|    May 27 Sat, 2017 7:22 pm
FLASH NEWS

Published : 21st March 2017 | Posted By: fsq

കരിപ്പൂരിനോടുള്ള വിവേചനം
രാഷ്ട്രീയപ്രേരിതം: ജനതാദള്‍ (യു)കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള വിവേചനം രാഷ്ട്രീയ പ്രേരിതമാണെന്നും എന്‍ഡിഎ അധികാരത്തില്‍ വന്നശേഷം കരിപ്പുരിന് അവഗണന മാത്രമാണെന്നും ജനതാദള്‍ (യു) സംസ്ഥാന ജന. സെക്രട്ടറി ഷേയ്ക്ക് പി ഹാരിസ് പറഞ്ഞു.
ജനതാ പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാനനേതാക്കള്‍ കരിപ്പൂരില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കുക, വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.
ജെപിസിസി സംസ്ഥാന പ്രസിഡന്റ് വി കുഞ്ഞാലി അധ്യക്ഷനായി. ജന.സെക്രട്ടറി ഷംസാദ് റഹിം, ജെഡിയു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ ടി ശ്രീധരന്‍, മലപ്പുറം ജില്ലാ സെക്രട്ടറി അലിപുല്ലിത്തൊടി, വിദ്യാര്‍ഥി ജനതാ സംസ്ഥാനസെക്രട്ടറി ദാനിഷ് മുഹമ്മദ്, കെ പി ഫിറോസ്, എം സിദ്ധാര്‍ത്ഥന്‍, മേച്ചേരി സൈതലവി, ബക്കര്‍ കിഴിശ്ശേരി സംസാരിച്ചു.
എസ് സുനില്‍ഖാന്‍, അണിയോത്ത് മുകുന്ദന്‍, കെ ടി ദാമോദരന്‍, സി പി നരേന്ദ്രനാഥ്, സൈദ് അരീക്കോട്, അനില്‍ എം മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യുവതിയുടെ പോരാട്ടത്തിനൊടുവില്‍
ഹാഫ് കിടങ്ങഴിയില്‍ ബസ് സ്റ്റോപ്പ്മഞ്ചേരി: ബസ് സ്റ്റോപ്പ് അനുവദിക്കാനുള്ള യുവതിയുടെ നിയമ പോരാട്ടം ഒടുവില്‍ വിജയം കണ്ടു. അരീക്കോട് റോഡിലെ ഹാഫ് കിടങ്ങഴിയിലാണു പുതിയ ബസ് സ്‌റ്റോപ്പ് അനുവദിച്ചത്. ചെമ്പക്കുന്ന് പത്തിരിക്കാലന്‍ ഇബ്രാഹീമിന്റെ മകള്‍ ജംഷീനയുടെ പരാതിയുടെ ഫലമായാണ് ബസ്‌സ്റ്റോപ്പിന് അനുമതിയായത്. ഹാഫ് കിടങ്ങഴിയില്‍ നിന്നു ബസ് കിട്ടാന്‍ 400 മീറ്റര്‍ നടന്ന് പുല്ലൂരിലോ 700 മീറ്റര്‍ താണ്ടി കിടങ്ങഴിയിലോ എത്തണം. ഈ പ്രയാസം കണ്ട് ജംഷീന ബസ്സുകളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തിരുന്നില്ല. തുടര്‍ന്നാണു പോലിസ്, ആര്‍ടിഒ എന്നിവര്‍ക്ക് 2016 നവംബര്‍ 28 ന് പരാതി നല്‍കിയത്. ഇതിന് പുറമെ കൗണ്‍സിലര്‍ ഷീബാ രാജന്റെ സഹായത്തോടെ 1,834 പേര്‍ ഒപ്പിട്ട നിവേദനവും നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ അധികൃതര്‍ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ദൂരം അളന്നു. ആവശ്യപ്പെട്ട പ്ലാനും ജംഷീന തന്നെ നല്‍കി. തുടര്‍ന്നാണ് ആര്‍ടിഒ ബസ് സ്‌റ്റോപിന് ഉത്തരവിട്ടത്. ബസ്‌സ്റ്റോപ് നിര്‍മിക്കാന്‍ മഞ്ചേരി കസവുകേന്ദ്ര മുന്നോട്ടുവന്നിട്ടുണ്ട്.  നിര്‍മാണം ഇന്നലെ ആരംഭിച്ചു.

കൃഷിക്കും ജലസേചനത്തിനും ടൂറിസത്തിനും
ഊന്നല്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്ചാലക്കുടി: കൃഷിക്കും ജലസേചനത്തിനും ടൂറിസത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 28,13,81, 770 രൂപ വരവും 27,95,63,500 രൂപ ചെലവും 18,18,270 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയില്‍ തരിശായി കിടക്കുന്നതും ജലക്ഷാമം മൂലം കൃഷി ഉപേക്ഷിക്കപ്പെട്ടതുമായ സ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പ് വരുത്തി കൃഷിയോഗ്യമാക്കുന്ന പദ്ധതി ബജറ്റില്‍ വിഭാവന ചെയ്തിട്ടിണ്ട്. ഇതിനായി രണ്ട് കോടി രൂപയും വകയിരിത്തിയിട്ടുണ്ട്. ജൈവ പച്ചക്കറി വ്യാപനത്തിന് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 50ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും. ടൂറിസ വികസന സാധ്യത ഉപയോഗപ്പെടുത്തി മാലിന്യ വിമുക്തമാക്കി അടിസ്ഥാന സൗകര്യ വികസനത്തിന് 25ലക്ഷം രൂപ ഉല്‍ക്കൊള്ളിച്ചിട്ടുണ്ട്.
മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ഗ്രീന്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ 25 ലക്ഷം രൂപയം വകയിരിത്തിയിട്ടുണ്ട്. ചാലക്കുടി പുഴ നീര്‍ത്തട വികസനത്തിന് 50ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡിയും ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനും ബ്ജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് 10ലക്ഷംരൂപയും പാലിന് സബ്‌സിഡി ഇനത്തില്‍ 15ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു അധ്യക്ഷത വഹിച്ചു.

