്പുകോട്ടയിലെ ബേപ്പൂര്‍ പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന രണ്ടു ഡിവിഷനുകളാണ് ബിജെപി പിടിച്ചെടുത്ത മറ്റു രണ്ടു വാര്‍ഡുകള്‍. ശക്തരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചാലേ ബേപ്പൂര്‍ അടുത്ത തവണ നിലനിര്‍ത്താനാവൂ എന്ന തിരിച്ചറിവ് സിപിഎമ്മില്‍ ശക്തമായിട്ടുണ്ട്. സിഐടിയു സംസ്ഥാന സെക്രട്ടറിയും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമാണ് ഇപ്പോള്‍ ബേപ്പൂര്‍ എംഎല്‍എ. ചക്കിട്ടപ്പാറ ഖനന അഴിമതിയില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയെങ്കിലും കരീമിനെതിരെ വേറെയും ആരോപണങ്ങളുണ്ട്.
രണ്ടു തവണയില്‍ കൂടുതല്‍ അവസരം നല്‍കരുതെന്നാണ് സിപിഎം നയമെങ്കിലും കരീമിന് പാര്‍ട്ടിയിലുള്ള പിടിപാടുവച്ച് പ്രത്യേക സാഹചര്യത്തില്‍ ഇത്തവണയും സീറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി കരീം നടത്തിയ നീക്കത്തിന്റെ ഭാഗമാണ് മുന്‍ എംഎല്‍എ വികെസി മമ്മദ്‌ക്കോയയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി കോഴിക്കോട് കോര്‍പറേഷനിലേക്ക് മല്‍സരിപ്പിച്ചതത്രെ. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനേയും മല്‍സരിപ്പിച്ചത് ഇത്തരത്തില്‍ വെട്ടി മാറ്റുന്നതിനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസിനെ ബേപ്പൂരിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നു. നേരത്തെ 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ റിയാസ്, എം കെ രാഘവനോട് 838 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. റിയാസിന്റെ നാല് അപരന്‍മാര്‍ ചേര്‍ന്ന് 4843 വോട്ടുകള്‍ പിടിച്ചതാണ് തോല്‍വിക്കിടയാക്കിയത്. എം പി വീരേന്ദ്രകുമാര്‍ മുന്നണി വിട്ട് ഉയര്‍ത്തിയ പേയ്‌മെന്റ് സീറ്റ് വിവാദത്തിനിടയിലും മികച്ച പോരാട്ടം നടത്തിയ റിയാസിന് പിന്നീട് ഒരവസരം നല്‍കാത്തതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.
2006 ല്‍ വി കെ സി മമ്മദ്‌ക്കോയയെ മാറ്റിയാണ് എളമരം കരീം ബേപ്പൂരിലെത്തിയത്. അതിനു മുമ്പ് ടി കെ ഹംസയിലൂടെയാണ് സിപിഎം മണ്ഡലം നിലനിര്‍ത്തിയിരുന്നത്. കോണ്‍ഗ്രസ്സിലെ എന്‍ പി മൊയ്തീന്‍ രണ്ടു തവണ പ്രതിനിധീകരിച്ച മണ്ഡലമാണ് ബേപ്പൂര്‍. കഴിഞ്ഞ തവണ എളമരം കരീമിന്റെ ലീഡ് 5316 ലെത്തിക്കാന്‍ കോണ്‍ഗ്രസ്സിലെ ആദം മുന്‍ഷിക്കായിരുന്നു. ഇത്തവണ മികച്ച സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനായാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക