World

1915ല്‍ അര്‍മേനിയയില്‍ നടന്നത് വംശഹത്യയെന്ന് ജര്‍മനി

ബെര്‍ലിന്‍: ഒന്നാം ലോകയുദ്ധകാലത്ത് (1915) തുര്‍ക്കിയിലെ ഉസ്മാനിയ സാമ്രാജ്യം അര്‍മേനിയയില്‍ നടത്തിയത് വംശഹത്യയെന്ന് ജര്‍മനി. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ഹിതപരിശോധനയ്ക്കു ശേഷമാണ് ജര്‍മനി ഇക്കാര്യം പ്രഖ്യാപിച്ചത്. ജര്‍മനിയുടെ പുതിയ നീക്കം തുര്‍ക്കിയെ ചൊടിപ്പിച്ചു.
പ്രഖ്യാപനത്തെത്തുടര്‍ന്ന് ബെര്‍ലിനിലെ തുര്‍ക്കി അംബാസഡറെ തിരിച്ചുവിളിക്കുന്നതായി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പ്രഖ്യാപിച്ചു. ശാസ്ത്രകാരന്മാരും ചരിത്രകാരന്മാരുമാണ് വംശഹത്യയാണോ അല്ലയോ എന്ന കാര്യത്തില്‍ നിഗമനത്തിലെത്തേണ്ടതെന്നും അല്ലാതെ ഒരു കൂട്ടം രാഷ്ട്രീയക്കാരല്ലെന്നും ഉപപ്രധാനമന്ത്രി നുമാന്‍ കുര്‍തുല്‍മുസ് ട്വിറ്ററില്‍ കുറിച്ചു. ഇത് അനാവശ്യമാണ്. ഹിതപരിശോധന തങ്ങള്‍ അംഗീകരിക്കില്ലെന്നും തുര്‍ക്കി പ്രതികരിച്ചു.
1915ലെ സംഭവത്തില്‍ നിരവധി അര്‍മേനിയക്കാര്‍ മരിച്ചുവെന്നത് ശരിയാണ്. റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശവും ഇവിടെയുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലും മരണം സംഭവിച്ചിട്ടുണ്ടെന്ന കാര്യം തുര്‍ക്കി അംഗീകരിക്കുന്നു. എന്നാല്‍, അതിനെ വംശഹത്യയായി കാണാനാവില്ല. ഇക്കാര്യം നിര്‍ണയിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള കമ്മീഷനെ നിയോഗിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. 15 ലക്ഷത്തോളം അര്‍മേനിയക്കാരെ ഉസ്മാനിയ സാമ്രാജ്യം കൊലപ്പെടുത്തിയെന്നാണ് ആരോപണമെങ്കിലും തുര്‍ക്കി ഇതു നിഷേധിക്കുന്നു. ഉസ്മാനിയ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അര്‍മേനിയ. 1915ലുണ്ടായത് യഥാര്‍ഥത്തില്‍ ആഭ്യന്തരയുദ്ധമാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കലിന്റെ ഭരണസഖ്യവും പ്രതിപക്ഷ കക്ഷികളും സംയുക്തമായി നടത്തിയ വോട്ടെടുപ്പില്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്തു വോട്ട് ചെയ്തത്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറയ്ക്കാന്‍ തുര്‍ക്കിയുമായുണ്ടാക്കിയ ധാരണയെയും ജര്‍മനിയുടെ പുതിയ നീക്കം ബാധിച്ചേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it