|    May 24 Thu, 2018 5:43 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

1955ല്‍ നിര്‍മിച്ച തോട്ടപ്പളളി സ്പില്‍വേ പാലം അപകടാവസ്ഥയില്‍

Published : 19th July 2016 | Posted By: sdq

ഹരിപ്പാട്: ദേശീയപാതയിലെ തോട്ടപ്പള്ളി സ്പില്‍വേ പാലം അപകടാവസ്ഥയില്‍. ദേശീയപാത 47ലെ പ്രധാന പാലങ്ങളിലൊന്നാണ് തോട്ടപ്പളളി സ്പില്‍വേ പാലം. പാലത്തിന്റെ ദ്രവിച്ച കമ്പികള്‍ ഇളക്കിമാറ്റി കോണ്‍ക്രീറ്റ് മിശ്രിതം കുത്തിനിറച്ച് അറ്റകുറ്റപ്പണി നടത്തി ആശ്വാസം കണ്ടെത്തുകയായാണ് ദേശീയപാത അധികൃതര്‍.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ സ്പില്‍വേയില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ സ്പാനുകള്‍ക്ക് ഗുരുതരമായ തകരാര്‍ കണ്ടെത്തിയിരുന്നു. നവംബറില്‍ സ്പില്‍വേക്കു സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് കടല്‍തീരത്ത് കൂടി താല്‍കാലിക റോഡ് ഉണ്ടാക്കി ഏപ്രില്‍ മാസത്തോടെ പാലം പുതുക്കിപ്പണിയണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശവും നടപ്പായില്ല. ഏതു നിമിഷവും ദുരന്തമുണ്ടാകാവുന്ന സ്ഥിതിയിലായ പാലത്തിലൂടെ വാഹനങ്ങളുടെ പ്രവാഹമാണ് എപ്പോഴും.
തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മാണം തുടങ്ങിയ പാലവും സ്പില്‍വേയും 1955ലാണ് പൂര്‍ത്തിയായത്. 30 വര്‍ഷമായിരുന്നു പരമാവധി ആയുസ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ കലയളവിന് ശേഷം 30 വര്‍ഷം കൂടി കഴിഞ്ഞിട്ടും പാലം പുതുക്കിപ്പണിയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ടി എസ് കനാലിനു സമീപത്തു നിന്നു തുടങ്ങി അറബിക്കടലില്‍ അവസാനിക്കുന്ന തോട്ടപ്പള്ളി പൊഴിക്ക് കുറുകെ നിര്‍മിച്ചിട്ടുളള സ്പില്‍വേക്ക് 366 മീറ്റര്‍ നീളമുണ്ട്.കുട്ടനാടന്‍ പാടശേഖരങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ഓരുജലം തിരികെ പൊഴിയിലേക്ക് കടക്കാതിരിക്കാനുമായി 41 ഷട്ടറുകളാണ് സ്പില്‍വേക്കുള്ളത്. കുട്ടനാട് പാക്കേജിലുള്‍പ്പെടുത്തി 19 കോടി രൂപ മുടക്കി പ്രവര്‍ത്തനക്ഷമമല്ലാത്ത മുഴുവന്‍ ഷട്ടറുകളും മാറ്റി പുതിയവ ഘടിപ്പിക്കുന്ന ജോലികള്‍ ഇപ്പോള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണ്.
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ ശക്തമായ തിരമാലകള്‍ പാലത്തില്‍ വന്നിടിച്ച് പാലം കവിഞ്ഞ് വെള്ളം ഒഴുകിയതും എന്‍ടിപിസിയുടെ നിര്‍മാണത്തിനായി പാലത്തിന് താങ്ങാവുന്നതില്‍ കവിഞ്ഞ് ഭാരമുളള യന്ത്രസാമഗ്രികള്‍ സ്പില്‍വേ വഴി കടത്തിക്കൊണ്ടു പോയതും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായെന്നും വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ട്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പില്‍വേ യ്ക്ക് ബലക്ഷയമുണ്ടെന്നും അധികം ഭാരമുളള വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോവരുതെന്നും കാട്ടി ദേശീയപാതാ നിരത്ത് വിഭാഗം ഇരുകരകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി നടത്തിയതിനു ശേഷം ബോര്‍ഡുകള്‍ നീക്കം ചെയ്തിരിക്കുകയാണ് അധികൃതര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss