195 പാക് യുദ്ധക്കുറ്റവാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബംഗ്ലാദേശ്

ധക്ക: യുദ്ധക്കുറ്റവാളികളായി ജയിലിലിടുകയും പിന്നീട് രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്ത 195 പാകിസ്താന്‍ തടവുകാരെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ കോടതി (ഐസിടി) പ്രത്യേക സമിതി രൂപീകരിച്ചു.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് പാകിസ്താന്‍ പട്ടാളക്കാരായിരുന്ന ഇവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തൊക്കെയെന്നതു സംബന്ധിച്ച വിവരങ്ങള്‍ അഞ്ചംഗസമിതി ശേഖരിക്കുമെന്ന് ഐസിടിയുടെ മുഖ്യ ഏകോപനാധികാരിയായ അബ്ദുല്‍ ഹന്നന്‍ ഖാന്‍ പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കും.
പൊതുജനാഭിപ്രായം കൂടി മാനിച്ചാണ് രേഖകള്‍ ശേഖരിക്കുന്നത്. 1971ല്‍ തങ്ങളുടെ സൈന്യം ബംഗ്ലാദേശില്‍ നടത്തിയ ക്രൂരതകള്‍ പാകിസ്താന്‍ അടുത്തിടെ നിഷേധിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണമായിട്ടുണ്ട്. ബംഗ്ലാദേശിന്റെ യുദ്ധക്കുറ്റ വിചാരണയ്‌ക്കെതിരേ പാകിസ്താന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
1974ല്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒപ്പുവച്ച ത്രികക്ഷി കരാറിനെത്തുടര്‍ന്ന് ഇന്ത്യന്‍ ജയിലുകളില്‍ യുദ്ധക്കുറ്റവാളികളായി കഴിയുകയായിരുന്ന പാക് സൈനികരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിട്ടുണ്ട്. യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യുന്നതിന് ബംഗ്ലാദേശിനുള്ള അനുമതി പാകിസ്താന്‍ തടഞ്ഞിരുന്നു.
Next Story

RELATED STORIES

Share it