Alappuzha local

1948ലെ ആദ്യവോട്ടിന്റെ ഓര്‍മയില്‍ ആന്റണിച്ചേട്ടന്‍

ആലപ്പുഴ: 1948ലെ ആദ്യവോട്ട് ചെയ്തതിന്റെ ഓര്‍മയുമായാണ് 92കാരനായ ആന്റണിച്ചേട്ടന്‍ തുമ്പോളി സെന്റ് തോമസ് എച്ച്എസിന്റെ പടവിറങ്ങിയത്. കാലവും തലമുറകളുടെ മാറ്റവും പക്ഷെ മംഗലം വാര്‍ഡില്‍ പണ്ടാരപ്പറമ്പില്‍ ആന്റണിയുടെ വോട്ട് ചെയ്യാനുള്ള ആവേശത്തെ ഒട്ടും തളര്‍ത്തില്ല.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം വോട്ട് ചെയ്തതിന്റെ പ്രായം മായ്ക്കാത്ത ഓര്‍മകളിലേക്ക് ആന്റണിച്ചേട്ടന്‍ ഒരു നിമിഷം തിരിച്ചുപോയി. ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരോടും ക്യൂവില്‍ നില്‍ക്കുന്ന കന്നിവോട്ടര്‍മാരോടും അല്‍പ്പം കുശലം.
'ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം. ഇന്ന് വോട്ട് ചെയ്യല്‍ വളരെ എളുപ്പം. കാലത്തിന്റെ മാറ്റം വോട്ട് ചെയ്യുന്നരീതിയില്‍ മാറ്റം വരുത്തി. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ എല്ലാം കഴിഞ്ഞു'ആന്റണിച്ചേട്ടന്റ് മുഖത്ത് ഓര്‍മയുടെ തിളക്കം.
തിരുകൊച്ചിയുടെ ഭാഗമായിട്ടായിരുന്നു ആദ്യവോട്ടെന്നാണ് ഓര്‍മ. 18ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നതാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതിന്റെ പെന്‍ഷന്‍ ഇപ്പോഴും ഉണ്ട്. അന്ന് ജര്‍മനി, ഇറ്റലി, ഗ്രീസ് തുടങ്ങി പലരാജ്യങ്ങളിലും പട്ടാളത്തോടൊപ്പം പോയി.
പല തിരഞ്ഞെടുപ്പുകള്‍ കണ്ടു. ഇപ്പോഴും ആവേശത്തിന് കുറവില്ല. വോട്ട് ചെയ്യാന്‍ ഭാര്യ മെറ്റില്‍ഡ ഇറങ്ങാന്‍ വൈകിയപ്പോള്‍ തനിച്ച് മുമ്പേ നടന്നാണ് വോട്ട് ചെയ്യാനെത്തിയത്. തൊട്ടപ്പുറത്തെ ക്യു നില്‍ക്കുന്ന 'ന്യൂജെന്‍' പിള്ളേര്‍ തിരഞ്ഞെടുപ്പ് കാര്‍ഡ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ആന്റണി ച്ചേട്ടനിലും ആവേശപ്പുഞ്ചിരി. ക്യൂവില്‍ നിന്ന ജിതിന്‍ മാര്‍ട്ടിന്‍, സിറോഷ് ഷാജി, ബ്രോഡ്ജന്‍ ദാസ് തുടങ്ങിയവരെല്ലാം ഡിഗ്രി കഴിഞ്ഞ കന്നി വോട്ടര്‍മാര്‍.
ബിടെകുകാരനായ ഷെറിനാവട്ടെ കന്നി വോട്ട് ചെയ്യാന്‍ വേണ്ടിയാണ് നാട്ടിലെത്തിയത്.
ആന്റണിച്ചേട്ടനു കൂട്ടായി എത്തിയതും മറ്റൊരു ആന്റണി. 94കാരനായ ചാരങ്കാട്ട് ആന്റണിയും എല്ലാ തവണയും കൃത്യമായി വോട്ട് ചെയ്യുന്നു. വോട്ടിങ് യന്ത്രമെത്തിയതോടെ സൗകര്യങ്ങള്‍ കൂടിയെന്നതില്‍ ആന്റണിയ്ക്കും തെല്ലും സംശയമില്ല. സെന്റ് തോമസ് എച്ച്എസിലെ പോളിങ് ബൂത്തിനു സമീപമുള്ള മരത്തണല്‍ അക്ഷരാര്‍ഥത്തില്‍ തലമുറകളുടെ സംഗമവേദിയായി.
Next Story

RELATED STORIES

Share it