രാസമാലിന്യം കടത്താന്‍ നിറ്റ ജലാറ്റിന് പോലിസ് സംരക്ഷണമെന്ന്ചാലക്കുടി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ നിറ്റ ജലാറ്റിന്‍ കമ്പനി പോലിസ് സംരക്ഷണത്തില്‍ കമ്പനിയില്‍ നിന്നും കടത്തുന്നത് രാസമാലിന്യങ്ങളാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. അരൂര്‍, കുമളി, ലക്കടി, കാലടി എന്നിവിടങ്ങളിലേക്കാണ് രാസമാലിന്യങ്ങള്‍ കടത്തുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി പാലക്കാടുള്ള കള്ളിയാമ്പാറയിലെ 100 ഏക്കറോളം വരുന്ന മലയിടുക്കില്‍ പതിനായിര കണക്കിന് ടണ്‍ മാലിന്യമാണ് വളമാണെന്ന വ്യാജേന കമ്പനി അടിച്ചുകൂട്ടിയതെന്നും പ്രദേശവാസികള്‍ക്ക് സത്യാവസ്ഥ ബോധ്യമായപ്പോള്‍ വാഹനം തടയുകയും പോലിസ് കേസ്സെടുത്ത് മാലിന്യങ്ങള്‍ കമ്പനിയിലേക്ക് തിരിച്ചയക്കുകയും ചെയ്തുവെന്നും ഇവര്‍ ആരോപിച്ചു.
പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ കമ്പനിക്ക് പുഴയില്‍ നിന്നും വെള്ളമെടുക്കുന്നത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വിലക്കി.  കമ്പനിയില്‍ 650 ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോക്ക് ഉണ്ടെന്നും ഇവ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ആയതിനാല്‍ ഇവ ഉല്‍പന്നമാക്കാന്‍ വെള്ളം എടുക്കാനുള്ള അനുമതി വേണമെന്നുള്ള കമ്പനി എം.ഡി.യുടെ അപേക്ഷയെ തുടര്‍ന്നാണ് കളക്ടര്‍ 20 ശതമാനം വെള്ളമെടുക്കാനുള്ള അനുമതി നല്‍കിയത്.
എന്നാല്‍ ഈ ഉത്തരവിന്റേയും ഹൈക്കോടതി നല്‍്കിയ പ്രൊട്ടക്ഷന്‍ ഉത്തരവിന്റേയും മറവില്‍  കമ്പനിയിലേക്ക് വീണ്ടും അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരികയാണിപ്പോഴെന്നും ഈ സാഹചര്യത്തിലാണ് പാരസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ കമ്പനിയിലേക്ക് കൊണ്ടുവരുന്നത് തടഞ്ഞതെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ഭാരാവഹികള്‍ അറിയിച്ചു.
അതേസമയം എന്‍.ജി.ഐ.എല്‍ കമ്പനിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും അക്രമപ്രവര്‍ത്തികള്‍ നടത്തുന്നതായി കമ്പനി ഭാരാവഹികള്‍ ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും പുഴയില്‍ നിന്നും 25 ശതമാനം വെള്ളമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ എന്‍.ജി.ഐ.എല്‍.കമ്പനിക്ക് ഇരുപത് ശതമാനം മാത്രം വെള്ളമെടുക്കാനാണ് ജില്ലാ കളക്ടര്‍ അനുമതി നല്‍്കിയത്.
എന്നാല്‍ അനുവദനീയമായിട്ടുള്ള വെള്ളമെടുക്കുന്നതും ആക്ഷന്‍ കൗണ്‍സില്‍ തടസ്സപ്പെടുത്തിയിരിക്കായാണെന്നും ഇവര്‍ ആരോപിച്ചു. പുഴയില്‍ നിന്നും കമ്പനിയുടെ പമ്പ് ഹൗസിലേക്ക് ഒഴുകി വരുന്ന നീരൊഴുക്ക് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ബണ്ട് കെട്ടി തടസ്സപെടുത്തിയിരിക്കുകയാണ്.
പുഴയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പാദനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാതിരിക്കാനും 400ഓളം വരുന്ന ജീവനക്കാരെ ലേ-ഓഫ് ചെയ്യുന്നത് ഒഴിവാക്കാനുമായാണ് 20ശതമാനം വെള്ളം ജൂലൈ മാസം വരെ എടുക്കുവാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. കമ്പനിയേക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ ആക്ഷണ്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണ്.
ഹൈക്കോടതി ഉത്തരവ് പ്രകാരം അസംസ്‌കൃത വസ്തുക്കളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന് പോലിസ് സംരക്ഷണം നല്‍കണമെന്നിരിക്കെ ഇവ തടയുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും അവര്‍ ആരോപിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം 20 ശതമാനം വെള്ളമെടുത്ത് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് അസംസ്‌കൃത വസ്തുക്കള്‍ തടയുന്നതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day